- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിവെള്ളത്തിനുള്ള അപേക്ഷ സ്വീകരിച്ച് പണവും അടപ്പിച്ചു; പദ്ധതി പട്ടികജാതി കോളനിക്ക് മാത്രമുള്ളതാണെന്ന് പറഞ്ഞ് കണക്ഷൻ നിഷേധിച്ചു; എത്രയും വേഗം കുടിവെള്ളവും പതിനായിരം രൂപ നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃഫോറം വിധി: വെട്ടിലായത് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർ
പത്തനംതിട്ട: കുടിവെള്ളത്തിനുള്ള അപേക്ഷ സ്വീകരിച്ച് ഫീസും വാങ്ങിയ ശേഷം കണക്ഷൻ നൽകാൻ കഴിയില്ലെന്ന് അറിയിച്ച വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയർക്ക് ഉപഭോക്തൃ തർക്ക പരിഹാര ഫോറം പിഴ വിധിച്ചു.
ഓമല്ലൂർ പാറേക്കാട്ട് ബെന്നി എം. ബേബി ജലഅഥോറിറ്റി പത്തനംതിട്ട അസിസ്റ്റന്റ് എൻജിനീയറെ എതിർകക്ഷിയാക്കി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ സമർപ്പിച്ച ഹർജിയിലാണ് വിധി ഉണ്ടായത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന ഹർജിക്കാരൻ ഗാർഹിക ഉപയോഗത്തിനായി കണക്ഷൻ എടുക്കുന്നതിന് ജലഅഥോറിറ്റിയെ സമീപിക്കുകയും അസിസ്റ്റന്റ് എൻജിനീയറുടെ നിർദേശ പ്രകാരം കണക്ഷനുള്ള അപേക്ഷാഫോറം നൽകി.
2000 രൂപ ഫീസ് അടച്ച ശേഷം പഞ്ചായത്തിൽ നിന്നും ലഭിച്ച അനുബന്ധ സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം ഹാജരാക്കി. കണക്ഷൻ ലഭിക്കുന്നതിന് താമസം നേരിട്ടപ്പോൾ കാരണമായി പറഞ്ഞത് ബെന്നിയുടെ വീടിനു മുൻവശത്തു കൂടി പോകുന്ന പൈപ്പ് ലൈൻ പട്ടികജാതി കോളനിയിലേക്കുള്ളതാണെന്നും ഇതിൽ നിന്നും മറ്റ് വിഭാഗത്തിൽപ്പെട്ടവർക്ക് വെള്ളം നൽകാനാവില്ലെന്നുമാണ്. അപേക്ഷകന്റെ പക്കൽ നിന്നും മതിയായ രേഖകളും ഫീസും വാങ്ങിയ ശേഷം അപേക്ഷ നിരാകരിച്ചത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുമുണ്ടായ സേവന വീഴ്ചയാണെന്ന് ബെന്നി കോടതിയിൽ ചൂണ്ടിക്കാട്ടി.
അപേക്ഷ നിരസിച്ചതിന് മതിയായ രേഖകൾ കോടതിയിൽ ഹാജരാക്കാനും ജലഅഥോറിറ്റിക്കു കഴിഞ്ഞില്ല. ഒരു മാസത്തിനകം പരാതിക്കാരന് ഗാർഹിക ഉപയോഗത്തിന് വാട്ടർ കണക്ഷൻ നൽകണമെന്നും നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിലേക്ക് 5,000 രൂപയും നൽകണമെന്നും ഉപഭോക്തൃഫോറം വിധിച്ചു.
കുടിവെള്ളവും ശുദ്ധവായുവും ലഭിക്കുകയെന്നത് പൗരന്റെ മൗലിക അവകാശമാണെന്നും ഉദ്യോഗസ്ഥരുടെ വ്യക്തി താൽപര്യങ്ങൾക്കായി അതു നിരസിക്കുന്നത് പൗരബോധമുള്ള ഉദ്യോഗസ്ഥ സമൂഹത്തിന് ചേർന്നതല്ലായെന്നും കോടതി വാക്കാൽ പരാമർശിച്ചു. ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, മെംബർമാരായ എൻ. ഷാജിതാ ബീവി, നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്