- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനങ്ങൾക്കു ചട്ടമുണ്ടാക്കാൻ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം തന്നെ അധികാരം നൽകുമ്പോൾ ചട്ടഭേദഗതി കൊണ്ടുവരുന്നതു ഫെഡറൽ തത്വങ്ങളുടെ ലംഘനമല്ല; ജനങ്ങൾ കബളിപ്പിക്കപ്പെടാതിരിക്കാൻ കേരളത്തിനു നടപടിയാകാം; ലോട്ടറി ചട്ടഭേദഗതികൾ ശരിവെച്ചുള്ള ഹൈക്കോടതി വിധിയിൽ സംസ്ഥാനത്തിന് ആശ്വസം
കൊച്ചി: അന്യ സംസ്ഥാന ലോട്ടറി വിഷയത്തിൽ സംസ്ഥാനത്തിന് ഏറെ ആശ്വാസം നൽകുന്ന ഉത്തരവാണ് ഇന്നലെ ഹൈക്കോടതിയിൽ നിന്നും ഉണ്ടായത്. ഇതര സംസ്ഥാന ലോട്ടറിയുടെ കാര്യത്തിൽ സംസ്ഥാനത്തെ ജനങ്ങൾ കബളിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കേരളത്തിനു നടപടിയെടുക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കിയത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്നതായി. സംസ്ഥാനങ്ങൾക്കു ചട്ടമുണ്ടാക്കാൻ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം തന്നെ അധികാരം നൽകുമ്പോൾ ചട്ടഭേദഗതി കൊണ്ടുവരുന്നതു ഫെഡറൽ തത്വങ്ങളുടെ ലംഘനമല്ല.
നടപടി സ്വേച്ഛാപരമാണെന്നു പരാതിയുണ്ടെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാമെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലോട്ടറി വിമുക്ത മേഖലയല്ലാത്ത സംസ്ഥാനങ്ങളിൽ ഇതര സംസ്ഥാന ലോട്ടറി നിരോധിക്കാനാവില്ലെന്നു ബി. ആർ. എന്റർപ്രൈസസ് കേസിൽ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ നിയന്ത്രണം സാധ്യമാണ്. ഇതര സംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് നിയമപ്രകാരമാണോ എന്നു വിലയിരുത്താൻ ലോട്ടറി വിൽക്കപ്പെടുന്ന സംസ്ഥാനത്തിന് അധികാരമില്ലെന്നു വന്നാൽ അതു മണ്ടത്തരമാകുമെന്നു കോടതി പറഞ്ഞു.
സർക്കാരുകളുടെ വരുമാന താൽപര്യം ഉറപ്പാക്കുന്നതിനൊപ്പം പാവപ്പെട്ട ജനങ്ങളെ ചൂഷണത്തിൽ നിന്നു സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രം ലോട്ടറി നിയന്ത്രണ നിയമം കൊണ്ടുവന്നത്.
ലോട്ടറി ഇതര സംസ്ഥാനങ്ങൾ നേരിട്ടു നടത്തുന്നതാണോ, അംഗീകൃതമാണോ, അച്ചടിക്കുന്നതു സർക്കാരാണോ, അതോ മുദ്രണം മാത്രമാണോ, വരുമാനം ആർക്ക് തുടങ്ങിയ ചോദ്യങ്ങൾ പ്രസക്തമാണ്. കേന്ദ്ര നിയമ വ്യവസ്ഥകൾ നടപ്പാക്കാൻ സംഘാടക സംസ്ഥാനത്തിനു മാത്രമേ ചട്ടമുണ്ടാക്കാൻ കഴിയൂ എന്നു വരുന്നത് അസംബന്ധമാകും. ക്രമവിരുദ്ധമായ ഇത്തരം സാഹചര്യം നിയമത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതല്ലെന്നു കോടതി പറഞ്ഞു.
കേരള, ഇതര സംസ്ഥാന ലോട്ടറികളുടെ നിയന്ത്രണത്തിനുള്ള അഥോറിറ്റി, എൻഫോഴ്സ്മെന്റ് ഏജൻസി, എന്നിവയെക്കുറിച്ചാണ് കേരള പേപ്പർ ലോട്ടറി നിയന്ത്രണ ചട്ടം 2 (3എ), 2 (6എ) ചട്ടഭേദഗതികളിൽ പറയുന്നത്. വിൽപന നിയമപ്രകാരമാണോ എന്നു നിരീക്ഷിക്കാനുള്ള അധികാരം 4(5) ചട്ടത്തിൽ പറയുന്നു. ഇതര സംസ്ഥാന ലോട്ടറി സ്കീമിന്റെ രേഖകളും വിശദാംശങ്ങളും നിഷ്കർഷിക്കുന്നതാണ് 9 എ വകുപ്പ്. ലോട്ടറി നടത്തിപ്പ് കേന്ദ്രനിയമത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കാനുള്ള ഈ ചട്ട വ്യവസ്ഥകളിൽ അപാകതയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ ഇതര സംസ്ഥാന ലോട്ടറി നടത്തിപ്പിന്റെ അധികാരി നികുതി സെക്രട്ടറിയോ സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥനോ ആണെന്നു വ്യക്തമാക്കുന്നതാണ് 4(4) ചട്ട ഭേദഗതി.
2018 ൽ സംസ്ഥാനം കൊണ്ടുവന്ന ചട്ട ഭേദഗതി സിംഗിൾ ബെഞ്ച് റദ്ദാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണു ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ 12ാം വകുപ്പ് അനുസരിച്ച് ഓരോ സംസ്ഥാനത്തിനും ഇതര സംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് നിരീക്ഷിക്കാം. ഇതുപ്രകാരം സംസ്ഥാനം കൊണ്ടുവന്ന ചട്ടഭേദഗതി അധികാര പരിധി മറികടന്നുള്ളതല്ലെന്നു കോടതി വ്യക്തമാക്കി.
കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിങ് കമ്പനിയുടെ ഹർജിയിൽ സിംഗിൾ ബെഞ്ച് ചട്ടഭേദഗതികൾ റദ്ദാക്കിയതു ചോദ്യം ചെയ്താണ് അപ്പീൽ. സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ലോട്ടറി സംഘാടക സംസ്ഥാനത്തിനും വിൽക്കപ്പെടുന്ന സംസ്ഥാനത്തിനും കേന്ദ്ര നിയമങ്ങളുടെ നടത്തിപ്പ് ഉറപ്പാക്കാൻ അധികാരമുണ്ട്. ക്രമക്കേടോ നിയമലംഘനമോ ശ്രദ്ധയിൽ പെട്ടാൽ കേന്ദ്ര സർക്കാരിനും സംഘാടക സംസ്ഥാനത്തിനും റിപ്പോർട്ട് ചെയ്യാൻ കേരളത്തിനു ബാധ്യതയുണ്ടെന്നു കോടതി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ