- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തണ്ണീർത്തടങ്ങളിൽ വന്ന വിസ്തൃതിയുടെ കുറവ്; സംസ്ഥാനത്ത് പുഴയില്ലാത്തിടത്തും പ്രളയം വരുന്നത് സുരക്ഷിതമല്ലാത്ത ഭാവിയുടെ സൂചന; കേരളം സുരക്ഷിതമേഖലയല്ലാതാകുന്നുവെന്ന് പഠനം
കോട്ടയം: പുഴയില്ലാത്തിടത്തും പ്രളയം വന്നതോടെ കേരളം സുരക്ഷിതമേഖല (സേഫ് സോൺ) അല്ലാതാകുന്നു. തുടർച്ചയായ ന്യൂനമർദങ്ങളും അതുണ്ടാക്കുന്ന തീവ്രമഴയും കാലാവസ്ഥാവ്യതിയാനത്തോടെ പതിവായതാണ് ഒരുകാരണം. ഏതുമഴക്കാലത്തെ വെള്ളവും സ്വീകരിച്ചു നിർത്താനുള്ള തണ്ണീർത്തടങ്ങളുടെ വിസ്തൃതിയിൽവന്ന കുറവ് അപകടം രൂക്ഷമാക്കി.ഒപ്പം താത്കാലികമായി വെള്ളം പിടിച്ചുനിർത്താനുള്ള ഇടം കുറയുന്നത് അപകടം കൂട്ടുന്നു.
പുഴയുടെ സാമീപ്യമില്ലാത്ത സ്ഥലങ്ങളിലും വെള്ളമൊഴിഞ്ഞുപോകാൻ സഹായിക്കുന്നത് തോടുകളും പാടങ്ങളുമാണ്. ഇവ പുഴകളുമായും അവസാനം കടലുമായും ബന്ധപ്പെടുന്ന ചങ്ങലയുടെ ഇങ്ങേയറ്റമാണ്. ഇതിൽ ഗണ്യമായ കുറവ് വരുന്നതോടെ ലഭ്യമായ ഇടങ്ങളിൽ ജലം
കെട്ടിനിൽക്കും. ഇത് ജനവാസകേന്ദ്രമാകാം. കേരളത്തിൽ എട്ടുലക്ഷം ഹെക്ടർ വയലുണ്ടായിരുന്നത് രണ്ടുലക്ഷമായത് ജലത്തിന്റെ സ്വാഭാവിക ഇടം കുറച്ചു. സമീപദിനങ്ങളിൽ അടൂർ, പള്ളിക്കത്തോട്, പൂവന്മല, കലഞ്ഞൂർ, പുനലൂർ തുടങ്ങിയ താരതമ്യേന ഉയർന്ന പ്രദേശങ്ങളിൽവരെ വെള്ളപ്പൊക്കമുണ്ടായത് ഇതിന്റെ സൂചനയാണ്
സംസ്ഥാനസർക്കാർ നദീപുനരുജ്ജീവനപദ്ധതി തുടങ്ങിയത് കാലാവസ്ഥാവ്യതിയാന മുന്നറിയിപ്പുകളെത്തുടർന്നാണ്. 17,182 കിലോമീറ്ററിൽ കേരളത്തിലെ തോടുകൾ 2016-'18 കാലത്ത് പുനരുജ്ജീവിപ്പിച്ചിരുന്നു. വരട്ടാർ, വരാൽച്ചാൽ, മീനന്തറയാർ തുടങ്ങിയ മികച്ച ആദ്യപദ്ധതികൾ ശ്രദ്ധ നേടി. പക്ഷേ, പിന്നീട് ഇത് നിലച്ചുപോയിരിക്കുന്നു. തരിശുപാടങ്ങളുടെ വീണ്ടെടുപ്പും ഇപ്പോൾ മന്ദഗതിയിലാണ്. പുഴയില്ലാത്ത ഇടങ്ങളിൽ കൈയേറ്റത്തിന് വിധേയമായ തോടുകൾ ദിശമാറി കരയിലേക്ക് ഒഴുകിയതാണ് അപകടം വിതച്ചത്.
കേരളത്തിന്റെ ഒരു പ്രത്യേകപ്രദേശം സേഫ് ആണെന്നുപറയാൻ പറ്റാതെ വരുന്നു. ഭൂമിയുടെ വിനിയോഗത്തിലുണ്ടായ വലിയ മാറ്റങ്ങൾ കാലാവസ്ഥാവ്യതിയാനംമൂലമുള്ള അതിവർഷത്തിൽ അപകടം കൂട്ടുന്നു. ജാഗ്രത ഏറെവേണ്ട കാലമാണിതെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
മറുനാടന് മലയാളി ബ്യൂറോ