- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Kuwait
- /
- News Kuwait
ഇനി അത്തരം വീഡിയോകൾ ഒരിക്കലും പ്രചരിപ്പിക്കരുത്; ചിത്രങ്ങൾ പങ്കുവെച്ചാൽ ശക്തമായി നടപടി സ്വീകരിക്കും; കടുത്ത മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ്: കുവൈറ്റിൽ സംഘർഷം, സൈനിക നടപടികൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മതവിഭാഗീയത പ്രേരിപ്പിക്കുന്നതോ സമൂഹത്തിൽ കലഹം സൃഷ്ടിക്കുന്നതോ ആയ ഉള്ളടക്കങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കുവൈത്ത് സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡ്രോൺ അവശിഷ്ടങ്ങളും പതിച്ച് ആറ് പേർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെയാണ് ഈ നിർണായക നടപടി.
ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് കുവൈത്ത് നിയമപ്രകാരം ഗുരുതരമായ നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും ദേശീയ ഐക്യവും സാമൂഹിക സൗഹൃദവും സംരക്ഷിക്കുന്നതിന് എല്ലാ താമസക്കാരും നിഷ്പക്ഷത പാലിക്കണമെന്നും പ്രേരണാപരമായ ഉള്ളടക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സൈബർക്രൈം വിഭാഗം അഭ്യർത്ഥിച്ചു.
കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ, വിവരമറിഞ്ഞയുടൻ അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ് ടീമുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദിന്റെ പ്രസ്താവന പ്രകാരം, ആംബുലൻസ് സംഘങ്ങൾ സംഭവസ്ഥലത്ത് വെച്ച് രണ്ട് സ്ത്രീകൾക്ക് ചികിത്സ നൽകി. പരിക്കേറ്റ മറ്റൊരാളെ തുടർ ചികിത്സയ്ക്കായി ജഹ്റ ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലേക്ക് മാറ്റി. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാതിരിക്കാനുള്ള ശക്തമായ നീക്കമായാണ് ഈ മുന്നറിയിപ്പ് വിലയിരുത്തപ്പെടുന്നത്.


