തിരുവനന്തപുരം: വാരിക്കോരി കൊടുത്തിട്ടും കെഎസ് ആർടിസിയിൽ അതൊന്നും ഫലം കണ്ടില്ലെന്ന കുറ്റസമ്മതവുമായി ധനമന്ത്രി തോമസ് ഐസക്. കെഎസ്ആർടിസി നിലനിർത്തുന്നതിന് പ്ലാൻഫണ്ട് അടക്കം കഴിഞ്ഞ അഞ്ചു വർഷം 5000 കോടി രൂപ ചെലവഴിച്ചു. എന്നാൽ പുനഃസംഘടന വിജയിച്ചില്ല. ഇപ്പോൾ വീണ്ടും രണ്ടാമതൊരു പുനഃസംഘടന നടത്തുകയാണ്. കെഎസ്ആർടിസിക്ക് 2021-22ൽ ആകെ സഹായം കുറഞ്ഞത് 1800 കോടി രൂപയായിരിക്കും.

ദൗർഭാഗ്യവശാൽ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം സ്വകാര്യവൽക്കരിക്കണമെന്നും, റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളെല്ലാം ഇല്ലാതാക്കുന്നതിനുള്ള മോട്ടോർ വാഹന നിയമ ഭേദഗതി അനുകൂലിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടുകാർ കെഎസ്ആർടിസിയെ രക്ഷിക്കുന്നതിനുള്ള ഈ പാക്കേജിനെതിരെ ഇന്നു രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവണതകൾ ആത്മഹത്യാപരമാണെന്നു മാത്രമേ പറയുന്നുള്ളൂവെന്നും ബജറ്റിൽ തോമസ് ഐസക് പറഞ്ഞു വയ്ക്കുന്നു.

3000 ബസുകൾ പ്രകൃതി സൗഹൃദമായ സിഎൻജി / എൽഎൻജി എഞ്ചിനുകളിലേയ്ക്ക് മാറ്റുന്നതുവഴി പ്രതിമാസം 25 കോടി രൂപ ഇന്ധനച്ചെലവ് ലാഭിക്കും. ഇതിനായി 50 കോടി രൂപ അനുവദിക്കുന്നുവെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. കിഫ്ബിയിൽ നിന്ന് 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച 1000 പുതിയ ബസുകളിൽ 300 എണ്ണമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനി പ്രവർത്തനക്ഷമമായാൽ ബാക്കികൂടി പരിഗണിക്കും. ദീർഘദൂര സർവ്വീസുകൾ കെ-സ്വിഫ്റ്റ് എന്ന നാലാം മേഖലയായി മാറ്റും. ഇത് ലാഭകേന്ദ്രമായി പ്രവർത്തിക്കും. ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ചിട്ട് വകമാറ്റിയ തുകയും മെഡിക്കൽ ആനുകൂല്യം തുടങ്ങിയവയുടെ കുടിശികകളും കൊടുക്കുന്നതിന് 225 കോടി രൂപ അനുവദിക്കുന്നു. 2021-22ൽ ശമ്പളം, പെൻഷൻ, കടം തിരിച്ചടവ് തുടങ്ങിയവയ്ക്ക് 1000 കോടി രൂപ വകയിരുത്തി. പദ്ധതിയിൽ ഗാരേജുകളും വർക്ക്‌ഷോപ്പുകളും നവീകരിക്കുന്നതിന് 30 കോടി രൂപയും ഇ-ഗവേണൻസിന് 19 കോടി രൂപയും വകയിരുത്തുന്നു.

വികാസ്ഭവൻ ഡിപ്പോയിലെ 2.89 ഏക്കർ ഭൂമിയിൽ കെഎസ്ആർടിസിയും കിഫ്ബിയും സംയുക്തമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതാണ്. എറണാകുളം, കായംകുളം തുടങ്ങിയ ബസ് സ്റ്റാന്റുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള പുനരുദ്ധാരണം 2021-22ൽ നടക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. എന്നാൽ തിരുവനന്തപുരത്തും കോഴിക്കോടും ഇപ്പോഴുള്ള കെട്ടിടങ്ങൾ പോലും കെ എസ് ആർ ടി സിക്ക് ലാഭമുണ്ടാക്കുന്നില്ലെന്നതാണ് വസ്തുത. അപ്പോൾ പിന്നെ ഈ പുതിയ പണി എന്തിനാണെന്ന ചോദ്യവും ബാക്കി. രണ്ടാം പുനഃസംഘടനയിലാണ് പ്രതീക്ഷ.

2021-22ൽ ഒരു വൻകിട ഹാർബറിന്റെ നിർമ്മാണത്തിനു തുടക്കം കുറിക്കും. അഴീക്കൽ ഒരു നദീമുഖ ഹാർബറാണ്. ഇതിന് 14.5 മീറ്റർ ആഴത്തിൽ 3698 കോടി രൂപ ചെലവിൽ ഒരു ഔട്ടർ ഹാർബർ നിർമ്മിക്കുന്നതിനുവേണ്ടി മലബാർ ഇന്റർനാഷണൽ പോർട്ട് എന്നൊരു കമ്പനി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. മൂന്നു ഘട്ടമായിട്ടാണ് ഈ തുറമുഖം നിർമ്മിക്കുക. വിശദമായ രൂപരേഖയും അതിനുള്ള ധനസമാഹരണ പ്ലാനും പുതിയ കമ്പനി തയ്യാറാക്കും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് നിർമ്മാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടർ നിർമ്മാണവും ലാന്റ് റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. 2000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് 2021-22ൽ പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം കാർഗോ ടെർമിനൽ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു.

കൊല്ലം, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിന് കേന്ദ്രസർക്കാരിന്റെ സാഗർമാല പദ്ധതിയിൽ നിന്ന് പണം സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റു തുറമുഖങ്ങൾക്കെല്ലാംകൂടി 80 കോടി രൂപ വകയിരുത്തി. കൊച്ചി മെട്രോയുടെ പേട്ട മുതൽ തൃപ്പൂണിത്തുറ വരെയുള്ള 2 കിലോമീറ്റർ എക്സ്റ്റൻഷൻ 2021-22ൽ പൂർത്തിയാകും. ഇതിനുള്ള വിഭവസമാഹരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം 1957 കോടി രൂപ ചെലവിൽ കലൂർ സ്റ്റേഡിയം മുതൽ കാക്കനാട് ഐടി സിറ്റി വരെയുള്ള 11 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമ്മാണവും നടക്കും. തിരുവനന്തപുരം - കോഴിക്കോട് ലൈറ്റ് മെട്രോയുടെ പുതുക്കിയ ഡിപിആർ കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ ശബരിമല എയർപോർട്ടിന്റെയും ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ എയർ സ്ട്രിപ്പുകളുടെയും ഡിപിആർ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 9 കോടി രൂപ വകയിരുത്തി. ഇതിൽ ശബരിമലയുടെ ഭൂമിയിൽ അനിശ്ചിതത്വം ഉണ്ട്. ബിലീവേഴ്‌സ് ചർച്ചിന്റെ സ്ഥാനപങ്ങൾ ആദായ നികുതി വകുപ്പിന്റെ റഡാറിലാണ്. ചെറുവള്ളി എസ്റ്റേറ്റും അതുകൊണ്ട് തന്നെ സർക്കാരിന് ഏറ്റെടുക്കാൻ നിയമ വഴികളിലൂടെ പോകേണ്ടി വരും.

60000 കോടി രൂപയുടെ സിൽവർ ലൈൻ സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേരള റെയിൽ ഡെവലപ്പ്‌മെന്റ് കോർപറേഷൻ എന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭം വഴിയാണ് നടപ്പാക്കുന്നത്. 2021-22ൽ പരിസ്ഥിതി പഠനവും ആവശ്യമായ അനുമതികളും വാങ്ങി പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കും. കെആർഡിസി തന്നെയാണ് തലശേരി - മൈസൂർ, നിലമ്പൂർ - നാഞ്ചങ്കോട് തുടങ്ങിയ റെയിൽ ലൈനുകൾ നിർമ്മിക്കുന്നത്. ശബരിമലയുടെ ദേശീയ പ്രാധാന്യം പരിഗണിച്ച് റെയിൽവേയുടെ ചെലവിൽ ശബരി പാത നിർമ്മിക്കണമെന്ന നമ്മുടെ ആവശ്യം ചെവികൊള്ളാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. ഈ പശ്ചാത്തലത്തിൽ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ ഏതാണ്ട് 2000 കോടി രൂപയിലധികം വരുന്ന തുക കിഫ്ബിയിൽ നിന്നും അനുവദിക്കും.