- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിർക്കുന്നത് നിലനിൽപിനെ ബാധിക്കുമെന്ന കൊണ്ട്; വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാൾ യു.ഡി.എഫിന്റെയും ലീഗിന്റെയും നേട്ടമാണ് പ്രധാനം; യുഡിഎഫിനെ നയിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ചുമതല; പികെയുടെ മടങ്ങി വരവിനെ ന്യായീകരിച്ചു കെപിഎ മജീദ്
മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ മടങ്ങിവരവിനെ ന്യായീകരിച്ചു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിർക്കുന്നത് ഭയം കൊണ്ടെന്ന് കെപിഎ മജീദ് പറഞ്ഞു. നിലനിൽപിനെ ബാധിക്കുമെന്ന് കരുതുന്നവരാണ് എതിർക്കുന്നത്. വ്യക്തികളുടെ സ്ഥാനമാനങ്ങളെക്കാൾ യു.ഡി.എഫിന്റെയും ലീഗിന്റെയും നേട്ടമാണ് പ്രധാനം. യു.ഡി.എഫിനെ നയിക്കുകയാണ് കുഞ്ഞാലിക്കുട്ടിയുടെ ചുമതലയെന്നും കെ.പി.എ മജീദ് വ്യക്തമാക്കി.
കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ പൂർണ സമയം സംസ്ഥാനത്ത് ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ലോക്സഭ എംപിയായി ഇരുന്നുകൊണ്ട് സംസ്ഥാനത്തെ കാര്യങ്ങൾ ശ്രദ്ധിക്കുക പ്രയാസകരമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് സമയത്താണ് തീരുമാനിക്കുന്നത്. അക്കാര്യങ്ങളിൽ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ലെന്നും കെ.പി.എ മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ മലപ്പുറത്ത് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ചർച്ചയായത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നേതൃത്വം നൽകാനാണ് പദ്ധതി. എംപി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നത് പാർട്ടി തീരുമാനമാണെന്നും വ്യക്തികളുടെ അഭിപ്രായമല്ലെന്നും കെ.പി.എ മജീദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതേസമയം കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ മടങ്ങിയെത്തുന്നത് ലീഗിന്റെയും യുഡിഎഫിന്റെയും അണികൾ പൊതുവെ സ്വാഗതം ചെയ്യുകയാണ്്. കടുത്ത രാഷ്ട്രീയ തന്ത്രഞ്ജനും മുന്നണിക്കകത്തെ പല പ്രശ്നങ്ങളിലും മധ്യസ്ഥന്റെ റോൾ എടുത്തിട്ടുള്ള കുഞ്ഞാലിക്കുട്ടി, നിലവിലെ അവസ്ഥയിൽ സംസ്ഥാനത്തെ യുഡിഎഫിന് മുതൽക്കുട്ടാവും. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ കടുത്ത തിരിച്ചിടിയുടെ പശ്ചാത്തലത്തിൽ കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള അനുഭവ സമ്പത്തുള്ള നേതാക്കൾ തിരിച്ചെത്തുന്നത് യുഡിഎഫിന് ഗുണം ചെയ്യും.
പക്ഷേ അപ്പോൾ ഒരു കാര്യവുമില്ലാതെ രണ്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടത്തിയെന്ന വിമർശനം ലീഗ് നേരിടേണ്ടിവരും. നേരത്തെ ഒരുകാര്യവുമില്ലാതെയാണ് കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് മൽസരിച്ചത്. അതിന്റെ പേരിൽ വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരുന്നു. ഇപ്പോൾ ഇതാ മലപ്പുറം ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നിരിക്കയാണ്.
മറുനാടന് മലയാളി ബ്യൂറോ