- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡലുകളുടെ മരണത്തിലേക്ക് നയിച്ച ചീറിപ്പായലിന് പിന്നിൽ നമ്പർ 18 ഹോട്ടലിൽ നടന്ന തർക്കമോ? ഡിജെ പാർട്ടിയിലെ ദൃശ്യങ്ങൾ കണ്ടെത്തേണ്ടത് അനിവാര്യം; യുവതികൾ സഞ്ചരിച്ച കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചനും പലതും മറയ്ക്കുന്നു; ഹോട്ടൽ ഉടമയെ ഇനിയും ചോദ്യം ചെയ്യാതെ പൊലീസ്
കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണർ അപ് അഞ്ജന ഷാജൻ, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിഖ് എന്നിവരുടെ മരണത്തിന് ഇടയാക്കിയ ചീറിപ്പായലിൽ ഇനിയും സത്യം തെളിഞ്ഞില്ല. അപകടത്തിന്റെ തുടരന്വേഷണത്തിന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഇവർ പങ്കെടുത്ത ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തേണ്ടതു നിർണായകമാകുന്നു. ഈ ദൃശ്യങ്ങൾ ലഭിക്കാത്തതു കൊണ്ട് തന്നെ അന്വേഷണം മുന്നോട്ടുപോകാത്ത അവസ്ഥയിലാണ്.
ഹോട്ടൽ ഉടമയുടെ നിർദേശപ്രകാരം ജീവനക്കാർ ഈ ദൃശ്യങ്ങൾ നശിപ്പിച്ചുവെന്നാണു പൊലീസിനു ലഭിച്ച മൊഴി. ഹോട്ടലിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഈ പ്രശ്നം എന്താണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഡിജെ പാർട്ടി നടന്ന ഹാളിലെയും പാർക്കിങ് ഏരിയയിലെയും ദൃശ്യങ്ങൾ മാത്രമാണു നശിപ്പിക്കപ്പെട്ടത്. ഇതുകൊണ്ടു തന്നെ ഇവിടെ വച്ചു വാക്കുതർക്കം പോലെയെന്തോ ഉണ്ടായിട്ടുണ്ടാവുമെന്നും ഇതോടെയാകാം മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടൽ വിട്ടതെന്നുമാണു കരുതുന്നത്.
ഫോർട്ട് കൊച്ചിയിൽനിന്ന് അപകടം നടന്ന ചക്കരപ്പറമ്പ് വരെ രണ്ടു കാറുകൾ അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്നിട്ടുണ്ട്. ഇതിലൊന്നിലുണ്ടായിരുന്ന എറണാകുളം സ്വദേശി സൈജു തങ്കച്ചനെ ചോദ്യം ചെയ്തെങ്കിലും പലതും ഇയാൾ മറയ്ക്കുകയാണെന്നു സംശയമുണ്ട്. ഇയാളെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. അപകടം നടന്ന സ്ഥലത്തേക്കു കാറിനെ പിന്തുടർന്നു ഹോട്ടലുടമ എത്തിയതായും പൊലീസിനു സംശയമുണ്ട്. എന്നാൽ ഉന്നതബന്ധമുള്ള ഇയാളെ ചോദ്യം ചെയ്ത് ഇക്കാര്യം ഉറപ്പിക്കാൻ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഹോട്ടൽ ഉടമ എവിടെയാണെന്നു പൊലീസിന് അറിയില്ല.
അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ ചോദ്യം ചെയ്തതിൽനിന്നു വളരെ കുറച്ചു വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. ഇപ്പോൾ റിമാൻഡിലുള്ള ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള ശ്രമം നടക്കുന്നുണ്ട്. കുരുക്കഴിക്കാൻ ശ്രമിക്കുന്തോറും ദുരൂഹത വർധിക്കുകയാണു കേസിലെന്നാണു സൂചന.
കുണ്ടന്നൂർ മുതൽ ഈ കാറുകൾ മത്സരയോട്ടം നടത്തിയതായാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ കാറിനെ പിൻതുടർന്നതായി കണ്ടെത്തിയ ഔഡി കാറിന്റെ ഡ്രൈവർ എറണാകുളം സ്വദേശി സൈജു തങ്കച്ചനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. എന്നാൽ, മദ്യലഹരിയിൽ വാഹനം ഓടിക്കരുതെന്നു പറയാനാണു വാഹനത്തെ പിന്തുടർന്നതെന്നായിരുന്നു ഇയാളുടെ മൊഴി. ഇതു പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
കേസിന്റെ കുരുക്കഴിക്കാൻ ആവശ്യമായ തെളിവുകൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. കുണ്ടന്നൂരിൽ മറ്റൊരു വാഹനത്തിന്റെ ഡ്രൈവറും ഇവരും തമ്മിൽ തർക്കം നടന്നിരുന്നു എന്ന വിവരവും ലഭിച്ചുവെങ്കിലും ഈ വാഹനം കണ്ടെത്താനായിട്ടില്ല. 12.30ന് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നു വിട്ട വാഹനം 100-120 കിലോമീറ്ററിൽ വേഗത്തിൽ സഞ്ചരിച്ചിട്ടും ഒരു മണിക്കു മാത്രമാണു ചക്കരപ്പറമ്പിൽ എത്തിയത് എന്നതിനാൽ ഇതിനിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്നു തന്നെയാണു പൊലീസിന്റെ നിഗമനം.