കുവൈറ്റ്: വിദേശത്തുനിന്നും മരുന്നുകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ മരുന്നുകൾ കൈവശം വെക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും നിയന്ത്രണങ്ങളുമാണ് ഇതിൽ പ്രധാനമായും വ്യക്തമാക്കുന്നത്. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.

ഡോക്ടർ നൽകിയ ഒറിജിനൽ കുറിപ്പടി കൈവശം വെക്കണം. ഇതിൽ രോഗിയുടെ പേര്, മരുന്നിന്റെ കൃത്യമായ അളവ്, ഉപയോഗിക്കേണ്ട രീതി എന്നിവ വ്യക്തമായിരിക്കണം. വ്യക്തിഗത ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന മരുന്നുകൾ പരമാവധി മൂന്ന് മാസത്തെ ഉപയോഗത്തിന് ഉള്ളത് മാത്രമായിരിക്കണം. അതിൽ കൂടുതൽ മരുന്നുകൾ കൊണ്ടുവരുന്നത് നിയമവിരുദ്ധമായി കണക്കാക്കും.

മരുന്നുകൾ അവയുടെ ഒറിജിനൽ പാക്കിംഗിൽ തന്നെയായിരിക്കണം. പേരോ മറ്റു വിവരങ്ങളോ ഇല്ലാത്ത കുപ്പികളിലോ കവറുകളിലോ മരുന്നുകൾ കൊണ്ടുവരാൻ പാടില്ല. കുവൈറ്റിൽ നിരോധിച്ചിട്ടുള്ളതോ 'നിയന്ത്രിത മരുന്നുകളുടെ' പട്ടികയിൽ ഉള്ളതോ ആയ മരുന്നുകൾ കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി ആവശ്യമാണ്. ഇത്തരം മരുന്നുകൾ മതിയായ രേഖകളില്ലാതെ കൊണ്ടുവരുന്നത് നിയമനടപടികൾക്ക് കാരണമാകും.

ദീർഘകാല രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ കുറിപ്പടിക്ക് പുറമെ രോഗവിവരങ്ങൾ അടങ്ങിയ മെഡിക്കൽ റിപ്പോർട്ടും കരുതുന്നത് ഉചിതമായിരിക്കും. കസ്റ്റംസ് ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്. പുതിയ നിയമങ്ങൾ പാലിക്കാത്ത പക്ഷം മരുന്നുകൾ കണ്ടുകെട്ടുകയും യാത്രക്കാർ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരികയും ചെയ്യും. പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.