കുവൈറ്റ്: കുട്ടികൾക്ക് ശ്വാസതടസ്സമുണ്ടാക്കാൻ സാധ്യതയുള്ള നിർമ്മാണ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് 'ലബുബു' എന്ന ജനപ്രിയ കളിപ്പാട്ടത്തിൻ്റെ വിൽപ്പന കുവൈത്ത് നിരോധിച്ചു. രാജ്യത്തെ വാണിജ്യ, വ്യവസായ മന്ത്രാലയമാണ് TOY3378 മോഡൽ ലബുബു കളിപ്പാട്ടങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കാൻ ഉത്തരവിട്ടത്.

കളിപ്പാട്ടത്തിൻ്റെ ചില ഭാഗങ്ങൾ എളുപ്പത്തിൽ വേർപെട്ടുപോകാൻ സാധ്യതയുണ്ടെന്നും ഇത് കുട്ടികൾക്ക് അപകടകരമായേക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് ഉടനടി നിർത്താനും കമ്പനിയുമായി ബന്ധപ്പെട്ട് ഉൽപ്പന്നം തിരികെ നൽകാനും അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാനും നിർദ്ദേശമുണ്ട്. കുവൈത്തിലെ എല്ലാ കടകൾക്കും സ്റ്റോക്കിൽ നിന്ന് ഈ ഉൽപ്പന്നം നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും വ്യാജ 'ലബുബു' ഡോളുകളുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പുകൾ നേരത്തെ നൽകിയിരുന്നു. എന്നാൽ, കുവൈത്തിൽ പിൻവലിച്ചത് അധികൃതരുടെ അനുമതിയിൽ വിറ്റ യഥാർത്ഥ മോഡലാണെന്ന് മന്ത്രാലയം അറിയിച്ചു. ഇൻ്റർനെറ്റിൽ വലിയ പ്രചാരം നേടിയ ഈ കളിപ്പാട്ടങ്ങൾ കുട്ടികൾക്കിടയിൽ ഏറെ പ്രിയങ്കരമാണെങ്കിലും, സുരക്ഷയാണ് ഏറ്റവും പ്രധാനമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.