തിരുവനന്തപുരം: കെ സുധാകരൻ പാർട്ടി പിടിക്കുമെന്ന ഭയത്തിലാണ് കോൺഗ്രസിലെ ഗ്രൂപ്പു മാനേജർമാർ. കുറച്ചുകാലമായി ഗ്രൂപ്പുകൾ മാത്രം കാര്യങ്ങൾ നിശ്ചയിക്കുന്ന അവസ്ഥക്ക് മാറ്റം വന്നു. ഇതോടെ ഗ്രൂപ്പു മാനേജർമാരുടെ റോൾ തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ഇതിന്റെ അമർഷത്തിലാണ് മിക്കവരും. കെ സുധാകരനെതിരെ ശക്തമായി രംഗത്തുള്ളത് ബെന്നി ബെഹനാൻ അടക്കമുള്ള നേതാക്കളാണ്. ഇവർ ഇടക്കിടെ തങ്ങളുടെ അമർഷം കടിച്ചമർത്തും. ഇടക്ക് പരസ്യമായി ആഞ്ഞടിക്കുകയും ചെയ്യും.

കേരളത്തിൽ കോൺഗ്രസിനെ ഊർജ്ജസ്വലമാക്കി എടുക്കാനുള്ള കെ സുധാകരന്റെ ശ്രമങ്ങൾക്കാണ് ഇപ്പോൾ ഗ്രൂപ്പു മാനേജർമാർ പാരവെപ്പുമായി രംഗത്തുവന്നിരിക്കുന്നത്. ഇതിനായി പാർട്ടി പുനഃസംഘടന നിർത്തിവെക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. കേരളത്തിൽ നിശ്ചയിച്ചിരിക്കുന്ന പാർട്ടി പുനഃസംഘടന, എഐസിസി സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർത്തിവയ്ക്കണമെന്നു കെപിസിസി നേതൃയോഗത്തിൽ ആവശ്യം ഉയർന്നു. ദുർബലമായ ഘടകങ്ങൾ പുനഃസംഘടിപ്പിച്ചാൽ മാത്രമേ അംഗത്വ വിതരണം തന്നെ നടക്കൂവെന്നും തീരുമാനം ഹൈക്കമാൻഡിനു വിടാമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മറുപടിയും നൽകി.

തിരഞ്ഞെടുപ്പ് എന്നാൽ ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നതു ബൂത്ത് മുതൽ തമ്മിൽത്തല്ല് അല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പായിത്തന്നെ നടക്കണമെന്ന വാദവുമായും ഗ്രൂപ്പുകൾ രംഗത്തുവന്നു. സംഘടനയെ ശക്തമാക്കുകയാണു തിരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യമെന്നു വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിൽ ഭാരവാഹിയാകാൻ ക്യാംപുകളിൽ പങ്കെടുക്കുന്നതു നിർബന്ധമാക്കും. പാർട്ടി ഭരണഘടനയിൽ തന്നെ ഇതിനായി മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചപ്പോഴും കെപിസിസി പുനഃസംഘടന ഉണ്ടായപ്പോഴും എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കൾക്കായിരുന്നു സ്ഥാനനഷ്ടം. ഇവർ എല്ലാം ഇക്കുറി സുധാകരനെതിരെ തിരിഞ്ഞിട്ടുണ്ട്. എയിലെ പ്രമുഖ നേതാക്കളായ കെ.സി.ജോസഫ്, ബെന്നി ബഹനാൻ, കെ.ബാബു എന്നിവരാണു പുനഃസംഘടനയോടുള്ള ഭിന്നത പ്രധാനമായും വ്യക്തമാക്കിയത്. മത്സരിക്കുമെന്നു കെപിസിസി പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചത് അസ്ഥാനത്തായെന്നു കെ ബാബു ചൂണ്ടിക്കാട്ടി. കൂടിയാലോചനകളുടെ അഭാവം പാർട്ടിയെ തളർത്തുന്നതായും അദ്ദേഹം ആരോപിച്ചു.

അതേസമയം ഒരു പടി കൂടി കടന്നായിരുന്നു ബെന്നി ബെഹനാന്റെ പ്രതികരണം. സുധാകരൻ പ്രസിഡന്റായ ശേഷം രൂപീകരിച്ച യൂണിറ്റ് കമ്മിറ്റികൾക്കെതിരെ ബെന്നി ബഹനാൻ വൈകാരികമായാണ് പ്രതികരിച്ചത്. ഇവയെ നിയന്ത്രിക്കുന്നതു സുധാകരന്റെ അനുയായികളായ കെ.എസ് ബ്രിഗേഡാണ്. ജനപ്രതിനിധികളെ വരെ ഈ യോഗങ്ങളിൽ നിയന്ത്രിക്കുന്നും ബെന്നി കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണം സുധാകരൻ തള്ളി ത

പിണറായി വിജയനോടു സംസാരിക്കുന്നതു പോലെ കെപിസിസി യോഗത്തിൽ നേതൃത്വത്തോടു സംസാരിക്കേണ്ട കാര്യമില്ലെന്നു സുധാകരൻ മറുപടി നൽകി. യൂണിറ്റ് കമ്മിറ്റികളുടെ പരിശീലനത്തിൽ ജനപ്രതിനിധികൾ പങ്കെടുക്കണമെന്നു നിർബന്ധമില്ല. രാഷ്ട്രീയകാര്യ സമിതി യോഗം മാസത്തിലൊരിക്കൽ വിളിക്കണമെന്ന കെ.സി.ജോസഫിന്റെയും ബെന്നിയുടെയും ആവശ്യം സുധാകരൻ നിഷേധിച്ചില്ല. ഭരണം ഉണ്ടായിരുന്നപ്പോഴുള്ള പാർട്ടി സർക്കാർ ഏകോപന സമിതിയല്ലേ രാഷ്ട്രീയകാര്യ സമിതി എന്നു സുധാകരൻ ചോദിച്ചപ്പോൾ, രണ്ടും രണ്ടാണെന്നു മറ്റുള്ളവർ ഖണ്ഡിച്ചു.

കെപിസിസി പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന് ഷാനിമോൾ ഉസ്മാൻ പരാതിപ്പെട്ടു. ഗ്രൂപ്പിനതീതമായ നേതൃത്വം വന്ന ശേഷം പ്രസിഡന്റിന്റെ നേതൃത്വത്തിൽ തന്നെ ഗ്രൂപ്പുണ്ടാക്കരുതെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. സംഘടനാ തിരഞ്ഞടുപ്പിനു ശേഷവും യോജിച്ചു പോകാവുന്ന സാഹചര്യം വേണമെന്നു ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. പണ്ടൊരു തിരഞ്ഞെടുപ്പിൽ തന്നോടുണ്ടായ തെറ്റിദ്ധാരണയുടെ പേരിൽ വക്കം പുരുഷോത്തമനും താനും ഇപ്പോഴും ഇന്ത്യയും പാക്കിസ്ഥാനും പോലെയാണെന്നു ശരത് ഓർമിച്ചു.

തിരഞ്ഞെടുപ്പ് ജനാധിപത്യപരമായും നീതിപൂർവകമായും നടക്കണമെന്ന നിർദേശമാണ് ഉമ്മൻ ചാണ്ടി മുന്നോട്ടുവച്ചത്. രമേശ് ചെന്നിത്തല അതിനെ പിന്തുണച്ചു. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരും സംസാരിച്ചു. സമ്പൂർണ കെപിസിസി നേതൃയോഗത്തിനു ശേഷം ഇന്നു കെപിസിസി നിർവാഹക സമിതി അംഗങ്ങളുടെ യോഗമാണ് ചേരുന്നത്. ഇന്നലത്തെ യോഗത്തിൽ നിന്നും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും വിട്ടുനിന്നു.