- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറമണലുമായി അമിതവേഗതയിൽ പാഞ്ഞ ടിപ്പർ നാട്ടുകാർ തടഞ്ഞു; തടഞ്ഞവരെ കവർച്ച കേസെടുത്ത് അകത്താക്കി പൊലീസ്; സ്റ്റേഷനിൽ പരാതിയുമായി ചെന്നവരോട് ജോണിയുടെ വണ്ടി തടയാൻ നീയൊക്കെ ആയോടാ എന്ന് ആക്രോശം; മണ്ണ് ലോബിക്കായി വഴി വിട്ട് പ്രവർത്തിച്ച കോയിപ്രം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
പത്തനംതിട്ട: പാസില്ലാതെ പാറ മണലുമായി അമിത വേഗതയിൽ വന്ന ടിപ്പർ ലോറി തടഞ്ഞ നാട്ടുകാരെ പൊലീസ് കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തു. സംഭവം വിവാദമായതോടെ കോയിപ്രം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഗോപി, എസ്ഐ രാജൻബാബു എന്നിവർക്കെതിരേ നടപടിക്ക് സാധ്യതയേറി. നാട്ടുകാരായ രണ്ടു യുവാക്കൾക്കെതിരേ കേസെടുക്കാൻ നിർദ്ദേശം നൽകിയ തിരുവല്ല ഡിവൈഎസ്പി തലയൂരി. കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുളിമുക്ക്-തടിയൂർ റോഡിൽ തുണ്ടിയിൽപ്പടി വച്ച് കഴിഞ്ഞ 26 ന് ഉച്ചയോടെയായിരുന്നു സംഭവം. കുറിയന്നൂരിൽ കണ്ണന്താനം ക്രഷർ യൂണിറ്റിൽ നിന്ന് പാറമണലുമായി വന്ന ജോണി എന്നയാളുടെ ടിപ്പർ ലോറിയാണ് നാട്ടുകാരായ യുവാക്കൾ അടക്കം നാൽപ്പതോളം പേർ ചേർന്ന് തുണ്ടിപ്പടിയിൽ വച്ച് തടഞ്ഞത്.
ജോണിക്ക് അഞ്ചു ടിപ്പർ ലോറികളാണുള്ളത്. അമിത വേഗതയിൽ ലോറികൾ പായുന്നതിനെതിരേ പല തവണ നാട്ടുകാർ കോയിപ്രം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇനി അങ്ങനെ വാഹനം വരുമ്പോൾ തടയാനും തങ്ങളെ വിളിച്ച് വിവരം അറിയിക്കാനും പൊലീസ് നാട്ടുകാരോട് പറഞ്ഞിരുന്നു. ഇതിൻ പ്രകാരമാണ് നാട്ടുകാർ ലോറി തടഞ്ഞത്. അതിന് ശേഷം കോയിപ്രം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സ്റ്റേഷനിൽ നൽകിയ പരാതിക്ക് രസീതും നൽകി. അരമണിക്കൂറിന് ശേഷമാണ് എസ്ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയത്. വന്ന പാടേ ആരാടാ ജോണിയുടെ ലോറി തടഞ്ഞത് എന്നായിരുന്നു എസ്ഐയുടെ ചോദ്യം.
മോൻസി ജോസഫ്, പ്രദീപ് എന്നിങ്ങനെ മൂന്നു യുവാക്കൾ തങ്ങളാണ് തടഞ്ഞത് എന്ന് പറഞ്ഞ് മുന്നോട്ടു ചെന്നു. ഇവരെ കുനിച്ചു നിർത്തി പുറത്തിടിച്ച ശേഷം എസ്ഐ പിടിച്ച് ജീപ്പിലേക്ക് തള്ളി. ലോറി ഒരു പരിശോധനയും കൂടാതെ വിട്ടു കൊടുക്കുകയും ചെയ്തു. ലോറിക്കാരുടെ പക്കൽ മണൽ കൊണ്ടു പോകുന്നതിന് ആവശ്യമായ പാസ് ഉണ്ടായിരുന്നതുമില്ല. മോൻസിയെയും പ്രദീപിനെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയതിന് പിന്നാലെ നാട്ടുകാരും ചെന്നു. കൊണ്ടു പോകുന്ന വഴിയിൽ വച്ചും യുവാക്കളെ പൊലീസ് മർദിച്ചു. സ്റ്റേഷനിൽ ചെന്ന പ്രദേശവാസികളുടെ മുന്നിൽ വച്ച് അവർ നേരത്തേ നൽകിയ പരാതി പൊലീസ് വലിച്ചു കീറിക്കളഞ്ഞു. സ്റ്റേഷനിൽ നിന്ന് നൽകിയ രസീത് തിരികെ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ നൽകിയില്ല.
ഇതിനിടെ സ്ഥലത്തു വന്ന ഇൻസ്പെക്ടർ ഗോപിയും രാജൻ ബാബുവും നാട്ടുകാരോട് ആർക്കാടാ ജോണിയുടെ വണ്ടി തടയാൻ ധൈര്യമെന്ന് ചോദ്യം ആവർത്തിച്ചു. മോൻസിയെയും പ്രദീപിനെയും കവർച്ചാ കേസിൽ റിമാൻഡ് ചെയ്യുമെന്നും കൂടി നിൽക്കുന്നവനെ മുഴുവൻ പിടിച്ച് അകത്തിടുമെന്നും പൊലീസ് ഭീഷണി മുഴക്കി. വിവരം അറിഞ്ഞ മാധ്യമ പ്രവർത്തകർ തിരുവല്ല ഡിവൈഎസ്പിയെ വിളിച്ചപ്പോൾ താൻ പറഞ്ഞിട്ടാണ് കേസെടുത്തതെന്നും നാട്ടുകാർ ഗുണ്ടായിസം കാണിച്ചുവെന്നുമാണ് പ്രതികരിച്ചത്. അവർ വാഹനം തടയുക മാത്രമല്ല, തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തി. പൊലീസിന്റെ പണി പൊലീസ് ചെയ്തോളുമെന്നും ഡിവൈഎസ്പി പ്രതികരിച്ചു.
യുവാക്കളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. ഇതോടെ നാട്ടുകാർ പരാതിയുമായി എസ്പിയെയും ഡിജിപിയെയും സമീപിച്ചു. എസ്പിയുടെ നിർദ്ദേശ പ്രകാരം രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ കോയിപ്രം പൊലീസിന്റെ ഭാഗത്ത് വൻ വീഴ്ച വന്നതായി കണ്ടെത്തി. നിയമലംഘനം നടത്തിയവനെ വിട്ടയയ്ക്കുകയും ചൂണ്ടിക്കാട്ടിയ നാട്ടുകാർക്കെതിരേ കേസ് എടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് എസ്പിക്കും ഡിജിപിക്കും നൽകുകയും ചെയ്തിട്ടുള്ളതായി അറിയുന്നു. ഇൻസ്പെക്ടർക്കും എസ്ഐക്കുമെതിരേയാണ് റിപ്പോർട്ടിൽ പരാമർശം. കേസെടുക്കാൻ നിർദ്ദേശിച്ച തിരുവല്ല ഡിവൈഎസ്പിയെ ഒഴിവാക്കിയിട്ടുമുണ്ട്.
മണ്ണ്-മണൽ മാഫിയയുടെ വിഹാര കേന്ദ്രമാണ് കോയിപ്രം പൊലീസ് സ്റ്റേഷൻ. ജോണിയെ പോലുള്ള മാഫിയകളാണ് സ്റ്റേഷൻ ഭരിക്കുന്നത്. ലക്ഷങ്ങളാണ് മാസപ്പടി ഇനത്തിൽ ഇവിടേക്ക് ചെല്ലുന്നത്. ജോണിയുടെ അഞ്ചു ലോറികൾ മാത്രം സ്റ്റേഷൻ പരിധിയിൽ ഓടിയാൽ മതിയെന്നാണ് കോയിപ്രം പൊലീസിന്റെ നിലപാടെന്ന് നാട്ടുകാർ പറയുന്നു. ഒന്നും രണ്ടും ലോറി മാത്രമുള്ളവർക്കെതിരേ പൊലീസിന്റെ അതിക്രമമാണ് നടക്കുന്നത്. പാസില്ലാതെ ജോണിയുടെ വണ്ടി ഓടുമ്പോൾ പാസ് സഹിതം ലോഡുമായി വരുന്ന ചെറുകിടക്കാരെ ഓരോ കാരണം പറഞ്ഞ് വൻ തുക പിഴ ഈടാക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. ഇത്തരം ചെറുകിട ലോറി ഉടമകളും നാട്ടുകാരും ചേർന്നാണ് സഹികെട്ട് ജോണിയുടെ വണ്ടി തടഞ്ഞത്. എസ്ഐയുടെയും ഇൻസ്പെക്ടറുടെയും നിലപാട് കണ്ടിട്ട് ജോണിയാണ് പൊലീസിന് ശമ്പളം നൽകുന്നതെന്ന് തോന്നിയെന്നാണ് ഒരു നാട്ടുകാരൻ പ്രതികരിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്