കുവൈറ്റ്: കുവൈറ്റിലെ അതീവ സുരക്ഷാ മേഖലകൾക്ക് മുകളിലൂടെ പറന്ന അഞ്ച് ഡ്രോണുകൾ നാഷണൽ ഗാർഡ് തകർത്തു. ഇന്ന് പുലർച്ചെയാണ് തന്ത്രപ്രധാനമായ സുരക്ഷാ കേന്ദ്രങ്ങൾക്ക് മുകളിൽ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ ജദാൻ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

നാഷണൽ ഗാർഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സുരക്ഷിത മേഖലകളിലാണ് ഡ്രോണുകൾ അതിക്രമിച്ചു കയറിയത്. ഉടനടി ഇടപെട്ട സേന ഇവയെല്ലാം തകർക്കുകയായിരുന്നു.

കുവൈത്ത് സൈന്യം, പോലീസ്, ജനറൽ ഫയർ ഫോഴ്സ് എന്നിവരുമായി ചേർന്ന് നാഷണൽ ഗാർഡ് ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഏത് തരത്തിലുള്ള വ്യോമ ഭീഷണികളെയും നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്ന് വക്താവ് അറിയിച്ചു. മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് നാഷണൽ ഗാർഡ് അഭ്യർത്ഥിച്ചു.