- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
കറണ്ട് ബില്ല് അടയ്ക്കാൻ ഒന്നും നോക്കാതെ ലിങ്കിൽ കയറി; പെട്ടെന്ന് തന്റെ ബാങ്ക് അക്കൗണ്ടിന്റെ അവസ്ഥ കണ്ട് അങ്കലാപ്പ്; തട്ടിപ്പിന്റെ പുതിയ രീതിയിൽ ഞെട്ടൽ

കുവൈത്ത് സിറ്റി: ഇന്റർനെറ്റ് റൂട്ടർ ബിൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ പ്രവാസിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ 308 ദിനാർ (ഏകദേശം 83,000 ഇന്ത്യൻ രൂപ) നഷ്ടമായി. ടെലികോം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ സൈറ്റിലൂടെയാണ് തട്ടിപ്പുകാർ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവർന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അധികൃതർ, അന്വേഷണം കൊമേഴ്സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറി.
ഏഴര ദിനാർ വരുന്ന ടെലികമ്മ്യൂണിക്കേഷൻ ബിൽ അടയ്ക്കുന്നതിനായി ഓൺലൈനിൽ തിരഞ്ഞപ്പോഴാണ് പ്രവാസി തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങിയത്. കമ്പനിയുടെ ഔദ്യോഗിക ലോഗോയും പേരും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വെബ്സൈറ്റിലാണ് ഇയാൾ അബദ്ധവശാൽ പ്രവേശിച്ചത്. ബാങ്ക് കാർഡ് വിവരങ്ങൾ നൽകിയ ഉടൻ 'ട്രാൻസാക്ഷൻ ഫെയിൽഡ്' എന്ന സന്ദേശം ലഭിച്ചെങ്കിലും, നിമിഷങ്ങൾക്കകം അക്കൗണ്ടിലുണ്ടായിരുന്ന തുക മുഴുവൻ നഷ്ടപ്പെട്ടതായി പ്രവാസി തിരിച്ചറിഞ്ഞു.
ബാങ്ക് രേഖകളിൽ കൃത്രിമം കാണിക്കൽ, ഇലക്ട്രോണിക് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അധികൃതർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത്, കൂടുതൽ വിശദമായ അന്വേഷണത്തിനായി കേസ് കൊമേഴ്സ്യൽ അഫയേഴ്‌സ് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യഥാർത്ഥ വെബ്സൈറ്റുകളെ വെല്ലുന്ന രീതിയിൽ വ്യാജ സൈറ്റുകൾ നിർമ്മിച്ച് സൈബർ ക്രിമിനലുകൾ കെണികൾ ഒരുക്കുകയാണ്. സെർച്ച് എഞ്ചിനുകളിൽ ഇത്തരം വ്യാജ സൈറ്റുകൾ മുന്നിൽ വരാൻ സാധ്യതയുള്ളതിനാൽ, ഓൺലൈൻ പേയ്‌മെന്റുകൾ നടത്തുമ്പോൾ ലിങ്കുകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനുകൾ മാത്രം പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാനും, അപരിചിതമായ പരസ്യങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


