- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയം വീണ്ടും ചർച്ചയാക്കിയ ആത്മവിശ്വാസത്തിൽ യുഡിഎഫ്; പിൻവാതിൽ നിയമനത്തിലെ യുവരോഷം പണിയാകുമെന്ന് ഭയന്ന് സർക്കാറും; ഇപ്പോൾ തെരഞ്ഞെടുപ്പു നടത്തിയാൽ സർക്കാറിന് തിരിച്ചടി ഉറപ്പ്; തിരഞ്ഞെടുപ്പ് ഉടൻ വേണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ പിണറായി
തിരുവനന്തപുരം: കോവിഡ് രൂക്ഷമായിരിക്കുമ്പോഴാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാന സർക്കാറിന്റെ പിടിവാശി കൂടിയായിരുന്നു ഈ വിഷയത്തിൽ നിഴലിച്ചു കണ്ടതും. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നേട്ടമുണ്ടാക്കാൻ ഇടതുമുന്നണിക്ക് സാധിക്കുകയും ചെയ്തു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ വ്യത്യസ്തമാണ്. യുഡിഎഫ് ആത്മവിശ്വാസം വീണ്ടെടുത്തു കഴിഞ്ഞു. ഉമ്മൻ ചാണ്ടി നേതൃത്വത്തിലേക്ക് വന്നതും യുഡിഎഫ് ഒറ്റക്കെട്ടായി വിഷയങ്ങളെ നേരിടുകയും ചെയ്തതോടെ ഇടതു മുന്നണിയെ തോൽപ്പിച്ചു അധികാരത്തിലെത്താമെന്ന ആത്മവിശ്വാസത്തിലേക്ക് മുന്നണിയെ എത്തിച്ചിട്ടുണ്ട്.
എന്നാൽ, മറുവശത്ത് കാര്യങ്ങൾ അത്ര പന്തിയല്ല, പിൻവാതിൽ നിയമനങ്ങളിൽ കേരളത്തിലെ യുവതിയുടെ രോഷം സർക്കാറിനെതിരെ തിരിഞ്ഞിരിക്കയാണ്. യുഡിഎഫ് ശബരിമല വിഷയം ഉയർത്തികൊണ്ടു വന്നതോടെ എൽഡിഎഫിന് മറുപടി ഇല്ലാത്ത അവസ്ഥയും വന്നു. ഈ നിലയിൽ ഇപ്പോൾ തിരഞ്ഞെടുപ്പു നടത്തിയാൽ അത് സർക്കാറിന് തുടർഭരണം ഇല്ലാതാക്കുമെന്ന് ഉറപ്പായതോടെ പിണറായി ഭയത്തിലാണ്. അതുകൊണ്ട് തന്നെ വിവാദങ്ങൾ ഒഴിവാക്കാൻ വേണ്ടി ഇപ്പോൾ സംസ്ഥാനത്തെ തെരഞ്ഞെടുപ്പു നീട്ടിവെക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെടാനാണ് സർക്കാർ നീക്കം. ഇതിന് കാരണം പറയുന്നത് കോവിഡിന്റെ പേരാണെന്ന് മാത്രം. സർക്കാറിനെതിരെ നിരവധി വിഷയങ്ങൾ നിലനിൽക്കുന്നു എന്ന ഭയത്തിലാണ് സർക്കാർ ഈ തീരുമാനത്തിലേക്ക് നീങ്ങിയതെന്ന് വ്യക്തമാണ്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ രാത്രി കേരളത്തിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരുമായി നാളെ നടത്തുന്ന ചർച്ചയിൽ ഈ ആവശ്യം ഉന്നയിക്കും. എന്നാൽ, തിരഞ്ഞെടുപ്പ് വൈകിപ്പിക്കരുതെന്നും തപാൽ വോട്ടിന്റെ പേരിൽ നടക്കാനിടയുള്ള കള്ളവോട്ടു തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നുമാകും യുഡിഎഫും ബിജെപിയും ആവശ്യപ്പെടുക. തിരഞ്ഞെടുപ്പു നീട്ടാനുള്ള സർക്കാർ നീക്കം പ്രതിപക്ഷത്തിന്റെ അവസരം നഷ്ടമാക്കുമെന്ന തിരിച്ചറിവിലാണ് കോൺഗ്രസും.
അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണെന്നു ചൂണ്ടിക്കാട്ടിയാകും തിരഞ്ഞെടുപ്പ് വൈകിപ്പിക്കണമെന്നു സർക്കാർ ആവശ്യപ്പെടുക. വ്യാപനം രൂക്ഷമായിരിക്കെ തിരഞ്ഞെടുപ്പ് നടത്തിയാൽ സ്ഥിതി കൂടുതൽ വഷളാകും. കോവിഡ് വാക്‌സീൻ വിതരണത്തെയും തിരഞ്ഞെടുപ്പ് ബാധിക്കും. കലക്ടർമാർ 2 ജോലികളും ഒരുമിച്ചു ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് മേയിലോ ജൂണിലോ നടത്തണമെന്നാകും സർക്കാർ ആവശ്യപ്പെടാൻ സാധ്യത. പരമാവധി സമയം ലഭിച്ചാൽ ഒട്ടേറെ ജനോപകാര പദ്ധതികൾ പ്രഖ്യാപിക്കാനും പരമാവധി ഉദ്ഘാടനങ്ങൾ പൂർത്തിയാക്കാനും കഴിയുമെന്നാണു സർക്കാർ കണക്കുകൂട്ടുൽ.
ചെന്നൈയിൽ നിന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും 15 അംഗ സംഘവും കേരളത്തിലെത്തിയത്. ഇന്നു രാവിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, നോഡൽ ഓഫിസർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച. വൈകിട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർമാരെ കാണും. നാളെ വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. 15നു രാവിലെ സംഘം ഡൽഹിക്കു മടങ്ങും. അവിടെയെത്തിയാൽ പ്രഖ്യാപനം വൈകില്ല. ഈ മാസം 21നു മുൻപ് പ്രഖ്യാപനവും ഏപ്രിലിൽ തിരഞ്ഞെടുപ്പും ഉണ്ടാകുമെന്നാണു സംസ്ഥാന സർക്കാർ കണക്കുകൂട്ടുന്നത്. ജൂൺ ഒന്നിനു മുൻപാണ് അടുത്ത സർക്കാർ അധികാരമേൽക്കേണ്ടത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർ, 80 വയസ്സ് കഴിഞ്ഞവർ, കോവിഡ് ബാധിതർ എന്നിവർക്കു തപാൽ വോട്ടിനു സൗകര്യമൊരുക്കാനാണ് കമ്മിഷൻ ആലോചിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലും 7,000 വോട്ടുകൾ വരെ തപാൽ മാർഗത്തിലേക്കു മാറാനുള്ള സാധ്യതയുണ്ടെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതു വ്യാപകമായ കള്ളവോട്ടിനും വോട്ട് അട്ടിമറിക്കും കാരണമാകുമെന്ന ആശങ്ക പ്രതിപക്ഷ കക്ഷികൾക്കുണ്ട്. തപാൽ വോട്ട് നേരിട്ട് എത്തിക്കാൻ ജില്ലാതലത്തിൽ പ്രത്യേക സംഘം രൂപീകരിക്കുമെങ്കിലും ഇവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കള്ളവോട്ട് രേഖപ്പെടുത്താൻ സാധ്യത ഏറെയാണെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
എന്നാൽ, 2 പോളിങ് ഓഫിസർമാർ, ഒരു പൊലീസ് സെക്യൂരിറ്റി, ഒരു വിഡിയോഗ്രഫർ എന്നിവർ സംഘത്തിലുണ്ടാകുമെന്നും സ്ഥാനാർത്ഥികളുടെ പ്രതിനിധികൾക്കും സ്ഥലത്ത് എത്താനുള്ള അവസരം ഒരുക്കുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വൃത്തങ്ങൾ പറയുന്നത്. 3 മുന്നണികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ട് ശേഖരിക്കണമെന്നും മുദ്രവച്ച ബോക്‌സിൽ ഇതു സൂക്ഷിക്കണമെന്നും കോവിഡ് ബാധിതരെ സംബന്ധിച്ചുള്ള വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾക്കു ലഭ്യമാക്കണമെന്നും യുഡിഎഫും ബിജെപിയും ആവശ്യപ്പെടും.
മറുനാടന് മലയാളി ബ്യൂറോ