തിരുവനന്തപുരം: കേരളം ആരു പിടിക്കും... ഈ ചോദ്യത്തിനുള്ള വിധിയെഴുത്ത് നാളെയാണ്. എല്ലാ മുന്നണികളും ശുഭപ്രതീക്ഷയിൽ. കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഭരണതുടർച്ച നേടിയാൽ പോലും അത് സിപിഎമ്മിന് വലിയ നേട്ടമാകും. ഭരണം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന്റെ അനിവാര്യതയും. ഇതിനെല്ലാം അപ്പുറത്തേക്ക് ബിജെപിയുടെ വോട്ടുകളും സീറ്റുകളും എത്രയെന്ന് അറിയാനുള്ള രാഷ്ട്രീയ ആകാംഷ. മത-സമുദായ സമവാക്യങ്ങളിലാണ് എല്ലാവരുടേയും പ്രതീക്ഷ. ഇത് അനുകൂലമാക്കുന്നവർ അന്തിമ വിജയികളാകും. കേരളത്തിന്റെ ക്യാപ്ടൻ ആരെന്ന് അറിയാനുള്ള ആകാംഷയിലാണ് കേരളം.

മാറി മാറി വരുന്ന ഭരണം. അതാണ് കേരളത്തിന്റെ പതിവ് രീതി. എൺപതുകൾക്ക് ശേഷം ഈ രാഷ്ട്രീയ ഉത്തരമാണ് എല്ലാ തെരഞ്ഞെടുപ്പും നൽകിയത്. എന്നാൽ ഇന്ന് തുടർഭരണമെന്ന വാചകം ഏറ്റവും അധികം ചർച്ചയാക്കുന്നു. സർവ്വേകളിലും മറ്റും അത് മാത്രമാണ് നിറയുന്നത്. പിണറായി ഭരണം ഉറപ്പായും വരുമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ഇടതുപക്ഷം. അവസാന മണക്കൂറിൽ രാഹുൽ ഗാന്ധി നിറച്ച ആവേശം വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. മലബാറിനേയും തിരുവനന്തപുരത്തേയും ഇളക്കി മറിക്കാൻ രാഹുലിന് ആയി എന്നാണ് വിലയിരുത്തൽ. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് സിപിഎം പ്രതീക്ഷ. ഇ ശ്രീധരൻ അടക്കമുള്ളവരുടെ വരവിലാണ് ബിജെപി അധികാര സ്വപ്‌നങ്ങൾ നെയ്യുന്നത്. എന്നാൽ ബിജെപിക്ക് അധികാരം പിടിക്കാനാകുമെന്ന് ആരും കരുതുന്നില്ല. എന്നാൽ തൂക്കു നിയമസഭയുടെ സാഹചര്യം സൃഷ്ടിക്കാൻ ബിജെപിക്ക് കഴിയുമെന്നതാണ് വസ്തുത.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളത്തിൽ ഉടനീളം. ലീഗ് കോട്ടകളിൽ ഒഴിച്ച് ബാക്കി എല്ലായിടത്തും എന്തും സംഭവിക്കാം. നേമത്തെ കോട്ട ബിജെപിക്ക് നഷ്ടമാകുമോ എന്നതും ഉയരുന്ന ചോദ്യം. അതിശക്തമായ ത്രികോണ മത്സരാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ എത്തിയതാണ് ഇതിന് കാരണം. ബിജെപിയുടെ കുമ്മനം രാജശേഖരന് പാർട്ടിയുടെ സിറ്റിങ് സീറ്റിൽ മികവ് തുടരാനാകുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ലെന്ന് ബിജെപിയും പറയുന്നു. അങ്ങനെ നേമത്തിലാണ് ഏറ്റവും കൂടുതൽ ശ്രദ്ധ. ബിജെപിയുടെ അക്കൗണ്ട് ശിവൻകുട്ടി പൂട്ടിക്കുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ.

ക്യാപ്ടനെ ചൊല്ലിയുണ്ടായ വിവാദങ്ങൾ സിപിഎമ്മിൽ പോലും ചർച്ചയാണ്. പി ജയരാജൻ അടക്കമുള്ളവർ ക്യാപ്‌നാണ് പാർട്ടിയെന്ന് പറഞ്ഞു. ഇതിനെ പിണറായിയും അംഗീകരിച്ചു. പക്ഷേ ഈ പ്രശ്‌നങ്ങൾ സിപിഎമ്മിൽ പുതിയ വിഭാഗീയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിച്ചു. വ്യക്തിയാരാധനയിലേക്ക് സിപിഎം കടക്കുന്നുവെന്ന വിമർശനവും ശക്തമാണ്. ഈ പ്രതികരണങ്ങളിൽ കൂടുതൽ പ്രതീക്ഷ കാണുന്നത് കോൺഗ്രസാണ്. സിപിഎമ്മിലെ വിഭാഗീയതയും വോട്ടായി മാറുമെന്ന് അവർ കരുതുന്നു. ഏതായാലും അതിശക്തമായ മത്സരമാണ് ഇത്തവണ കേരളത്തിലുണ്ടായത്. സൈബർ സ്‌പെയ്‌സിന്റെ സാധ്യതകൾ എല്ലാ കൂട്ടരും വോട്ടാക്കി മാറ്റി.

ആഴക്കടലും കെ എസ് ഇ ബിയിലെ അദാനി കരാറും അടക്കമുള്ള ചർച്ചകളാണ് പ്രചരണത്തിന്റെ അവാസന നാൾ ശ്രദ്ദേയമാക്കിയത്. തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതും വിവാദ കൊടുങ്കാറ്റായി. തലശ്ശേരിയിൽ ആരു ജയിച്ചാലും വോട്ട് കച്ചവടത്തിന്റെ കഥ തോറ്റവർ പറയും. എല്ലാ മണ്ഡലങ്ങളിലും ഇത്തരം ആരോപണം ഉയരാൻ സാധ്യതയും ഏറെയാണ്. കേവല ഭൂരിപക്ഷമായ 71 സീറ്റ് മറികടക്കാനുള്ള കരുത്ത് ഉണ്ടാകുമെന്ന് യുഡിഎഫും എൽഡിഎഫും പറയുമ്പോൾ തൂക്കു നിയമസഭയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് ബിജെപിയുടെ പ്ലാൻ.

അഞ്ച് സീറ്റിൽ ജയമാണ് ബിജെപി ക്യാമ്പിന്റെ കുറഞ്ഞ പ്രതീക്ഷ. അത് വളർന്ന് 35വരെ വരെ പോകുന്നുണ്ട്. സാമുദായിക സമവാക്യങ്ങൾ അനുകൂലമാണെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ക്രൈസ്തവ സഭകളുടെ ഇടത് ബിജെപി വിരുദ്ധ പ്രഖ്യാപനങ്ങൾ പ്രതീക്ഷയാണ്. വികസനം ചർച്ചയാക്കി ഭരണ തുടർച്ചയാണ് സിപിഎം ക്യാമ്പ് പദ്ധതി ഇടുന്നത്. 50 വീതം മണ്ഡലങ്ങളിൽ ഉറച്ച പ്രതീക്ഷ ഇരുമുന്നണികളും പുലർത്തുമ്പോൾ ബാക്കി 40 മണ്ഡലങ്ങളിലെ വിധി നിർണായകമാകും. ബിജെപി എത്രമാത്രം വോട്ട് പിടിക്കുമെന്ന് ആർക്കും അറിയില്ല. ഓരോ മണ്ഡലത്തിലേയും അടിയൊഴുക്കുകളാണ് ഇതിൽ നിർണ്ണായകമാകുക. അതുകൊണ്ട് തന്നെ മിക്കയിടത്തും തീപാറും ത്രികോണ ചൂടാണ്. 40-45 മണ്ഡലങ്ങളിൽ മുന്നണികൾക്കു തന്നെ വെല്ലുവിളി ഉയർത്തുന്നു.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും നരേന്ദ്ര മോദി ആവേശം ഉയർത്തിയതിനു പിന്നാലെ അമിത് ഷാ ഇന്നു രണ്ടാംഘട്ട പര്യടനത്തിന് എത്തുന്നു. യുഡിഎഫിനു വേണ്ടി രാഹുൽ ഗാന്ധി വീണ്ടും പടയോട്ടം നടത്തും. മുഖ്യമന്ത്രിയെ മാറ്റി നിർത്തിയാൽ നാടിളക്കാൻ കഴിയുന്ന താരപ്രചാരകരില്ല എന്നതാണ് സിപിഎമ്മിന്റെ വെല്ലുവിളി. വി എസ് അച്യുതാനന്ദന്റെ അഭാവം സിപിഎമ്മിനെ കുഴക്കുന്നുണ്ട്. തുടർഭരണ ചർച്ചകളും സർവേകളും ആദ്യ രണ്ടു ഘട്ടത്തിൽ ഇടതുമുന്നണിക്ക് മുൻതൂക്കം നൽകിയപ്പോൾ സർക്കാരിനെ പ്രതിരോധത്തിൽ നിർത്തിയ ആഴക്കടലിലും വോട്ട് ഇരട്ടിപ്പിക്കലിലും കോൺഗ്രസ് പ്രതീക്ഷ കാണുന്നു. ജയിക്കാൻ തന്നെയാണ് ശ്രമമെന്ന തരത്തിൽ ബിജെപി മുന്നോട്ടു വന്നതോടെ മുന്നണികൾക്കു മുൻതൂക്കം അവകാശപ്പെടാൻ കഴിയാത്ത സ്ഥിതിയാണ്.

കഴിഞ്ഞ തവണ കൂടുതൽ സീറ്റ് നേടിയ 11 ജില്ലകളിൽ കണ്ണൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ 8 ജില്ലകളും ഇത്തവണ കോട്ടയവും കൂടെ നിൽക്കുമെന്നു സിപിഎം കരുതുന്നു. ജോസ് കെ മാണിയുടെ വരവാണ് ഈ പ്രതീക്ഷയ്ക്ക് കാരണം. എന്നാൽ കൊല്ലത്തും ആലപ്പുഴയിലും കാര്യങ്ങൾ കഠിനമാണെന്നതാണ് വസ്തുത.അതായത് ഒൻപത് ജില്ലകളിൽ സിപിഎം മുൻതൂക്കം പ്രതീക്ഷിക്കുന്നു. തൃശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. കൊല്ലത്തും ആലപ്പുഴയിലുമായുള്ള 20 സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. ഒറ്റ സീറ്റ് മാത്രമുള്ള തൃശൂരിൽ 6 വരെ ഉയർത്താമെന്നും കരുതുന്നു. 2016 ൽ എറണാകുളം, കോട്ടയം, മലപ്പുറം ജില്ലകൾ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. കോഴിക്കോട്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ 2016 നെക്കാൾ സ്ഥിതി മെച്ചപ്പെടുമെന്നും കണക്കുകൂട്ടുന്നു.

തിരുവനന്തപുരം, തൃശൂർ, കാസർകോട്, പാലക്കാട് ജില്ലകളിലാണ് എൻഡിഎയുടെ പ്രതീക്ഷ. സ്വന്തം വോട്ടുകൾ നഷ്ടപ്പെടാതെ എൻഡിഎയുടെ വോട്ടു വിഹിതം 18-20% ആക്കുക എന്നതാണു ലക്ഷ്യം. അതുവഴി 5 സീറ്റ് വരെ ജയിക്കാമെന്നും അവകാശപ്പെടുന്നു. നേമവും വട്ടിയൂർക്കാവും കഴക്കൂട്ടവും തിരുവനന്തപുരവും പാലക്കാടും മലമ്പുഴയും കോന്നിയും തൃശൂരും മഞ്ചേശ്വരവുമാണ് അവരുടെ പ്രധാന പ്രതീക്ഷകൾ.