കുവൈറ്റ്: കുവൈറ്റിൽ ഇന്ത്യൻ നഴ്‌സുമാരെ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ, മുമ്പ് മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിക്കപ്പെട്ടിരുന്ന പിതാവിനും മകനും അപ്പീൽ കോടതി 10,000 കുവൈത്ത് ദിനാർ വീതം പിഴ ചുമത്തി. ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന അറുപതിലധികം പ്രവാസി നഴ്‌സുമാരുടെ പരാതിയിലാണ് കൗൺസിലർ നാസർ അൽ-ഹൈദിന്‍റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി ഈ വിധി പുറപ്പെടുവിച്ചത്.

പ്രതികൾ നഴ്‌സുമാരെ സുഡാനിൽ നിന്നും ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് കൊണ്ടുവന്നുവെന്നും, ആരോഗ്യ മന്ത്രാലയം നിയമനം നൽകിയ ശേഷം അവരുടെ ശമ്പളത്തിന്‍റെ ഒരു ഭാഗം കമ്പനി ഉടമകൾക്ക് നൽകണമെന്ന് നിർബന്ധിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ കേസിൽ ഒരു സുഡാനീസ് കോൺട്രാക്ടർക്കും ഒരു ഇന്ത്യൻ കോൺട്രാക്ടർക്കും 3,000 ദിനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്.