- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലപ്പന്റെ കണ്ണിൽ തെളിഞ്ഞത് എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ട; കടലിന് അടിയിൽ രൂപപ്പെടുന്നത് കുമ്പളത്തേക്കാൾ വലിയ ദ്വീപോ? ചെല്ലാനത്തെ പ്രശ്നത്തിന് പരിഹാരമായി മാറുമോ ഈ പ്രതിഭാസം; പഠനത്തിന് കുഫോസും; നിഷേധിച്ച് തുറമുഖവും; 'ഗൂഗിൾ എർത്തിലെ' കൊച്ചി കാഴ്ച കടൽവെള്ളത്തിലെ നിറം മാറ്റമോ?
കൊച്ചി: കൊച്ചിക്കു സമീപം കടലിനടിയിൽ മണൽത്തിട്ട രൂപപ്പെട്ടതായി മത്സ്യത്തൊഴിലാളികൾക്ക് സംശയം. കൊച്ചിയിൽ നിന്ന് ഏഴു കിലോമീറ്റർ ദൂരെ കടലിൽ കപ്പൽച്ചാലിനു സമീപത്തെ അഴിമുഖത്തിനു സമീപം കൂറ്റൻ മണൽത്തിട്ടയുണ്ടെനനാണ് വിലയിരുത്തൽ. കടലിൽ രൂപപ്പെട്ട മണൽത്തിട്ടയെക്കുറിച്ച് പഠനം നടത്തുമെന്ന് ഫിഷറീസ്-സമുദ്ര പഠന സർവകലാശാലാ (കുഫോസ്) അറിയിച്ചിട്ടുണ്ട്. എന്നാൽ കൊച്ചി തുറമുഖാധികൃതർ ഇതിനെ വെറുമൊരു കഥയായി കാണുന്നുവെന്നതാണ് വസ്തുത.
നാലു വർഷമായി കൊച്ചി തീരവുമായി ബന്ധപ്പെട്ട പഠനങ്ങളിലാണ് അഡ്വ. ജൂലപ്പൻ. ചെല്ലാനത്തെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കടലിന്റെയും സമീപ പ്രദേശങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങളും അദ്ദേഹം നിരന്തരം നിരീക്ഷിക്കുന്നുണ്ട്. നാലുവർഷം മുമ്പാണ് കടലിലെ ഈ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് ജൂലപ്പൻ പറയുന്നു. ചെല്ലാനം കാർഷിക-ടൂറിസം വികസന സൊെസെറ്റി പ്രസിഡന്റാണ് ജൂലപ്പൻ.
എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ട. അഞ്ചു കിലോമീറ്റർ നീളം മാത്രമുള്ള കുമ്പളങ്ങിയുമായി താരതമ്യപ്പെടുത്തുമ്പോൾ അതിനേക്കാൾ വലിയൊരു 'ദ്വീപ്' തന്നെയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ നാലു വർഷമായി ഈ മണൽത്തിട്ട കടലിൽ കാണുന്നതായി പറയുന്നു. കടലിന്റെ അടിയിലായതിനാൽ പുറമേ നിന്ന് നോക്കിയാൽ എളുപ്പത്തിൽ ഇതു കാണില്ല. അതേസമയം 'ഗൂഗിൾ എർത്തി'ൽ ഇതിന്റെ ദൃശ്യങ്ങൾ കൃത്യമായി കാണുന്നുമുണ്ട്.
അതേസമയം, അവിടെ മണൽത്തിട്ടയൊന്നും രൂപപ്പെട്ടിട്ടില്ലെന്ന് കൊച്ചി തുറമുഖാധികൃതർ പറയുന്നു. 2014-ൽ ഇതുപോലെ ചിലത് ഗൂഗിൾ എർത്ത് ദൃശ്യങ്ങളിൽ കണ്ടിരുന്നു. പിന്നീട് അവ അപ്രത്യക്ഷമായി എന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ ഈ വിലയിരുത്തലുകളെ കുഫോസ് ഗൗരവത്തോടെ കാണും.
ചെല്ലാനത്തേക്ക് കടൽ ഇരച്ചെത്തുന്നതിന് ഇത്തരം മണൽത്തിട്ടകൾ കാരണമാകുന്നുണ്ടോ എന്നും കുഫോസ് പരിശോധിക്കും. മണൽ ഇല്ലാത്തതാണ് ചെല്ലാനം നേരിടുന്ന പ്രതിസന്ധി. ഇവിടെ മണൽ അടിഞ്ഞിട്ടുണ്ടെങ്കിൽ അത് ചെല്ലാനത്ത് കടലിനെ പ്രതിരോധിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയും. ജൂലപ്പൻ ഇതിനെ കൃത്യമായി നിരീക്ഷിച്ചു വരികയാണ്. എന്നാൽ, നാലു വർഷമായി തിട്ടയുടെ വലിപ്പത്തിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
കടലിൽ കരപോലെ മുങ്ങിനിൽക്കുന്ന ഈ തിട്ടയെക്കുറിച്ച് പഠനം നടത്തിയാൽ അത് തീര സംരക്ഷണത്തിന് പ്രയോജനപ്പെടുമെന്ന വിലയിരുത്തലാണ് ജൂലപ്പന്. അദ്ദേഹമാണ് ഇത് സമുദ്ര ശാസ്ത്രജ്ഞന്മാരുടെയും കുഫോസിന്റെയും ശ്രദ്ധയിൽപ്പെടുത്തിയത്. എത്രകാലമായി മണൽത്തിട്ട രൂപം കൊണ്ടിട്ട്, അത് മണലാണോ ചെളിയാണോ... എന്നീ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. താമസിയാതെ അവിടെ ചെന്ന് പഠനം നടത്തുമെന്ന് കുഫോസും അറിയിച്ചു.
എന്നാൽ കപ്പൽ ചാലിനോടു ചേർന്ന് മണൽത്തിട്ട രൂപപ്പെടാൻ സാധ്യതയില്ല കൊച്ചി തുറമുഖത്തിലെ മറൈൻ വിഭാഗം പറയുന്നു. ചെളിയുള്ള സ്ഥലത്ത് മണൽത്തിട്ട സാധാരണ കാണാറില്ല. കടൽവെള്ളത്തിന്റെ നിറംമാറ്റം മൂലം ഉപഗ്രഹ ചിത്രങ്ങളിൽ ഇങ്ങനെ കാണുന്നതാകുമെന്നും അവർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ