- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധീരജിന്റെ കൊലയാളികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് കെസി വേണുഗോപാൽ; സംഭവത്തിന്റെ പേരിൽ സംസ്ഥാനമൊട്ടാകെ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കണം; ബിജെപിയും എസ്ഡിപിഐയും നടത്തിയ അരുംകൊലകളിൽ സിപിഎം ഇങ്ങനെ പ്രതികരിച്ചിട്ടില്ല; സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎം കാണിക്കണമെന്നും വിമർശനം
തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് എഐസിസി ജന. സെക്രട്ടറി കെസി വേണുഗോപാൽ. എന്നാൽ സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തൊട്ടാകെ സിപിഎം- എസ്എഫ്ഐ പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും കോൺഗ്രസിനുമേൽ കുതിര കയറാമെന്ന് കരുതരുതെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.
സംഭവം അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമാണ്. സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും വേണം. അക്കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായ നിലപാടാണ് കോൺഗ്രസിന്റേത്. അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ.എസ്.യുവും യൂത്ത് കോൺഗ്രസും. ഓരോ മരണവും സൃഷ്ടിക്കുന്ന വേദനയെ ഒരേ അർത്ഥത്തിൽ, അതേ അളവിൽ കോൺഗ്രസ് ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് സിപിഎം കോൺഗ്രസ് പ്രവർത്തകരെ കൊന്നുതള്ളിയപ്പോഴൊന്നും സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനോ സിപിഎം ഓഫിസുകൾ തകർക്കാനോ കോൺഗ്രസ് പ്രവർത്തകർ തയ്യാറായിരുന്നില്ല. നിയമപരമായ വഴിയിലൂടെ മാത്രമാണ് ഞങ്ങൾ നേരിട്ടത്. ഇടുക്കിയിലെ സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്യു ഓഫിസുകളും കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിക്കുന്ന വാർത്ത പുറത്തുവരികയാണ്. പ്രവർത്തകരെ കയറൂരിവിടുന്ന സിപിഎം സമീപനം അപലപനീയമാണ്, അവസാനിപ്പിക്കണം. ബിജെപി, എസ്ഡിപിഐ പ്രവർത്തകർ സിപിഎം പ്രവർത്തകരെ അരുംകൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോർക്കണം. കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസിന്റെ മേൽ കുതിര കയറാമെന്ന് സിപിഎം കരുതരുത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎം കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇടുക്കി എഞ്ചിനീയറിങ് കോളജിലുണ്ടായ സംഘർഷത്തിൽ കണ്ണൂർ സ്വദേശിയായ ധീരജ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സംഭവം അത്യന്തം ദൗർഭാഗ്യകരവും അപലപനീയവുമാണ്. അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ.എസ്.യുവും യൂത്ത് കോൺഗ്രസുമെന്നത് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയ്ക്കറിയാം.
പയ്യന്നൂരിലെ സജിത് ലാൽ മുതൽ ശരത് ലാലും കൃപേഷും ഉൾപ്പെടെ നിരവധി യുവ പോരാളികളെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് സിപിഎമ്മിന്റെ ചോരക്കൊതി കൊണ്ടായിരുന്നു. അപ്പോഴെല്ലാം നിയമപരമായ വഴിയിലൂടെ മാത്രമാണ് ഞങ്ങൾ നേരിട്ടത്. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനോ സിപിഎം ഓഫിസുകൾ തകർക്കാനോ കോൺഗ്രസ് പ്രവർത്തകർ തയ്യാറായിരുന്നില്ല.
ഇടുക്കിയിലെ സംഭവത്തിന്റെ പേരിൽ സംസ്ഥാനത്തുടനീളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ എസ് യു ഓഫിസുകളും കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിക്കുന്ന വാർത്ത പുറത്തുവരികയാണ്. പ്രവർത്തകരെ കയറൂരിവിടുന്ന സിപിഎം സമീപനം അപലപനീയമാണ്, അവസാനിപ്പിക്കണം. ബിജെപി, എസ് ഡി പി ഐ പ്രവർത്തകർ സിപിഎം പ്രവർത്തകരെ അറുംകൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോർക്കണം. കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുന്ന കോൺഗ്രസിന്റെ മേൽ കുതിര കയറാമെന്ന് സിപിഎം കരുതരുത്. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎം കാണിക്കണം.
എറണാകുളം മഹാരാജാസിലും കണ്ണൂർ തളിപ്പറമ്പിലും കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലും കൊല്ലത്തും മലപ്പുറത്തും ഉണ്ടായ സിപിഎം-എസ്എഫ്ഐ അക്രമ സംഭവങ്ങൾ അപലപനീയമാണ്.
ഓരോ മരണവും സൃഷ്ടിക്കുന്ന വേദനയെ ഒരേ അർത്ഥത്തിൽ, അതേ അളവിൽ കോൺഗ്രസ് ഉൾക്കൊള്ളുന്നു. ഈ നിർഭാഗ്യകരമായ സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും വേണം. അക്കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായ നിലപാടാണ് കോൺഗ്രസിന്റേതെന്ന് അടിവരയിട്ടു പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ