തിരുവനന്തപുരം: ശബരിമലയിൽ സംഘർഷത്തിന് ഇടത് സർക്കാരിന് താത്പര്യമില്ലെന്ന് സിപിഎം പോളി‌റ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് സ്വീകരിച്ചത് അവസരവാദ നിലപാടല്ലെന്നും ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ എൻ.എസ്.എസിന് ഒരു നിലപാടാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനുള‌ള അവകാശം അവർക്കുണ്ടെന്നും കോടിയേരി കൂട്ടിച്ചേർത്തു. അതേസമയം ശബരിമല വിഷയത്തിൽ എൻഎസ്എസ് കേസ് നടത്തി തോ‌റ്റെന്നും അപ്പോൾ ജനങ്ങളെ സർക്കാരിനെതിരെ അണിനിരത്തിയെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ അഭിപ്രായപ്പെട്ടത്. കാനത്തിന്റെ പ്രസ്‌താവനയെ ഇന്ന് മുഖ്യമന്ത്രി പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു.

ശബരിമല വിഷയത്തിൽ ഇടത് മുന്നണിക്ക് വ്യക്തമായ നിലപാടുണ്ടെന്ന് കോടിയേരി പറഞ്ഞു. ശബരിമലയിൽ സംഘർഷത്തിന് സർ‌ക്കാരിന് താൽപര്യമില്ല. 1990വരെ എല്ലാപ്രായത്തിൽപെട്ട സ്‌ത്രീകളും ശബരിമല കയറി. കോടതിവിധി വന്നത് നടപ്പാക്കാൻ സർക്കാർ തിടുക്കം കാണിച്ചിട്ടില്ലെന്നും സുപ്രീംകോടതി വിധിയായാലും ചർച്ച ചെയ്‌തേ തീരുമാനമെടുക്കൂവെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ബിജെപിയും കോൺഗ്രസും ശബരിമലപ്രശ്‌നം ഇലക്ഷൻകാലത്ത് കുത്തിപ്പൊക്കി ജനവികാരം എതിരാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ഇരു പാർട്ടികളുടെയും പ്രചാരണങ്ങൾ തിരിച്ചറിയാൻ പോലും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ശബരിമല വിവാദത്തിൽ ആദ്യം അഭിപ്രായ ഐക്യം കാത്തുസൂക്ഷിച്ച എൽഡിഎഫിലെ ഭിന്നത തുറന്ന് കാട്ടുന്നതാണ് മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും കോടിയേരിയും നടത്തിയ പ്രസ്താവനകൾ. കാനം രാജേന്ദ്രൻ എൻഎസ്എസിനെ രൂക്ഷമായി വിമർശിക്കുകയും പിണറായി വിജയൻ അതിനെ പിന്താങ്ങുകയും ചെയ്തതിന് പിന്നാലെയാണ് എൻഎസ്എസിനെ ന്യായീകരിച്ച് കോടിയേരി രം​ഗത്തെത്തിയത്.

കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഓരോരുത്തരും അവരവരുടെ പരിപാടി നടത്തും അതിന് തനിക്കൊന്നും ചെയ്യാൻ പറ്റില്ലെന്നും മുഖ്യമന്ത്രി തൃശൂരിൽ പറഞ്ഞു. കേസ് നടത്തി തോറ്റപ്പോൾ എൻഎസ്എസ് ജനങ്ങളെ സർക്കാരിനെതിരെ അണിനിരത്തുകയാണെന്നും കോടതി വിധി വരും വരെ കാത്തിരിക്കുന്നതാണ് മര്യാദയെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരു‌ടെ ചോദ്യത്തിനായിരുന്നു കാനത്തിന്റെ പ്രസ്താവനയെ അനുകൂലിക്കുന്ന നിലപാട് പിണറായി വിജയൻ സ്വീകരിച്ചത്.