കോഴിക്കോട്: കേരളത്തിലാദ്യമായി ടൈമർ ഘടിപ്പിച്ച് ബോംബ് സ്‌ഫോടനം നടത്തിയ കേസായിരുന്നു കോഴിക്കോട് ഇരട്ട സ്‌ഫോടന കേസ്.രാജ്യത്ത് തന്നെ എൻഐഎ ഏറ്റെടുത്ത പ്രധാന തീവ്രവാദ കേസ്. 2006 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലും പുതിയ ബസ്സ്റ്റാൻഡിലുമായിരുന്നു സ്‌ഫോടനം നടന്നത്.

കേസിൽ ആകെ 4 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. വിചാരണയ്ക്ക് ശേഷം 2 പ്രതികളെ വെറുതെ വിട്ട എൻഐഎ കോടതി 2011 ൽ തടിയന്റവിട നസീറിനേയും ഷഫാസിനേയും കുറ്റക്കാരാണെന്ന് കണ്ടെത്തി ഇരട്ടജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. ഈ ശിക്ഷാവിധി ചോദ്യം ചെയ്തുകൊണ്ട് നസീറും ഷഫാസും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോഴത്തെ വിധിയുണ്ടായത്. രണ്ട് പ്രതികളെ എൻഐഎ കോടതി വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്തുകൊണ്ട് എൻഐഎ സമർപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളിയിട്ടുണ്ട്.

കേരളത്തിൽ എൻഐഎ അന്വേഷിച്ചു കുറ്റപത്രം നൽകിയ ആദ്യ തീവ്രവാദ കേസ് എന്ന പ്രത്യേകതയുണ്ട് ഇതിന്. രാജ്യദ്രോഹം, ഗൂഢാലോചന, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു പ്രതിക്കെതിരെ കുറ്റപത്രം നൽകിയിരുന്നത്.

തടയന്റവിടെ നസീറിന്റെ കൂട്ടാളിയായ തലശ്ശേരി ചെറുപറമ്പത്തെ മുഹമ്മദ് അസറായിരുന്നു കേസിലെ രണ്ടാം പ്രതി. അസറിന്റെ കണ്ണൂർ തെക്കിബസാറിലെ വീട്ടിൽ നിന്നാണ് കോഴിക്കോട് കെ.എസ്. ആർ.ടി.സി. ബസ്സ് സ്റ്റാൻഡിലും മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലും ബോംബ് സ്‌ഫോടനം നടത്താൻ ആസൂത്രണം നടന്നത് എന്നാണ് കേസ്. 2006 മാർച്ച് 3 ന് ഉച്ചയ്ക്കായിരുന്നു സംഭവം. 15 മിനുട്ടിന്റെ ഇടവേളയിലാണ് രണ്ടിടത്തും ബോംബ് സ്‌ഫോടനം നടന്നത്. കേരളത്തിലെ തീവ്രവാദ സാന്നിധ്യം ശക്തമാണെന്ന സൂചന നൽകുന്നതായിരുന്നു ഈ ഇരട്ട സ്‌ഫോടനം. എൻ.ഡി.എഫ് ഉൾപ്പെടെയുള്ള പല സംഘടനകളേയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും എൻ.ഐ.യേയും ആദ്യം സംശയിച്ചെങ്കിലും ഈ കേസിൽ ഇന്ത്യൻ മുജാഹിദിൻ നേതാവ് തടിയന്റവിടെ നസീറിലേക്ക് അന്വേഷണം എത്തുകയായിരുന്നു.

2010 ൽ നസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ടൈമർ ഘടിപ്പിച്ച് ബോംബ് സ്‌ഫോടനം നടത്താൻ കൂട്ടു നിന്നതിന്റെ പേരിൽ കണ്ണൂർ സ്വദേശിയായ അബ്ദുൾ ഹാലിമിനെതിരെ കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ കോടതി ഹാലിമിനെ വെറുതെ വിടുകയായിരുന്നു. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നായിരുന്നു വിവരം. ഇതിനെല്ലാം നേതൃത്വം നൽകിയത് തടിയന്റവിടെ നസീറും രണ്ടാം പ്രതി അസറും കോടതി വിട്ടയച്ച ഹാലിമുമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

കേസിൽ ആദ്യം നസീർ സ്വയം വാദിക്കാൻ ഒരുങ്ങി

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ എൻഐഎ കോടതി ശിക്ഷിച്ചതിനെതിരെ സ്വയം വാദിക്കാനായിരുന്നു തടിയന്റവിട നസീറിന്റെ ആദ്യ തീരുമാനം. എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകനുമായാണു പ്രതി എത്തിയത്. സ്വയം വാദിക്കുകയാണോ അഭിഭാഷകനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ അഭിഭാഷകനുമായാണ് എത്തിയിരിക്കുന്നതെന്നു മറുപടി നൽകി. തുടർന്ന് അഭിഭാഷകനു വക്കാലത്തു നൽകാൻ കോടതി അനുവാദം നൽകി.

അപ്പീലിൽ വാദം കേൾക്കുന്നത് ഓൺലൈനായി കാണാൻ തടിയന്റവിടെ നസീറിന് സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനായി ബെംഗൂരു ജയിലിൽ വീഡിയോ കോൺഫറൻസിങ് സൗകര്യം ഒരുക്കിയിരുന്നു. അപ്പീൽ ഹർജിയിൽ നേരിട്ടു വാദിക്കണമെന്ന തടിയന്റവിട നസീറിന്റെ ആവശ്യം നേരത്തേ കോടതി അംഗീകരിച്ചിരുന്നു.

മുഖ്യ ആസൂത്രകൻ നസീറെന്ന് എൻഐഎ

ലഷ്‌ക്കർ-ഇ.-തൊയ്ബയുടെ ദക്ഷിണേന്ത്യൻ കമാന്ററായിരുന്ന തടിയന്റവിടെ നസീറാണ് കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിലെ മുഖ്യ ആസൂത്രകൻ എന്നാണ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. 2006 മാർച്ച് 3 ന് ഉച്ചക്ക് 12.55 ന് കോഴിക്കോട് കെ.എസ്. ആർ.ടി.സി സ്റ്റാൻഡിലും 15 മിനുട്ടിന് ശേഷം മൊഫ്യൂസൽ ബസ്സ് സ്റ്റാൻഡിലുമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ ആളപായമുണ്ടായിരുന്നില്ലെങ്കിലും രണ്ട് പൊലീസുകാരടക്കം മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തോടെ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗവും എൻ.ഐ.എ യേയും കേരളത്തിൽ അതീവ തീവ്രവാദ സാന്നിധ്യമുള്ള മേഖലയായി കണ്ടു. പല സംഘടനകളേയും കോഴിക്കോട് സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും 2010 ൽ തടിയന്റവിടെ നസീറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണക്കാരെ കണ്ടെത്തിയത്.

ഇന്ത്യൻ മുജാഹിദ്ദീൻ എന്ന സംഘടനയാണ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്തതെന്ന് നസീറിന്റെ മൊഴിയിൽ നിന്നും മനസ്സിലായി. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്. തടിയന്റവിടെ നസീറിന്റെ നിർദ്ദേശമനുസരിച്ച് മുഹമ്മദ് അസ്ഹറിന്റെ കണ്ണൂരിലെ വീട്ടിൽ നിന്നായിരുന്നു ബോംബുകൾ നിർമ്മിച്ചത്. ഇതിനെല്ലാം നേതൃത്വം നൽകിയത് തടിയന്റവിട നസീറിന്റെ ഒപ്പം മുഹമ്മദ് അസ്ഹർ, അബ്ദുൾ ഹാലിം, കെ.പി. യൂസഫ്, ഷഫാസ് എന്നിവരായിരുന്നു. ടൈമർ ഘടിപ്പിച്ച ബോംബ് വെക്കാൻ മുഹമ്മദ് ഹാലിം പങ്കാളിയാണെന്ന് കേസുണ്ടെങ്കിലും ഇയാൾക്കെതിരെ തെളിവില്ലാത്തിനാൽ കോടതി വെറുതെ വിട്ടയക്കുകയായിരുന്നു.

കോഴിക്കോട് ബോംബ് സ്‌ഫോടന കേസിന് ശേഷം 2008 ജൂലായ് 25 ന് ബെംഗളൂരുവിൽ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് പത്ത് ജനബാഹുല്യ കേന്ദ്രങ്ങളിൽ ബോംബ് വെക്കുകയുണ്ടായി. എന്നാൽ അതിൽ 9 എണ്ണവും പൊട്ടാതെ പോവുകയായിരുന്നു. ഒരു ബോംബ് വെയിറ്റിങ് ഷെൽട്ടറിൽ സ്‌ഫോടനമുണ്ടാക്കുകയും ഒരു സ്ത്രീ മരണമടയുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. . മലയാളികളായ 17 പേരാണ് ഈ കേസിലെ പ്രതികൾ. നസീറും കൂട്ടാളികളും മറ്റ് രാജ്യ ദ്രോഹ കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലുകളിൽ കഴിയുകയാണ്.

പ്രതികൾ കുറ്റക്കാരെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല

സംശയാതീതമായി പ്രതികൾ കുറ്റക്കാരാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഇന്നത്തെ വിധി. സംസ്ഥാനത്ത് തന്നെ ആദ്യമായി എൻഐഎ കോടതി ശിക്ഷ വിധിച്ച കേസ് കൂടിയായിരുന്നു കോഴിക്കോട്ടെ ഇരട്ട സ്‌ഫോടന കേസ്. രണ്ടിടത്ത് ബോംബ് സ്ഥാപിച്ച ശേഷം കളക്റ്റ്രേറ്റിലേക്കും ഒരു മാധ്യമസ്ഥാപനത്തിലേക്കും വിളിച്ചറിയിക്കുകയും സ്‌ഫോടനം നടത്തിയെന്നുമാണ് കേസ്. രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാത്തതിലുള്ള പ്രതികാരം എന്ന നിലയ്ക്കാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു എൻ ഐ എ കണ്ടെത്തൽ.

സ്‌ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനം നടത്തുകയെന്ന ഉദ്ദേശത്തോടെ 2002 ൽ എറണാകുളത്ത് നിന്നും ജലാറ്റിൻ സ്റ്റിക്ക് സംഘടിപ്പിക്കുകയും പിന്നീട് ആസൂത്രണം ചെയ്ത് സ്‌ഫോടനം നടത്തിയെന്നുമായിരുന്നു എൻഐഎ വാദം. എന്നാൽ രണ്ടാം മാറാട് കൂട്ടക്കൊലക്കേസിന്റെ സംഭവങ്ങൾ നടക്കുന്നത് 2003 ലാണ്. അങ്ങനെയെങ്കിൽ എങ്ങനെയാണ് 2002 ൽ ജലാറ്റിൻസ്റ്റിക്ക് സംഘടിപ്പിച്ച് ഗൂഢാലോചന നടത്തിയെന്ന വാദം ശരിയാകും എന്നായിരുന്നു പ്രതികൾ ഹൈക്കോടതിയിൽ ചോദിച്ചത്. പ്രതികളുടെ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ വെറും മൊഴികളുടെ അടിസ്ഥാനത്തിൽ മാത്രം എങ്ങനെയാണ് പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിയുകയെന്നും വിചാരണ വേളയിൽ ഹൈക്കോടതി ചോദിച്ചിരുന്നു.