കുവൈറ്റ്: കുവൈറ്റിലെ അംഘറ വ്യാവസായിക മേഖലയിൽ ഇന്ന് വലിയ തീപിടിത്തമുണ്ടായി. ജഹ്‌റ, ഖൈറവാൻ, അർദിയ, ഇസ്‌നാദ്, സുമൂദ് എന്നീ മേഖലകളിൽ നിന്നുള്ള ഏഴ് അഗ്നിശമന സംഘങ്ങൾ സ്ഥലത്തെത്തിയാണ് ഫാക്ടറിയിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കിയത്.

തീപിടിത്തം രൂക്ഷമാകാൻ കാരണം ഫാക്ടറിയിൽ സൂക്ഷിച്ചിരുന്ന അലുമിനിയം, ഫൈബർഗ്ലാസ് ഉൽപ്പന്നങ്ങൾ, ലിഥിയം ബാറ്ററികൾ എന്നിവയാണെന്ന് അധികൃതർ അറിയിച്ചു. തീ അണയ്ക്കുന്നതിനിടെ ആർക്കും പരിക്കേൽക്കാതെ നടപടികൾ പൂർത്തിയാക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് സാധിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. വലിയ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലാണ് ദുരന്തം വൻതോതിൽ വ്യാപിപ്പിക്കാതിരുന്നത്.