കുവൈത്ത് സിറ്റി: ഭാര്യയുടെ സ്വകാര്യത ലംഘിച്ച കേസിൽ ഭർത്താവിന് ഒരു വർഷത്തെ കഠിനതടവ് വിധിച്ച് കുവൈത്ത് അപ്പീൽ കോടതി. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ദാമ്പത്യജീവിതത്തിലെ മര്യാദകൾ ലംഘിക്കുകയും ഗാർഹിക പീഡനം നടത്തുകയും ചെയ്ത പ്രതിക്ക് കീഴ്ക്കോടതി വിധിച്ച ശിക്ഷയാണ് അപ്പീൽ കോടതി ശരിവെച്ചത്.

പ്രതി തന്റെ ഭാര്യ അറിയാതെ വീടിന്റെ ലിവിങ് റൂമിലും ദമ്പതികളുടെ കിടപ്പുമുറിയിലും രണ്ട് രഹസ്യ ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. ഈ ക്യാമറകൾ ഉപയോഗിച്ച് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിലൂടെ രഹസ്യമായി നിരീക്ഷിക്കുകയും റെക്കോർഡ് ചെയ്യുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.

ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. ക്യാമറകൾ സ്ഥാപിച്ചതായും ദൃശ്യങ്ങൾ കണ്ടതായും പ്രതി കോടതിയിൽ സമ്മതിക്കുകയും ചെയ്തു. ഇരയായ ഭാര്യക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷക ഇനാം ഹൈദർ, കുടുംബ ബന്ധങ്ങൾക്കുള്ളിൽ നടക്കുന്ന ഇത്തരം ഗുരുതരമായ സ്വകാര്യതാ ലംഘനങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കോടതിയിൽ ശക്തമായി വാദിച്ചു.