- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്നും വിദേശത്ത് നിന്നും നിക്ഷേപതട്ടിപ്പ് നടത്തിയത് 2400 കോടിയോളം; കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസ് ഇഴയുന്നു; 12 വർഷത്തിലേറെയായി നീതി ലഭിക്കാതെ പണം നഷ്ടപ്പെട്ട നിക്ഷേപകരും; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
മലപ്പുറം: വിഖ്യാതമായ കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ഇഴയുന്നതായി ആരോപണം. 2004- 2008 കാലയളവിൽ മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നും വിദേശത്ത് നിന്നും 2400 കോടി രൂപയോളം തട്ടിച്ചു എന്നതാണ് പരാതി. സംസ്ഥാന പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇതുവരെയും ഒരിടത്തുമെത്തിയിട്ടില്ല എന്നാണ് ഇടപാടുകാർ ആരോപിക്കുന്നത്.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സക്കീർ ഹുസൈൻ, എ ഹസൻ, ഹൈദ്രോസ്, സിദ്ദിഖ്, അബ്ദുള്ള എന്നിവരാണ് പ്രതികൾ. 14 പേർക്കെതിരെ ഇഡിയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറ്റാച്ച് ചെയ്തെങ്കിലും അത് ലേലം ചെയ്ത് ഇടപാടുകാർക്ക് ലഭിക്കേണ്ട പണം നൽകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. പ്രതികളുടെയും ബിനാമികളുടെയും സ്വത്തുവകകൾ കണ്ടെത്തി അവ വിൽപന നടത്തി നിക്ഷേപകർക്ക് പണം വീതിച്ചുനൽകാൻ നിയമമില്ല. സ്വത്തുവകകളുടെ ക്രയവിക്രയം തടയാൻ മാത്രമാണ് നിയമം. അതിനാൽ തന്നെ നിക്ഷേപസംഖ്യ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയും അസ്തമിക്കുകയാണ്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകളും അന്താരാഷ്ട്ര ഇടപാടുകളും ഏറെ നടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ സിബിഐ, എൻഐഎ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ ഏതെങ്കിലും അന്വേഷിക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആയിരുന്ന പ്രശോഭും ഈ നിർദ്ദേശം ഉൾപ്പെടുത്തി റിപ്പോർട്ട് നൽകിയിരുന്നു. ഈ തട്ടിപ്പിൽ 100 കോടി രൂപയോളം നഷ്ടപ്പെട്ട റസാക്ക് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സംസ്ഥാനസർക്കാരിനോടും ക്രൈംബ്രാഞ്ചിനോടും വിശദീകരണം ചോദിച്ചിട്ടുണ്ട്.
വിദേശത്തും നടന്ന തട്ടിപ്പായതിനാൽ അവിടത്തെ തട്ടിപ്പുകളുകളുടെ രേഖകൾ കൂടി ലഭിച്ചാലേ കുറ്റപത്രം സമർപ്പിക്കാനാവൂ. സിബിഐയുടെ ഇന്റർ നാഷനൽ പൊലീസ് കോ ഓഡിനേഷൻ സെല്ലാണ് വിദേശ രാജ്യങ്ങളിൽനിന്ന് രേഖകൾ വാങ്ങിക്കേണ്ട വിഭാഗം. ഈ വിഭാഗത്തിന് അതിനുള്ള അനുമതി നൽകേണ്ടത് കേന്ദ്ര അഭ്യന്തര സെക്രട്ടറിയാണ്. ഇതിനായി സംസ്ഥാന ഡിജിപി 2015 ൽ കേന്ദ്ര അഭ്യന്തരവകുപ്പിന് അപേക്ഷ നൽകിയെങ്കിലും പിന്നീട് തുടർ നടപടി ഉണ്ടായില്ലെന്നാണ് വിവരം.
സിപിഎമ്മിലും മുസ്ലിം ലീഗിലും ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച കേസായിരുന്നു കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസ്. ഇതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ ബാബു എം പാലിശ്ശേരിയേയും അനിയൻ ബാലാജി എം പാലിശ്ശേരിയേയും സിപിഎം തരംതാഴ്ത്തിയിരുന്നു. ഈ കേസിന്റെ വിശദാംശങ്ങൾ കേന്ദ്രവും ആവശ്യപ്പെട്ടിരുന്നു.
കേസിൽ കൂട്ടുപ്രതിയായ ഹൈദർ ദുബൈയിൽ ആരംഭിച്ച സിറ്റി ഡ്യൂ കമ്പനിയിൽ ഒന്നാം പ്രതി സക്കീർ ഹുസൈൻ പങ്കാളിയായി ചേരുകയും പിന്നീട് സ്ഥാപനം സക്കീർ ഹുസൈന്റെ കൈകളിലത്തെുകയും ചെയ്തു. 2008 ൽ സിറ്റി ഡ്യൂവിന്റെ ഭാഗമായി ഇവർ ഗൾഫിൽ അജ്മാൻ മെഡിക്കൽ സെന്റർ എന്ന പുതിയ സംരംഭം ആരംഭിക്കുകയും ചെയ്തു. ഈ സംരംഭത്തിന്റെ പാർട്ണേഴിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഇടപാടുകാർ ആവശ്യപ്പെടുന്നു. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് അതിന്റെ ഭാഗമായിരുന്നയാൾ 164 പ്രകാരം രഹസ്യമൊഴി നൽകിയിട്ടും അതിന്റൈ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
നിക്ഷേപതട്ടിപ്പ് പണം ഉപയോഗിച്ച് ഇവർ ദുബൈയിൽ 185 ലേബർ ക്യാമ്പും 55 കുടുംബങ്ങൾക്ക് താമസിക്കാവുന്ന ഫ്ളാറ്റ് എന്നിവ നിർമ്മിച്ചതായും ചോദ്യംചെയ്യലിൽ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, ലേബർ ക്യാമ്പ്, ഫ്ളാറ്റ് എന്നിവ അവിടുത്തെ അറബിയുടെ കൈവശമാണിപ്പോൾ.
2400 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇഡിയുടെ കണക്കുകൾ. എന്നാൽ 200 കോടിയിൽ താഴെ രൂപ നഷ്ടപ്പെട്ടതായുള്ള പരാതികൾ മാത്രമേ ലഭിച്ചിട്ടുള്ളു. നിക്ഷേപ സംഖ്യയുടെ ഉറവിടം വ്യക്തമാക്കേണ്ടിവരുമെന്ന ഭയത്താൽ നിരവധി പേരാണ് തട്ടിപ്പിനിരയായത് സംബന്ധിച്ച് പരാതി നൽകാതിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ