മോദിയും അമിത്ഷായും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാറിന്; രണ്ടുതവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിതെന്നും ഷാഫി പറമ്പിൽ; ഇന്ധനവില വർദ്ധനവിൽ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ ചർച്ചയായത് ജോജു വിഷയം; പ്രതിപക്ഷം ഇറങ്ങിപ്പോയി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. മോദിയും അമിത്ഷായും കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരികൊടുക്കുന്ന പണിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് നോട്ടീസ് നൽകികൊണ്ട് ഷാഫി പറമ്പിൽ ആരോപിച്ചു. സിപിഎം ഇപ്പോൾ കോൺഗ്രസിനെ വിമർശിക്കുന്നത് ബിജെപിക്കെതിരായ ജനരോഷം തിരിച്ചുവിടാൻ. 110 രൂപയ്ക്ക് എണ്ണ അടിക്കുമ്പോൾ 66 രൂപ നികുതി നൽകേണ്ട ഗതികേടിലാണ് ജനങ്ങളെന്നും ഷാഫി നിയമസഭയിൽ പറഞ്ഞു.
ഇന്ധനവില വർദ്ധിക്കുമ്പോൾ നികുതി കുറയ്ക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെതിരെയും ഷാഫി സഭയിൽ കത്തിക്കയറി. രണ്ടുതവണ നികുതി കുറച്ച മനുഷ്യത്വമുള്ള മുഖ്യമന്ത്രി ഭരിച്ച നാടാണിത്. നാല് തവണയായി 6000 കോടി വേണ്ടെന്ന് വച്ച മാതൃകയുണ്ട്- ഷാഫി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇപ്പോൾ നികുതി ഭീകരത. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ല. നികുതി നിശ്ചയിക്കുന്നത് സർക്കാരാണ്, എണ്ണ കമ്പനികളല്ലെന്നും അദ്ദേഹം പറഞ്ഞു.
സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയ നോട്ടീസ് നൽകിയതിനെ തുടർന്നുള്ള ചർച്ചയിൽ ജോജു വിഷയവും ചർച്ചയായി. നോട്ടീസുമായ വന്ന പ്രതിപക്ഷത്തെ അടിക്കാനുള്ള വടിയായി ജോജു വിഷയത്തെ ഭരണപക്ഷം ഉപയോഗിച്ചു. ജോജുവിനെ 'തറ ഗുണ്ട' എന്ന് വിശേഷിപ്പിച്ച കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അക്രമസമരം നടത്തുന്ന സിപിഎം കോൺഗ്രസിനെ സമരം ചെയ്യാൻ പഠിപ്പിക്കാൻ വരണ്ടെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് മറുപടി നൽകി. കൊച്ചിയിൽ എന്തിന് വേണ്ടിയായിരുന്നു സമരമെന്ന് ജനങ്ങൾ വിലയിരുത്തട്ടെ. ഏത് സാഹചര്യത്തിലാണ് ബഹളമുണ്ടായതെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഈ നിലയിലുള്ള ഇന്ധനവില വർദ്ധനവ് രാജ്യത്ത് ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും അതിനെതിരായ പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കണമെന്നും ധനമന്ത്രി കെഎൻ ബാലഗോപാലും പറഞ്ഞു. ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബാലഗോപാൽ പ്രതികരിച്ചത്. രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ 130 കടന്നു. ഇന്ധന വില നിർണ്ണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സർക്കാരാണ്. അത് എൻഡിഎ തുടർന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തിൽ അഞ്ച് വർഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഉമ്മൻ ചാണ്ടി നികുതി വേണ്ടെന്ന് വെച്ചുവെന്ന പരാമർശത്തിനെതിരെ കണക്കുകളുമായി ധനമന്ത്രി രംഗത്ത് വന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് മൂന്ന് തവണ നികുതി കുറച്ചപ്പോൾ 620 കോടി നഷ്ടമായി. പക്ഷെ 13 തവണ നികുതി വർധിപ്പിച്ച് അന്നത്തെ സർക്കാർ നാലിരട്ടി നേട്ടമുണ്ടാക്കി. അഞ്ച് വർഷമായി സംസ്ഥാനത്ത് ഇന്ധനത്തിന് നികുതി കൂട്ടിയിട്ടില്ല. ഈ സർക്കാരും നികുതി കൂട്ടിയിട്ടില്ല. വില നിർണ്ണയാധികാരം കമ്പനികൾക്ക് വിട്ടു കൊടുത്തത് കോൺഗ്രസാണ്. പല സംസ്ഥാനങ്ങളിലും നികുതിയും വിലയും കേരളത്തേക്കാൾ കൂടുതലാണ്.
അധിക നികുതിയിൽ നിന്ന് കേന്ദ്രത്തിന് മൂന്ന് ലക്ഷം കോടി വരുമാനമുണ്ട്. അത് സംസ്ഥാനങ്ങൾക്ക് പങ്കുവെക്കുന്നില്ല. വാദത്തിനിടെ നടൻ ജോജുവിന്റെ വിഷയവും ധനമന്ത്രി ഉയർത്തി. താരത്തെ തടഞ്ഞത് ആരെന്ന് ചോദിച്ച ധനമന്ത്രി മദ്യപിച്ചെന്ന് പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും ക്ലിഫ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച വനിതക്ക് ഒന്നും സംഭവിച്ചില്ലെന്നും പറഞ്ഞു. ഇന്ധന വില വർധനയിലൂടെ സംസ്ഥാന സർക്കാരിന് കിടുന്ന അധിക വരുമാനത്തിൽ നിന്ന് സബ്‌സിഡി നൽകണമെന്ന ആവശ്യം പ്രതിപക്ഷ നേതാവും ഉന്നയിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ സഭ വിട്ട് പുറത്തേക്ക് പോയി.
അതിനിടെ ഇന്നു തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ വില കൂട്ടി 35 പൈസ. ഡീസൽ വിലയിൽ മാറ്റമില്ല. പെട്രോളിനും ഡീസലിനും ഇന്നലെ 35 പൈസ വീതം കൂട്ടിയിരുന്നു. കേരളത്തിൽ എല്ലായിടത്തും പെട്രോൾ വില 110 രൂപ കടന്നു. ഡീസലിന് കൊച്ചിയിൽ 103.92 രൂപയും തിരുവനന്തപുരത്ത് 105.35 രൂപയുമായി. സെപ്റ്റംബർ 24നു ശേഷം ഡീസലിന് 9.83 രൂപയും പെട്രോളിന് 8.15 രൂപയും കൂട്ടി. ഇക്കാലയളവിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണു വില വർധിക്കാതിരുന്നത്. ഇതോടെ നിത്യോപയോഗ സാധനങ്ങൾക്കും പലയിടത്തും വില കൂടി.
ഈ വർഷം ഇതുവരെ ഗാർഹിക സിലിണ്ടറിന് 205.50 രൂപയും വാണിജ്യ സിലിണ്ടറിന് 675 രൂപയുമാണ് വർധിച്ചത്. വാണിജ്യ സിലിണ്ടർ വില കഴിഞ്ഞ മാസം 15 രൂപ കൂട്ടിയിരുന്നു. സെപ്റ്റംബറിൽ ഇവയ്ക്കും ഗാർഹിക സിലിണ്ടറുകൾക്കും 25 രൂപ വീതമായിരുന്നു വർധന. ഗാർഹിക സിലിണ്ടറിനു നിലവിൽ 906.50 രൂപയാണു വില.
മറുനാടന് മലയാളി ബ്യൂറോ