കുവൈറ്റ്: കുവൈറ്റിലെ ബ്‌നെയിദ് അൽ ഖാർ പ്രദേശത്തുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അടുക്കളയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് നിമിഷങ്ങൾക്കകം കെട്ടിടം പുകയിൽ നിറയുകയായിരുന്നു.

അപകടവിവരമറിഞ്ഞയുടൻ സെൻട്രൽ അൽ ഹിലാലി, അൽ ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. കെട്ടിടത്തിലെ താമസക്കാരെ ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞു. ദീർഘനേരത്തെ ശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കാനും വലിയ ദുരന്തം ഒഴിവാക്കാനും അഗ്നിശമന സേനയ്ക്ക് സാധിച്ചു.

സ്ഫോടനത്തിൽ പരിക്കേറ്റ വ്യക്തിയെ ഉടൻതന്നെ വൈദ്യസഹായത്തിനായി കൈമാറി. അഗ്നിശമന സേനാംഗങ്ങളുടെ കൃത്യ സമയത്തുള്ള പ്രവർത്തനങ്ങൾ കെട്ടിടത്തിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും തീപിടിത്തം കൂടുതൽ വ്യാപിക്കുന്നതിൽ നിന്ന് തടയുകയും ചെയ്തു.