- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുറ്റ്യാടിയിലെ സിപിഎം തിരുത്തിന് പിന്നിൽ ഒഞ്ചിയം മോഡൽ ഭയം; കേരള കോൺഗ്രസിനു നൽകിയ സീറ്റ് ഏറ്റെടുത്തപ്പോൾ നേതാക്കൾ നടത്തിയത് കുഞ്ഞമ്മദ് കുട്ടിയെ തഴയാൻ; മികച്ച ജനപിന്തുണയുള്ള നേതാവിനെ തഴഞ്ഞാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് വീണ്ടും തിരുത്തി; കുറ്റ്യാടിയിൽ പാർട്ടിയെ ജനം തിരുത്തുമ്പോൾ
കോഴിക്കോട്: കുറ്റ്യാടിയിലെ അണികളുടെ പ്രതിഷേധത്തിന് മുന്നിൽ സിപിഎം കീഴടങ്ങിയത് മറ്റൊരു ഒഞ്ചിയമായി കുറ്റ്യാടി മാറുമോ എന്നു ഭയന്ന്. അണികളുടെ വികാരം മാനിക്കാതെ നേതാക്കൾ സ്വന്തം താൽപ്പര്യത്തിൽ മുന്നോട്ടു പോയപ്പോൾ ഒറ്റയിടിക്ക് മൂന്ന് സീറ്റുകൾ നഷ്ടപ്പെട്ടു പോകുമെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിയിരുന്നു. അണികളെ ആശ്വസിപ്പിക്കാൻ നേതൃത്വത്തിന് കഴിയില്ലെന്ന ഘട്ടത്തിലാണ് ഒടുവിൽ വഴങ്ങാൻ പാർട്ടി തയ്യാറായത്.
അണികളുടെ പ്രതിഷേധത്ിതൽ രണ്ടാം തവണയാണ് കുറ്റ്യാടിയിൽ പാർട്ടി കീഴടങ്ങിയത്. കേരള കോൺഗ്രസിനു നൽകിയ സീറ്റ്, തെരുവിലെ പ്രതിഷേധത്തിന്റെ പേരിൽ തിരിച്ചെടുത്തായിരുന്നു ആദ്യ തിരുത്തൽ. ഇതിന് പിന്നാലെ കെപി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാതെ മറ്റൊരാളെ പരിഗണിക്കാൻ പാർട്ടി ആലോചിച്ചു. എന്നാൽ, അവിടെയും ജനപിന്തുണയുള്ള നേതാവിനെ തഴയാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് തിരുത്തലുണ്ടായത്.
സ്ഥാനാർത്ഥിയാക്കണമെന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ട കെ.പി. കുഞ്ഞമ്മദ്കുട്ടിയെത്തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതു രണ്ടാമത്തെ തിരുത്ത്. രണ്ടിനും സിപിഎമ്മിനെ പ്രേരിപ്പിച്ചതു തർക്കം 3 മണ്ഡലങ്ങളിൽ തിരിച്ചടിയാകുമെന്ന നിഗമനം. കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർത്ഥിയാക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നുവെന്നായിരുന്നു സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പ്. അതേസമയം സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വലിയ തർക്കം തന്നെ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.
ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുമായി ഞായറാഴ്ച ഉച്ചമുതൽ നടത്തിയ ആശയവിനിമയത്തിനൊടുവിലാണു സംസ്ഥാന നേതൃത്വം കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കെ. ദിനേശൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് എന്നിവരുടെ പേരുകളും ജില്ലയിലെ നേതാക്കൾ നിർദേശിച്ചിരുന്നു.
കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കുന്നതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന ചർച്ചയുണ്ടായി. എന്നാൽ സീറ്റ് വിട്ടുനൽകിയതിനെക്കാൾ വലിയ പ്രതിഷേധം സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന്റെ പേരിൽ ഉയർന്നാൽ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നു നേതൃത്വം വിലയിരുത്തി. 2016 ലും കുഞ്ഞമ്മദ്കുട്ടി സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കെ.കെ. ലതികയെ മൂന്നാം വട്ടവും മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം.
ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി ഉൾപ്പെടുന്ന സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയായിരുന്നു കുറ്റ്യാടി കലാപത്തിന്റെ പ്രഭവ കേന്ദ്രം. ജില്ലാ സെക്രട്ടറി പി. മോഹനനും ഭാര്യയും മുൻ എംഎൽഎയുമായ കെ.കെ. ലതികയും ഇതേ ഏരിയയിലെ അംഗങ്ങൾ. ലതികയുടെ സഹോദരൻ കെ.കെ. സുരേഷാണ് ഏരിയ സെക്രട്ടറി. കുന്നുമ്മൽ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള 3 പഞ്ചായത്തുകൾ കുറ്റ്യാടി മണ്ഡലത്തിലും 4 പഞ്ചായത്തുകൾ നാദാപുരം മണ്ഡലത്തിലുമാണ്.
കുറ്റ്യാടിയിലെ കലാപം നാദാപുരത്തെ ബാധിക്കുമെന്ന് അവിടെ മത്സരിക്കുന്ന സിപിഐ മുന്നറിയിപ്പു നൽകിയിരുന്നു. കുറ്റ്യാടി മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ വടകര ഏരിയ കമ്മിറ്റിക്കു കീഴിലായതിനാൽ, കുറ്റ്യാടിയിലെ പ്രതിഷേധം വടകര മണ്ഡലത്തിലെ പ്രചാരണത്തെ ബാധിക്കുമെന്ന് എൽജെഡിയും ചൂണ്ടിക്കാട്ടി. ഇതോടെയാണ് പാർട്ടി തിരുത്തലുമായി രംഗത്തെത്തിയത്. ജില്ലാ സെക്രട്ടറി മോഹനനെതിരെയും കടുത്ത വികാരമാണ് പാർട്ടി അണികൾക്കിടയിൽ ഉണ്ടായത്.
കുറ്റ്യാടി കേരള കോൺഗ്രസിൽനിന്നു തിരിച്ചെടുത്തതോടെ സിപിഎം മത്സരിക്കുന്ന സീറ്റുകൾ 86 ആയി. തിരൂരങ്ങാടിയിൽ നേരത്തെ തീരുമാനിച്ച ജില്ലാ അസി. സെക്രട്ടറി അജിതുകൊളാടിയെ മാറ്റി നിയാസ് പുളിക്കലകത്തിനെ സിപിഐ സ്ഥാനാർത്ഥിയാക്കിയിരുന്നു. അതിനിടെ, ബിജെപി ഒഴിച്ചിട്ടിരിക്കുന്ന സീറ്റുകളിലൊന്നായ കഴക്കൂട്ടത്ത് മത്സരിക്കാൻ സന്നദ്ധയാണെന്ന് ഇടഞ്ഞുനിൽക്കുന്ന നേതാവ് ശോഭാ സുരേന്ദ്രൻ പ്രഖ്യാപിച്ചു. ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിക്കായുള്ള അന്വേഷണവും തുടരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി മത്സരിക്കണമെന്നു ചില പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ