കുവൈറ്റ്: കുവൈറ്റിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് പട്രോളിംഗ് വാഹനത്തിൽ ബസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് രക്ഷാപ്രവർത്തന വിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഇവരെ മുബാറക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

അമിതവേഗതയിൽ ഓടിച്ചുവരികയായിരുന്ന ബസിന്റെ ഒരു ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പൊലീസ് വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യക്കാരനായ ബസ് ഡ്രൈവറെ സൽവ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.