കുവൈറ്റ്: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. ഗതാഗത നിയമലംഘനങ്ങൾക്ക് 1000 കുവൈത്തി ദിനാർ വരെ പിഴ ചുമത്താനും ചില സാഹചര്യങ്ങളിൽ വാഹനങ്ങൾ രണ്ട് മാസം വരെ പിടിച്ചെടുക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഗതാഗതത്തിന് മനഃപൂർവം തടസ്സമുണ്ടാക്കുകയോ നിരോധിത സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുകയോ ചെയ്താൽ, രണ്ട് മാസത്തേക്ക് വാഹനം പിടിച്ചെടുക്കും. കൂടാതെ, നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് 15 മുതൽ 20 കുവൈത്തി ദിനാർ വരെ പിഴയും ഈടാക്കും. ലെയ്ൻ മാർക്കിംഗുകളും ട്രാഫിക് ചിഹ്നങ്ങളും പാലിക്കാതെ വാഹനമോടിച്ചാൽ കോടതിയിലേക്ക് റഫർ ചെയ്യുകയും രണ്ട് മാസം വരെ തടവ്, 100 മുതൽ 200 ദിനാർ വരെ പിഴ, അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ച് ശിക്ഷയായി ലഭിക്കുകയും ചെയ്യാം. പകരം 50 ദിനാർ പിഴയീടാക്കി ഒത്തുതീർപ്പ് ഉത്തരവും നൽകിയേക്കാം.

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്ക് കൂടുതൽ കഠിനമായ ശിക്ഷകളാണ് ലഭിക്കുക. ഇതിന് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 600 നും 1000 നും ഇടയിൽ കുവൈത്തി ദിനാർ പിഴയും അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകളിൽ ഏതെങ്കിലും ഒന്ന് ലഭിക്കാം. ഇതിന് പകരമായി 150 ദിനാർ ഒത്തുതീർപ്പ് പിഴയും ഈടാക്കാം. ഡ്രൈവ് ചെയ്യുമ്പോഴോ സിഗ്നലിൽ കിടക്കുമ്പോഴോ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കുന്നു. ഇതിന് മൂന്ന് മാസം വരെ തടവ്, 150 മുതൽ 300 ദിനാർ വരെ പിഴ, അല്ലെങ്കിൽ ഇവ രണ്ടും ശിക്ഷയായി ലഭിക്കാം. പകരം 75 ദിനാർ ഒത്തുതീർപ്പ് പിഴയും ചുമത്തിയേക്കാം.