- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യലക്ഷ്മി സംഭവത്തിന്റെ ചുവടു പിടിച്ചു തയ്യാറാക്കിയ നിയമം; നിയമസഭയെ അറിയിക്കാതെ കരട് തയ്യാറാക്കിയത് പൊലീസ്; ഗവർണർ ഒപ്പുവെച്ച ഓർഡിനൻസ് പിൻവലിച്ചത് 48 മണിക്കൂർ കൊണ്ട്; നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും നിയമം ഇപ്പോഴും സാങ്കേതികമായി പ്രാബല്യത്തിൽ; പിൻവലിക്കലും സങ്കീർണ നടപടി; റദ്ദാക്കാൻ വേണ്ടത് പുതിയ ഓർഡിൻസിനുള്ള ശുപാർശ
തിരുവനന്തപുരം: ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി. നായരുമായുള്ള പ്രശ്നത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാന സർക്കാാർ കേരളാ പൊലീസ് ആക്ടിൽ ഭേദഗതി കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങളെക്കുറിച്ച് ഹൈക്കോടതിയുടെ പരാമർശം വന്നതിനു പിന്നാലെ ഭാഗ്യലക്ഷ്മി പ്രശ്നവും ചർച്ചയായതോടെയാണ് സർക്കാർ നിയമഭേദഗതിക്കൊരുങ്ങിയത്. എന്നാൽ, കേവലം നിയമഭേദഗതി എന്നതിന് അപ്പുറത്തേക്ക് വിമർശകരുടെ വായടപ്പിക്കാൻ ഉതകും വിധത്തിൽ കൂട്ടലുകൾ വരുത്തിയതാണ് തിരിച്ചടിയായി മാറിയത്. നിയമസഭ കൂടാതെ തന്നെ പൊലീസിന്റെ താൽപ്പര്യം തിരുകികയറ്റിയ നിയമ നിർമ്മാണം പിണാറായി വിജയനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് നൽകിയത്.
ഒരു എ.ഡി.ജി.പി.യുടെ നേതൃത്വത്തിലാണ് കരട് ശുപാർശകൾ തയ്യാറാക്കിയത്. ഒക്ടോബർ 21-നു നടന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോടു ശുപാർശ ചെയ്തത്. സൈബർ ആക്രമണങ്ങൾ തടയാൻ എന്നപേരിലുള്ള ഭേദഗതിയിൽ 'ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ' എന്ന പ്രയോഗം വന്നതോടെ ഇത് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണെന്ന ആക്ഷേപമായി.
ട്രോളുകളെയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളെയും നിയന്ത്രിക്കുന്നതിനൊപ്പം സ്ത്രീകൾക്കനുകൂലമാകുന്ന നടപടിയിലൂടെ അവരുടെ വിശ്വാസം നേടാമെന്ന കണക്കുകൂട്ടലിലായിരുന്നു സർക്കാർ. എന്നാൽ, അവ്യക്തമായ രീതിയിൽ ഭേദഗതി തയ്യാറാക്കപ്പെട്ടതോടെ അതു തിരിച്ചടിച്ചു.
ഭേദഗതി ഗവർണർ ഒപ്പിട്ട് ഓർഡിനൻസാകാൻ മൂന്നാഴ്ചയോളമെടുത്തു. രാഷ്ട്രീയപ്പാർട്ടികളുടേതുൾപ്പെടെ പരാതികൾ വന്നതോടെയാണ് നിയമപരിശോധനയ്ക്കുശേഷം ഒപ്പിട്ടാൽ മതിയെന്ന് രാജ്ഭവൻ തീരുമാനിച്ചത്. എന്നാൽ, കോൺഗ്രസ് ഗവർണർക്ക് പരാതി നൽകിയിരുന്നില്ല. ഓർഡിനൻസ് തിരിച്ചയച്ചാൽ, സ്ത്രീകൾക്കനുകൂലമായ ഭേദഗതിക്ക് തങ്ങൾ എതിരുനിന്നെന്ന പ്രചാരണമുണ്ടാകരുത് എന്നതുകൊണ്ടായിരുന്നു അത്. ശനിയാഴ്ച വിജ്ഞാപനമായതോടെയാണ് ഇതു മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ഭേദഗതിയാണെന്നു വ്യക്തമായത്. ഇതോടെ കോൺഗ്രസും പ്രതിഷേധവുമായെത്തി.
118 എക്ക് ആയുസ്സ് 48 മണിക്കൂർ മാത്രം
ഇന്ത്യയിലെ ഏക ഇടതു സർക്കാരിന്റെ നീക്കം മാധ്യമങ്ങൾക്കു പൊതുവെ കൂച്ചുവിലങ്ങിടാനുള്ളതാണെന്ന തിരിച്ചറിവിൽ വിഷയം ദേശീയ തലത്തിൽ ചർച്ചയായി. അതുകൊണ്ട് തന്നെ 48 മണിക്കൂറിന്റെ ആയുസ്സേ നിയമത്തിന് ഉണ്ടായിരുന്നുള്ളൂ. ഇടതുപക്ഷ മനുഷ്യാവാകാശ പ്രവർത്തകരും മാധ്യമ ലോകവും ഇതിനെതിരെ അണിനിരന്നു. സമൂഹ മാധ്യമങ്ങളിൽ സിപിഎമ്മും പിണറായി സർക്കാരും വിചാരണ ചെയ്യപ്പെട്ടു. ഓർഡിനൻസിന്റെ വിശദാംശങ്ങൾ പാർട്ടിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾ പരിശോധിച്ചപ്പോൾ അപകടം ബോധ്യമായി. സർക്കാർ നീക്കത്തോട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും വിയോജിച്ചു.
നേരത്തേതന്നെ അഭിപ്രായവ്യത്യാസം വ്യക്തമാക്കിയ സിപിഐ സംസ്ഥാന നേതൃത്വവും നിലപാടിൽ ഉറച്ചുനിന്നു. ഒരുഭാഗത്തുനിന്നും പിന്തുണ ഇല്ലെന്നു വ്യക്തമായതോടെയാണു മുഖ്യമന്ത്രി പിന്മാറിയത്. വിമർശനങ്ങൾ പരിഗണിക്കാൻ തയ്യാറെന്നു ഞായറാഴ്ചയും ഭേദഗതി നടപ്പാക്കില്ലെന്ന് ഇന്നലെയും മുഖ്യമന്ത്രി പ്രസ്താവന നടത്തിയതു കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ കാരണമാണ്. അപ്പോഴും ന്യായീകരണങ്ങൾ നിരത്തിയ ശേഷമാണ് കേന്ദ്രനിർദേശത്തിനു വഴങ്ങിയത്.
നിയമം ഇപ്പോഴും പ്രാബല്യത്തിൽ, പിൻവലിക്കൽ സങ്കീർണം
പൊലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഓർഡിനൻസ് ഇറങ്ങിയതിനാൽ നിയമം എങ്ങനെ പിൻവലിക്കാമെന്നതിനെക്കുറിച്ച് അന്തിമ ധാരണയായില്ല. സാങ്കേതികമായി നിയമം ഇപ്പോഴും നിലനിൽക്കുന്നുണ്ട് താനും. എതിർപ്പുകൾ കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനമാണ് സർക്കാരെടുത്തത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. തീരുമാനം പിൻവലിക്കുന്നത് എങ്ങനെ നടപ്പാക്കണമെന്ന ശുപാർശയോടെയാകും ഫയൽ ആഭ്യന്തരവകുപ്പിൽനിന്ന് നിയമവകുപ്പിലെത്തുക.
ഓർഡിനൻസ് പിൻവലിക്കാനുള്ള വഴികൾ പലതാണ് ഇവ ചുവടേ:
1. പുതിയ ഓർഡിനൻസിനു ശുപാർശ: നിയമഭേദഗതി പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ച് പുതിയ ഓർഡിൻസിനുള്ള ശുപാർശ ഗവർണർക്കു നൽകണം. അടിയന്തര സാഹചര്യം വിശദീകരിക്കേണ്ടി വരുമെന്നതും സർക്കാറിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. ശുപാർശ വിലയിരുത്തി അടിയന്തര സാഹചര്യമുണ്ടെന്നു കണ്ടാണ് ഗവർണർ ആദ്യ ഓർഡിനൻസ് ഒപ്പിട്ടത്. ഇത് റദ്ദാക്കുന്ന മറ്റൊരു നിയമം ഏതാനും ദിവസം കഴിയുമ്പോൾ ഒപ്പിടുന്നത് ഗവർണർ പദവിയുടെ ഔന്നത്യത്തെ ബാധിക്കും.
2. നിയമസഭാപ്രമേയം വഴി പിൻവലിക്കാം: നിയമസഭ ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കാനുള്ള പ്രമേയം സർക്കാരിനു കൊണ്ടുവരാം എന്നതാണ് മറ്റൊരു മാർഗ്ഗം. ജനുവരി ആദ്യം സഭ ചേരാനാണ് ആലോചന. എന്നാൽ, സാങ്കേതികമായി ഓർഡിനൻസ് പിൻവലിക്കുന്നതുവരെ നിയമം പ്രാബല്യത്തിലുണ്ടാകും. അതുവരെ ഈ നിയമപ്രകാരം നൽകുന്ന പരാതികളിൽ കേസെടുക്കാൻ പൊലീസിനു ബാധ്യതയുണ്ടാകും. ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ അതും വലിയ തിരിച്ചടിയാണ് പൊലീസിന് ഉണ്ടാക്കുക.
3. സ്വാഭാവിക മരണത്തിനു വിട്ടുനൽകാം: നിയമസഭ ചേരുന്നതു മുതൽ 42 ദിവസത്തിനുള്ളിൽ ഓർഡിനൻസ് നിയമമാക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ സ്വമേധയാ ഓർഡിനൻസിനു പ്രാബല്യമുണ്ടാകില്ല. അത്തരത്തിൽ സ്വാഭാവിക മരണത്തിന് ഓർഡിനൻസിനെ വിട്ടുനൽകാം. എന്നാൽ, സഭാ സമ്മേളനത്തിൽ നിയമഭേദഗതി വലിയ വിമർശനത്തിനു വഴിതെളിക്കുമെന്നതിനാൽ ആ വഴി സ്വീകരിക്കാനിടയില്ല.
4. സാമൂഹിക മാധ്യമങ്ങൾക്കായി പുതിയ നിയമം: തത്കാലം നിയമം നടപ്പാക്കേണ്ടെന്നു പൊലീസിനോട് നിർദേശിക്കുകയും നിയമസഭയിൽ പുതിയ ബിൽ കൊണ്ടുവരികയും ചെയ്യുക. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങൾ തടയാനുള്ള വ്യവസ്ഥകൾമാത്രം ഉൾപ്പെടുത്തി നിയമം കൊണ്ടുവരാം. അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഐ.ടി. നിയമം ലഘൂകരിച്ച സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു നിയമത്തിന്റെ സാധുതനോക്കിയേ സർക്കാരിന് ആ വഴി തിരഞ്ഞെടുക്കാനാകൂ.
മറുനാടന് മലയാളി ബ്യൂറോ