- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
പൊട്ടിത്തെറി ശബ്ദം കേട്ടാൽ ആരും പേടിക്കേണ്ട; മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുന്നതായി കുവൈറ്റ് സൈന്യം; പ്രദേശങ്ങളിൽ അതീവ ജാഗ്രത

കുവൈറ്റ്: കുവൈറ്റിന്റെ വ്യോമാതിർത്തിയിലേക്ക് കടന്ന ഏഴ് ഡ്രോണുകളെ സായുധസേന വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാർച്ച് 7 ശനിയാഴ്ച പുലർച്ചെ രാജ്യത്തിന്റെ വടക്കൻ, തെക്കൻ മേഖലകളിൽ പ്രവേശിച്ച ഡ്രോണുകളെയാണ് കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ടത്. ഈ നീക്കത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായതെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ ബാലിസ്റ്റിക് മിസൈലുകളും ക്രൂസ് മിസൈലുകളും ഡ്രോണുകളും തടയുന്നതിനിടെ വ്യോമപ്രതിരോധ സംവിധാനം നടത്തിയ ഇന്റർസെപ്ഷൻ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് സൈന്യം വിശദീകരിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ കുവൈത്ത് സായുധസേന പൂർണ ജാഗ്രതയിലും സജ്ജതയിലുമാണെന്ന് ജനറൽ സ്റ്റാഫ് അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും സൈന്യം അഭ്യർത്ഥിച്ചു.
അതേസമയം, സമാനമായ വ്യോമാക്രമണ പ്രതിരോധ നടപടികളുടെ ഭാഗമായി ദുബായിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പ്രവാസി ഡ്രൈവർക്ക് ദാരുണാന്ത്യം സംഭവിച്ചു. ദുബായിലെ അൽ ബർഷയിലുണ്ടായ ഈ സംഭവത്തിൽ ഒരു ഏഷ്യക്കാരനാണ് മരിച്ചതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. പാകിസ്ഥാൻ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ആകാശത്തുണ്ടായ പ്രതിരോധ നടപടികളുടെ അവശിഷ്ടങ്ങൾ വാഹനത്തിന് മുകളിൽ പതിച്ചാണ് അപകടമുണ്ടായതെന്ന് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മരിച്ച വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
ദുബായ് മറീനയിൽ മറ്റൊരു ടവറിന്റെ മുൻഭാഗത്ത് പ്രതിരോധ അവശിഷ്ടങ്ങൾ വീണ് ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും മീഡിയ ഓഫീസ് അറിയിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളെത്തുടർന്ന് ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ.


