- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയമണ്ട് വിദഗ്ദർക്ക് പോലും തിരിച്ചറിയാനാകാത്ത ഗുണമേന്മയും സാമ്യവും; പ്രകൃതിക്ക് ഒരു കോട്ടവും വരില്ല; വിലയാണെങ്കിൽ മൂന്നിലൊന്നു മാത്രം; ലാബുകളിൽ നിർമ്മിച്ച കൃത്രിമ ഡയമണ്ട് സ്ത്രീകളെ കീഴടക്കുന്നു; വജ്രാഭരണങ്ങളുടെ വില സ്വർണ്ണത്തേക്കാൾ താഴോട്ട് പോകുന്ന കാലം വരുന്നു
ലണ്ടൻ: ലബോറട്ടറികളിൽ നിർമ്മിക്കുന്ന ഡയമണ്ട് ആദ്യമായി വിൽപനയ്ക്കെത്തുന്നത് 2018-ൽ ആയിരുന്നു. അന്ന് ഇത് വിപണിയിലെത്തിച്ച ലോറ ഷവേസ് എന്ന യുവ സംരംഭകയ്ക്ക് പരമ്പരാഗത വജ്രവ്യാപാരികളിൽ നിന്നും ഭീഷണി ലഭിക്കുമ പോലും ഉണ്ടായത്രെ. വ്യാജ വജ്രങ്ങളാണ്വിൽക്കുന്നതെന്നും നിയമനടപടികൾ സ്വീകരിക്കുമെന്നും ഒക്കെയായിരുന്നു ഭീഷണി. എന്നാൽ, താൻ ചെയ്യുന്നതിൽ തെറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞ ലോറ തന്റെ വ്യാപാരവുമായി മുന്നോട്ട് പോവുകയായിരുന്നു.
അന്ന് പരമ്പരാഗത വജ്ര വ്യാപാരികളെ കൊണ്ട് ലോറയെ ഭീഷണിപ്പെടുത്താനും മറ്റും പ്രേരിപ്പിച്ചത് ഒരുപക്ഷെ തങ്ങളുടെ ബിസിനസ്സ് നഷ്ടപ്പെടും എന്ന ചിന്തയാകാം. എന്തായാലും അത് സത്യമായി വന്നേക്കാമെന്നാണ് നിലവിൽ കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ തോന്നുക. വജ്ര വ്യാപാര രംഗം ഇതുവരെ അഭിമുഖീകരിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതിസന്ധി തന്നെയാണ് ലബോറട്ടറികളിൽ നിർമ്മിച്ചെടുക്കുന്ന കൃത്രിമ വജ്രം. രാസഘടനയിലും, ഭൗതിക സവിശേഷതകളിലും അതുപോലെ നോട്ടത്തിലും സ്വാഭാവിക വജ്രവുമായി ഏറെ സമാനതകളുള്ള ഇവ ഏതാനും ആഴ്‌ച്ചകൾ കൊണ്ട് നിർമ്മിച്ചെടുക്കാം എന്നുമാത്രമല്ല, പ്രകൃതിദത്തമായ വജ്രത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് വില മാത്രമേ വരികയുമുള്ളു.
ഒരാഴ്‌ച്ച മുതൽ നാലാഴ്‌ച്ച വരെ സമയമെടുത്താണ് ലബോറട്ടറികളിൽ കൃത്രിമ വജ്രം വികസിപ്പിച്ചെടുക്കുന്നത്. അവ തയ്യാറായിക്കഴിഞ്ഞാൽ മുറിച്ചെടുക്കുകയും പോളിഷ് ചെയ്യുകയും ചെയ്യും. 2018-ലായിരുന്നു ഇത്തരത്തിലുള്ള കൃത്രിമ വജ്രാഭരണങ്ങൾ ആദ്യമായി വിപണിയിലിറങ്ങിയത്. 2019 ആയപ്പോഴേക്കും കൃത്രിമ വജ്രാഭരണ വിപണി 20 ശതമാനം വളർച്ച കൈവരിച്ചുകഴിഞ്ഞിരുന്നു. കഴിഞ്ഞവർഷം, 7 മില്ല്യൺ കാരറ്റ് കൃത്രിമ വജ്രമാണ് വിവിധ ലബോറട്ടറികളിലായി ഉദ്പാദിപ്പിച്ചത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ന് കൃത്രിമ വജ്രാഭരണ വിപണി ഏകദേശം 1.9 ബില്ല്യൺ ഡോളറോളം മൂല്യമുള്ളതാണ് പ്രതിവർഷം 22 ശതമാനം വരെ വളർച്ച കൈവരിക്കുന്ന ഈ വ്യവസായ മേഖലയുടെ മൂല്യം 2023 ആകുമ്പോഴേക്കും 1.9 ബില്ല്യൺ ഡോളറായി വർദ്ധിക്കുമെന്നാണ് പ്രമുഖ ഡയമണ്ട് ഇൻഡസ്ട്രി അനാലിസ്റ്റ് പോൾ സിംനിസ്‌കി പറയുന്നത്. വിപണിയിലുണ്ടായ ഈ മാറ്റം പരമ്പരാഗത വജ്രവ്യാപാരികൾക്ക് വലിയൊരു തിരിച്ചടിയാണ് എന്നതിൽ സംശയമൊന്നുമില്ല. അവർ പല പുതിയ വിപണന തന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും കൃത്രിമ വജ്രാഭരണ വിപണി വളരുക തന്നെയാണ്.
രണ്ടു വ്യത്യസ്ത തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കൃത്രിമ വജ്രം നിർമ്മിക്കുന്നത്. ഭൂമിയിൽ ആദ്യകാലങ്ങളിൽ വജ്രക്കല്ലുകൾ രൂപപ്പെട്ട സാഹചര്യത്തിൽ ഉണ്ടായിരുന്ന ഉയർന്ന മർദ്ദവും താപനിലയും പുനഃസൃഷ്ടിക്കുന്ന എച്ച് പി എച്ച് ടി എന്ന സാങ്കേതിക വിദ്യയാണ് അതിലൊന്ന്. 1950-ൽ കണ്ടുപിടിച്ച ഈ സാങ്കേതിക വിദ്യയിൽ ഒരു കഷണം കാർബണിനകത്ത് ഒരു ഡയമണ്ട് കഷ്ണം വയ്ക്കും. പിന്നീട് ഉയർന്ന മർദ്ദവും താപനിലയും സൃഷ്ടിച്ച് കാർബണിനെ വജ്രമാക്കി മാറ്റും.
എച്ച് പി എച്ച് ടി സാങ്കേതികവിദ്യ താരതമ്യേന ചെലവ് കുറഞ്ഞതാണെങ്കിൽ കെമിക്കൽ വേപ്പർ ഡെപ്പോസിഷൻ എന്ന രണ്ടാമത്തെ സാങ്കേതിക വിദ്യ ചെലവേറിയതാണ്. ഗുണമേന്മ വർദ്ധിച്ച ഉയർന്ന ഗ്രേഡിലുള്ള ഡയമണ്ടുകളുടെ നിർമ്മാണത്തിനാണ് ഇത് ഉപയോഗിക്കുന്നത്. കാർബൺ ഹെവി വാതകം നിറച്ച ഒരു വാക്യൂം ചേമ്പറിൽ ഒരു കനം കുറഞ്ഞ വജ്രത്തകിട് വച്ച് 1000 ഡിഗ്രിക്ക് മുകളിൽ ചൂടാക്കുന്നതാണ് ഈ വിദ്യ.
ഇത്തരത്തിൽ ലാബിൽ ഉണ്ടാക്കിയെടുക്കുന്ന വജ്രങ്ങൾ ജലസ്രോതസ്സുകൾ മലിനപ്പെടുത്തുകയോ, ഖനനം വഴി പ്രകൃതിക്ക് ദോഷമുണ്ടാക്കുകയോ ഇല്ല. അതുകൊണ്ടു തന്നെ ഇവയ്ക്ക് പ്രകൃതിസ്നേഹികളുടെ ഇടയിൽ പ്രിയമേറിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്