- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി നടുവത്തുമൂഴി വനത്തിലെ കൊള്ളയിൽ സസ്പെൻഷനായ വനപാലകർ തിരികെ സർവീസിൽ; അറസ്റ്റിലായ പ്രതികളെ രക്ഷിക്കാനായി കുറ്റപത്രത്തിൽ നിരവധി പിഴവുകൾ; ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ മൂലം അട്ടിമറിക്കപ്പെട്ട മറ്റൊരു വനംകൊള്ളക്കേസ് ഇങ്ങനെ
പത്തനംതിട്ട: കോന്നി നടുവത്തുമൂഴി വനത്തിൽ കൊള്ള നടന്ന് ഒരു വർഷം പിന്നിടുമ്പോൾ ആരോപണ വിധേയരായ വനപാലകർ ആറ് മാസത്തെ സസ്പെൻഷനു ശേഷം തിരികെ സർവീസിൽ. ഇവർ സർവീസിലെത്തിയതോടെ കോടികളുടെ വനംകൊള്ള സംബന്ധിച്ച നടപടികൾ കടലാസിലൊതുങ്ങും.
കൊള്ളസംഘത്തിൽ നിന്ന് പിടിയിലായ പ്രതികൾക്ക് രക്ഷപ്പെടാനുള്ള മാർഗവും തെളിഞ്ഞു.
പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ 1946 പറക്കുളം തേക്ക് കൂപ്പിലാണ് കൊള്ള നടന്നത്. ഇവിടെ കണക്കിൽപ്പെടുത്താനാവാതെ സൂക്ഷിച്ചിരുന്ന നൂറോളം തേക്ക് തടികളും കല്ലേലി ഡമ്പിങ് സൈറ്റിൽ അട്ടിവച്ചിരുന്ന തേക്ക് കഴകളും ഒരു മുൻ റേഞ്ച് ഓഫീസറും ചില വനപാലകരും ചേർന്ന് കല്ലേലി ഹാരിസൺ മലയാളം പ്ലാന്റേഷനിലെ റബർ മരങ്ങൾ മുറിച്ചു നീക്കം ചെയ്തതിന്റെ മറവിൽ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
ഇതിന് സഹായിച്ച ഉദ്യോഗസ്ഥരുടെ കൈയാളുകളായ തൊഴിലാളികളിൽ ചിലർ നടുവത്തുമൂഴി വനത്തിലെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ ഉണങ്ങി നിന്നിരുന്നതും വീണുകിടന്നിരുന്നതുമായ ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി തേക്ക് തടികൾ സ്വന്തം നിലയിൽ തീർത്തു വെട്ടു നടത്തി കൊണ്ടുപോവുകയും ചെയ്തു.
ഉൾവനങ്ങളിൽ പലസ്ഥലങ്ങളിലായി ഒരേ സമയം തീയിട്ടു വനപാലകരുടെ ശ്രദ്ധ അവിടേക്ക് തിരിച്ചാണ് സംഘം തടികൾ മുറിച്ചു കടത്തിയിരുന്നത്. നൂറിലധികം സ്ഥലങ്ങളിൽ ഇത്തരത്തിൽ തീയിട്ടിരുന്നു. ചില വനപാലകരുടെ അറിവോടു കൂടിയായിരുന്നത്രെ ഇത്.
കരിപ്പാൻതോട്, പാടം വനം മേഖലകളുടെ പരിധിയിൽ നിന്നും എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയത് കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഏറെ നാളായി നടന്നു വന്ന തടികടത്തിന്റെ സൂചനകൾ പ്രദേശവാസികളായ ഫോറസ്റ്റ് ഹെഡ് ലോഡ് തൊഴിലാളികളും മറ്റും ഉദ്യോഗസ്ഥരെ അറിയിക്കാൻ തയാറായത്.
ഇങ്ങനെ കടത്തിക്കൊണ്ടു പോയ തടികളിൽ ചിലത് വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന സംഘം തങ്ങളുടെ വീടിനും ഫർണിച്ചറുകളുടെ നിർമ്മാണത്തിനുമായി ഉപയോഗിച്ചിരിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ചോർന്നു കിട്ടിയതോടെ തടി കടത്തിന് ഒത്താശ ചെയ്തിരുന്ന ഒരുവിഭാഗം ഉദ്യോഗസ്ഥരും സംഘാംഗങ്ങളും അന്വേഷണ സംഘത്തിന് എതിരെ തിരിഞ്ഞു. പൊലീസിനും ഉന്നത വനപാലകർക്കും പരാതി നൽകി കേസന്വേഷണം തടസപ്പെടുത്തുവാനുംശ്രമിച്ചു.
തടികൾ പിടിച്ചെടുക്കുന്നത് വലിയ വിവാദത്തിനും വനം വകുപ്പിന് നാണക്കേടിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അട്ടിമറിക്കാൻ ശ്രമം നടന്നത്. കേസ് അന്വേഷിച്ച് തെളിവുകൾ ശേഖരിച്ച നടുവത്തുമൂഴി റേഞ്ച് ഓഫീസറെയും സംഘത്തെയും രാഷ്ട്രീയ സ്വാധീനം ചെലുത്തി സസ്പെൻഡ് ചെയ്യിപ്പിച്ചാണ് തടി കടത്ത് സംഘം തങ്ങളുടെ കൈവശമുണ്ടായിരുന്ന ഉരുപ്പടികൾ സംരക്ഷിച്ചത്.
ഇതോടെ അന്വേഷണം പാടം, കരിപ്പാൻ തോട് വനം സ്റ്റേഷൻ പരിധിയിൽ മുറിച്ചു കടത്തിയ ഏതാനും തേക്കുമരങ്ങളിൽ മാത്രം ഒതുങ്ങി. കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പ്, കേരളപുരം എന്നിവിടങ്ങളിൽ രേഖകളില്ലാതെ സൂക്ഷിച്ച ഏതാനും തേക്കു തടികൾ പിടിച്ചെടുത്ത് ഇവയാണ് നഷ്ടപ്പെട്ടതെന്ന് വരുത്തി. തടി കടത്തുവാൻ സഹായിച്ച ഫോറസ്റ്റ് ഹെഡ് ലോഡ് തൊഴിലാളികളിൽ ചിലരെ പ്രതികളാക്കി വേഗത്തിൽ കേസ് ചാർജ് ചെയ്യുകയും ചെയ്തു.
ഇവർക്കെതിരേ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ നിരവധി പിഴവുകൾ വരുത്തി. ഇത് മനഃപൂർവം ആണെന്ന് സംശയം ഉയരുന്നുണ്ട്. അറുത്ത നിലയിൽ കണ്ടെടുത്ത തടികൾ ആണ തൊണ്ടിയായി സമർപ്പിച്ചത്. ഇത് എവിടെ അറുത്തു എന്ന വിവരം അന്വേഷിച്ചിട്ടില്ല. തടി അറുക്കാൻ ഉപയോഗിച്ച മില്ലിലെ വാൾ ഉൾപ്പെടെയുള്ളവ തൊണ്ടിയായി കണ്ടെടുത്തില്ല.
പ്രതികളുടെ മൊബൈൽ പിടിച്ചെടുത്തില്ല. തെളിവായി നൽകിയത് സിം കാർഡ് മാത്രമാണ്. തടി കടത്തിയതിലൂടെ പ്രതികൾക്ക് എത്ര പണം കിട്ടിയെന്നോ ഇത് എന്തിന് ഉപയോഗിച്ചുവെന്നോ കോടതിയെ അറിയിച്ചിട്ടില്ല. എല്ലാ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് ഇവർ പറഞ്ഞ മൊഴികളിലെ പൊരുത്തക്കേടുകൾ തിരുത്തിയില്ല.
പണി പൂർത്തിയായ വീട്ടിൽ നിന്നും അറുത്ത ഉരുപ്പടികൾ പിടിച്ചിട്ടും ഇത് ആര്, എവിടുന്ന് വീട്ടുടമയ്ക്കു നൽകിയെന്നും എത്ര പണം വാങ്ങിയെന്നും ഇല്ല. വീട്ടുടമയെ പ്രതി ചേർത്തില്ല. ഇതെല്ലാം പ്രതികൾക്ക് രക്ഷപെടാൻ വനപാലകർ ഒരുക്കിക്കൊടുത്ത സൗകര്യങ്ങളാണ്. ഇത്രയധികം അനുഭാവപൂർവം പ്രതികളോട് പെരുമാറിയ കേസുകൾ വനംവകുപ്പിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥരെ തിരികെ എടുത്ത് പഴയ ലാവണങ്ങളിൽ തന്നെ നിയോഗിച്ചിട്ടുള്ളതും സംശയത്തിന് ഇട നൽകുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്