കോഴിക്കോട്: കൊടുവള്ളിയിലെ ലീഗ് വിമതനായി മത്സരിച്ചു എംഎൽഎയായ കാരാട്ട് റസാഖിനെ തിരികെ ലീഗിൽ എത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെ വിവാദത്തിൽ പ്രതികരിച്ചു മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തി. കൊടുവള്ളി എംഎൽഎയുമായി യാതൊരു വിധത്തിലുള്ള ചർച്ചകളും നടത്തിയിട്ടില്ലെന്ന് മജീദ് പറഞ്ഞു. കാരാട്ട് റസാഖുമായി താനോ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയോ യാതൊരു വിധ ചർച്ചയും നടത്തിയിട്ടില്ലെന്നും മജീദ് പറഞ്ഞു.

അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യുഡിഎഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നുവെന്നും കെപിഎ മജീദ് അഭിപ്രായപ്പെട്ടു.

തന്റെ ലീഗിലേക്കുള്ള വരവിന് തടസമാകുന്നത് ജില്ലാ നേതൃത്വമാണെന്ന് വ്യക്തമാക്കി കാരാട്ട് റസാഖ് രംഗത്തെത്തിയതിന് പിന്നലെയാണ് വിഷയത്തോട് പ്രതികരിച്ച് കെപിഎ മജീദ് രംഗത്തെത്തിയത്. താൻ ലീഗിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കൾ തന്നെ സമീപിച്ചെന്നായിരുന്നു കാരാട്ട് റസാഖ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. യുഡിഎഫ് നേതാക്കളാണ് ചർച്ച നടത്തിയതെന്നും എന്നാൽ പ്രാദേശിക ലീഗ് നേതൃത്വം തന്നോടുള്ള എതിർപ്പ് യുഡിഎഫ് നേതാക്കളെ അറിയിച്ചുവെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാർത്ത.

'ലീഗ് നേതൃത്വത്തിനോട് എനിക്ക് വിയോജിപ്പുകളൊന്നുമില്ല. സ്ഥാനത്തുനിന്ന് മാത്രമേ ഞാൻ രാജി വെച്ചിട്ടുള്ളു. ലീഗിൽനിന്ന് രാജി വെച്ചിട്ടില്ല. ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല. ഒരു ചർച്ച നടത്തി അങ്ങോട്ടും ഇങ്ങോട്ടും ധാരണകളിലെത്തേണ്ട കാര്യമേയുള്ളു. ആ ചർച്ച നടത്തുന്നതിലെ പ്രയാസങ്ങളാണ് നിലവിലുള്ളത്. ഞാൻ തിരിച്ചുപോവുകയാണെങ്കിൽ ഒരു മെമ്പർഷിപ്പുപോലും എടുക്കേണ്ടതില്ല. ഞാൻ ലീഗുകാരൻ തന്നെയാണെന്ന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആളുകൾ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് അവരുടെ വോട്ടുകൊണ്ട്് ഞാൻ ജയിച്ചത്. അത് ഇപ്പോഴും അങ്ങനെത്തന്നെയാണ്', കാരാട്ട് റസാഖ് പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം സംസാരിച്ചോ എന്നതും കാരാട്ട് റസാഖ് നിഷേധിച്ചിരുന്നില്ല. 'അദ്ദേഹം ഇടപെടാതെ ലീഗ് സംസ്ഥാന നേതൃത്വം സംസാരിച്ചെന്ന് എനിക്ക് പറയാൻ കഴിയില്ലല്ലോ', എന്നായിരുന്നു മറുപടി. ഇക്കാര്യം തള്ളിയാണ് കെപിഎ മജീദ് രംഗത്തെത്തിയിരിക്കുന്നത്.

ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞാണ് എൽഡിഎഫ് സ്വതന്ത്രനായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ലീഗിന്റെ ജില്ലാ സെക്രട്ടറികൂടിയായിരുന്ന എംഎ റസാഖിനെ പരാജയപ്പെടുത്തിയായിരുന്നു കാരാട്ട് റസാഖ് ജയിച്ചുകയറിയത്. ഇത് ലീഗിന് ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കിയിരുന്നു.