കുവൈറ്റ്: കടൽമാർഗ്ഗം രാജ്യത്തേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച അഞ്ച് ഇറാനിയൻ പൗരന്മാർക്ക് കുവൈത്ത് അപ്പീൽ കോടതി വധശിക്ഷ വിധിച്ച് ഉത്തരവിട്ടു. ലഹരിമരുന്ന് കടത്തൽ, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജഡ്ജി ഡോ. ഫഹദ് ബു സ്വാലിബിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയുടെ സുപ്രധാന വിധി.

കുവൈത്തിന്റെ സമുദ്രാതിർത്തിയിൽ വെച്ച് തീരസംരക്ഷണ സേനയുടെ പട്രോളിംഗ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ ബോട്ടിൽ നിന്ന് വലിയ അളവിൽ ലഹരിമരുന്ന് ശേഖരം കണ്ടെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തങ്ങൾ മയക്കുമരുന്നിന് അടിമകളാണെന്നും, ഇറാനിൽ നിന്ന് ബോട്ടിൽ മയക്കുമരുമായി കുവൈത്തിലേക്ക് പുറപ്പെട്ടതാണെന്നും, മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് കുവൈത്ത് പൗരന് നൽകാനായിരുന്നു നീക്കമെന്നും പ്രതികൾ കോടതിയിൽ സമ്മതിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയാകുന്ന ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കുവൈത്ത് സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ വിധിയെ വിലയിരുത്തുന്നത്. ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് കേസുകളിൽ ഒന്നാണിത്. ലഹരിമരുന്ന് കടത്തിനെതിരെ കുവൈത്ത് നിയമവ്യവസ്ഥയുടെ വിട്ടുവീഴ്ചയില്ലാത്ത സമീപനം ഈ വിധിയിലൂടെ കൂടുതൽ വ്യക്തമാവുകയാണ്.