തിരുവനന്തപുരം: പേപ്പർ കമ്പനികളുമായി ഒത്തുകളിച്ച് കെടിഡിഎഫ്സിയെ തകർക്കാൻ ശ്രമമെന്ന് പരാതി. കിട്ടാക്കടങ്ങൾ പെരുകി നഷ്ടത്തിൽ മുങ്ങിയിട്ടും കുടിശിക പിരിച്ചെടുക്കാൻ കെടിഡിഎഫ്സി താൽപര്യം കാണിക്കുന്നില്ലെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിസന്ധി മൂത്ത് കെടിഡിഎഫ്സി അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. എന്നിട്ടും ലക്ഷങ്ങൾ കുടിശിക വരുത്തിയവർക്ക് നേരെ റവന്യൂ റിക്കവറി നടത്തി പണം തിരിച്ചുപിടിക്കാൻ കെടിഡിഎഫ്സി തയ്യാറാകുന്നില്ലെന്ന് ആരോപണം ഉയർന്നിരിക്കുകയാണ്.

നഷ്ടത്തിൽ മുങ്ങിപ്പോങ്ങുന്ന കെടിഡിഎഫ്സിക്ക് കരകയറാൻ ലോൺ തുകകൾ തിരികെ പിടിച്ചാൽ സാധിക്കുമെങ്കിലും അതിന് തയ്യാറാകാതെ നിഷ്‌ക്രിയസമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വിവിധ കടലാസ് കമ്പനികളുടെ പേരിൽ നടന്ന വായ്പാതട്ടിപ്പുകളാണ് കെടിഡിഎഫ്സിയെ തകർക്കുന്നത്. മറ്റ് പ്രമുഖ കമ്പനികളും വായ്പകളെടുത്തിട്ടുണ്ടെങ്കിലും അവയൊന്നും തിരിച്ചടച്ചിട്ടില്ല. രാഹുൽ ഗാന്ധി കൾച്ചറൽ സൊസൈറ്റി എന്ന സംഘടന നൽകിയ വിവരാവകാശ അപേക്ഷയിലൂടെയാണ് കെടിഡിഎഫ്സിയിലെ തട്ടിപ്പ് പുറത്തുവന്നത്.

'പൊതുപണം ഉപയോഗിച്ച് നിരവധി കടലാസ് കമ്പനികൾക്ക് കോടികളാണ് കെടിഡിഎഫ്സി വായ്പയായി നൽകിയത്. എന്നാൽ വായ്പ നൽകാനുള്ള താൽപര്യം തിരിച്ചടപ്പിക്കാൻ അധികൃതർക്കില്ല. ഇതെല്ലാം ഇപ്പോൾ കിട്ടാക്കടമായി അവശേഷിക്കുകയാണ്.' - സാമൂഹിക പ്രവർത്തകയും രാഹുൽ ഗാന്ധി കൾച്ചറൽ സൊസൈറ്റി വക്താവുമായ മണിമേഖല പറയുന്നു.

നിരവധി കമ്പനികളാണ് കെടിഡിഎഫ്സിയിൽ പത്ത് ലക്ഷത്തിനുമേൽ വായ്പാ കുടിശിക വരുത്തിയിട്ടുള്ളത്. മരിക്കാർ പ്ലാന്റെഷൻ പത്ത് കോടി എൺപത്തിനാല് ലക്ഷത്തോളം രൂപയാണ് വായ്പ എടുത്തിരിക്കുന്നത്. ഇതെല്ലാം കുടിശികയാണ്. ക്രിസ്റ്റൽ ഇൻ ഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് എട്ടു കോടിയിലധികം രൂപയും മിറബെല്ല ഏഴരകൊടിയോളവും ഗ്രാൻഡ് ടെക് ബിൽഡേഴ്സ് പത്ത് കോടിക്ക് മുകളിലും ലോൺ എടുത്ത് കുടിശിക വരുത്തിയിട്ടുണ്ട്. അഞ്ച് കോടി വീതം രണ്ടുതവണയായിട്ടാണ് ഗ്രാൻഡ് ടെക്കിന് വായ്പ അനുവദിച്ചത്. ഇതേ സമീപനം ഡീൽ വർത്ത് പ്രോജക്റ്റ് ആൻഡ് ഡെവലപേഴ്സിനോടും അധികൃതർ പുലർത്തിയിട്ടുണ്ട്.

ഒന്നരക്കോടിയിലേറെ രൂപ ലോൺ എടുത്ത ഡീൽവർത്തിന് വീണ്ടും ഇരുപത് ലക്ഷത്തോളം രൂപ കൂടി കെടിഡിഎഫ്സി നൽകിയിട്ടുണ്ട്. മൂകാംബിക ഹോംസ് അഞ്ച് കോടിയോളം രൂപയുടെ വായ്പ എടുത്തപ്പോൾ ഹലീമ ബീവി എടുത്തത് അറുപത് ലക്ഷം രൂപയുടെ വായ്പയാണ്. ഇതൊന്നും തിരിച്ചുപിടിക്കുന്നതിന് യാതൊരു നടപടിയും കെടിഡിഎഫ്സി സ്വീകരിക്കുന്നില്ലെന്നാണ് പരാതി.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധികാലത്ത് സാലറി ചലഞ്ച് പോലും നടത്തി ധനസമാഹരണം നടത്തുമ്പോൾ കുടിശിക പിരിച്ചെടുക്കാൻ യാതൊരു ചലഞ്ചിനും കെടിഡിഎഫ്സി അധികൃതർ ഒരുക്കമല്ല. അതെല്ലാം കിട്ടാക്കടമായി കണ്ട് എഴുതിത്ത്ത്ത്തള്ളാനാണ് നീക്കമെന്ന് രാഹുൽ ഗാന്ധി കൾച്ചറൽ സൊസൈറ്റി ആരോപിക്കുന്നു.