കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സേനയുടേത് ചൈനീസ് കണക്കുകൂട്ടൽ തെറ്റിച്ചുള്ള അതിവേഗ നീക്കം; ഷെൻപാവോ കുന്ന് തങ്ങളുടേതെന്ന് അവകാശപ്പെട്ട ചൈനയെ തുരത്തിയത് ഇന്ത്യൻ വീരപുത്രന്മാർ; ചൈനീസ് സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന നീക്കം നടത്തിയത് ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷനിൽ; ഇന്ത്യൻ സേന വെടി ഉതിർത്തെന്ന ചൈനീസ് സേനയുടെ ആരോപണം തള്ളി ഇന്ത്യ; വിശദമായ പ്രസ്താവന സേനാ വൃത്തങ്ങൾ പുറത്തിറക്കും
- Share
- Tweet
- Telegram
- LinkedIniiiii
ലേഹ്: നാൽപ്പത് വർഷത്തിന് ശേഷം ഇന്ത്യാ-ചൈന അതിർത്തിയിൽ വെടിപൊട്ടിയെന്ന വാർത്ത പുറത്തുവന്നതോടെ എന്താണ് ലഡാക്കിൽ സംഭവിക്കുന്നതെന്ന ആശക്കുഴപ്പം സജീവം. ചൈനീസ് പട്ടാളത്തിന്റെ പ്രകോപനത്തിന് ഇന്ത്യൻ സേന തിരിച്ചടി നൽകിയെന്ന വാർത്തയാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. തിങ്കളാഴ്ച രാത്രി ഇരുസൈന്യവും പരസ്പരം വെടിയുതിർക്കുകയായിരുന്നു. അതേസമയം, വെടിവെപ്പിന് കാരണം ഇന്ത്യൻ സേന പാൻഗോങ് തടാകത്തിന് സമീപം നിയന്ത്രണ രേഖ മുറിച്ചുകടന്നതാണെന്ന് ചൈനീസ് അധികൃതർ ആരോപിക്കുന്നത്. അതേസമയം, ചൈന കടന്നു കയറിയ ഇന്ത്യൻ മേഖലയിൽ നിന്നും അവരുടെ സൈനികരെ തുരത്തുകയാണ് ഇന്ത്യ ചെയ്തത് എന്നാണ് ചൈനീസ് സേനാവൃത്തങ്ങൾ തന്നെ പുറത്തുവിടുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ഷെൻപാവോ പർവത പ്രദേശത്ത് ഇന്ത്യൻ സൈന്യം പ്രവേശിച്ചെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ചൈനീസ് സൈന്യം എതിർ നടപടി സ്വീകരിക്കാൻ നിർബന്ധിതരായതാതും പീപ്പിൾസ് ലിബറേഷൻ ആർമി വക്താവ് പറയുന്നത്. അതേസമയം ഷെൻപാവോ കുന്ന് ഇന്ത്യൻ സേന പിടിച്ചടക്കിയെന്ന വിധത്തിലാണ് ദേശീയ മാധ്യമങ്ങളിലെ വാർത്തയും. തിങ്കളാഴ്ച പാംഗോങ് തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഷെൻപാനോ പർവ്വതത്തിൽ ഇന്ത്യ നിയന്ത്രണ രേഖ ലംഘിച്ചതായാണ് പീപ്പിൾസ് ലിബറേഷൻ ആർമി പടിഞ്ഞാറൻ മേഖലാ കമാൻഡിന്റെ വക്താവ് കേണൽ ഷാങ് ഷൂയി ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അതിർത്തി കടക്കാൻ ശ്രമിച്ചപ്പോഴാണ് മുന്നറിയിപ്പ് നൽകിയത്. വെടിവച്ചത് ആകാശത്തേക്കാണ്, സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പല ഉയർന്ന പ്രദേശങ്ങളും ഇന്ത്യ കൈപ്പിടിയിലാക്കിയെന്നും ചൈനീസ് മാധ്യമങ്ങൾ സമ്മതിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൈന കയ്യേറിയിരുന്ന ഷെൻ പോ കുന്ന് ഇന്ത്യ തിരിച്ചു പിടിച്ചുവെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. സൈബർ ലോകത്തും ഈ ചർച്ചകൾ നടക്കുന്നുണ്ട്. പാങ്കോംഗ് തടാകത്തിന്റെ തെക്കൻ തീരത്തുള്ള ഷാൻപോ കുന്ന് ഇന്ത്യൻ സൈന്യം പിടിച്ചെടുത്തുവെന്ന് പിഎൽഎ കമാൻഡ് സ്പോക്സ് മേൻ സ്ഥിരീകരിച്ചുവെന്നാണ് പ്രൊഡക്ട് ഇന്ത്യ മൈ ഡ്യൂട്ടി തുടങ്ങിയ ഫേസ്‌ബുക്ക് പേജുകൾ അവകാശപ്പെടുന്നു.
നാല്പത് വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യചൈന അതിർത്തിയിൽ വെടിശബ്ദം മുഴങ്ങുന്നത്. കഴിഞ്ഞ ആഴ്ചയിൽ അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങൾ ഇന്ത്യ കയ്യടക്കിയിരുന്നു.ചൈനീസ് സൈനിക ക്യാമ്പുകൾക്ക് കനത്ത ഭീഷണിയുയർത്തുന്ന നിലയിൽ ഇന്ത്യയുടെ സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിന്റെ രഹസ്യ ഓപ്പറേഷൻ മുഖേനയായിരുന്നു ഈ നീക്കം. സൈനിക നീക്കം നടത്തി മേഖലയിലെ നിയന്ത്രണം തിരിച്ചുപിടിക്കാൻ ചൈന ശ്രമിച്ചതിനെ തുടർന്നാണ് ഇന്നലെ വെടിവെപ്പുണ്ടായത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം ചൈനയുടെ പ്രസ്താവന ഇന്ത്യ നിഷേധിച്ചു. ഇന്ത്യ വെടിവയ്പ് നടത്തിയിട്ടില്ലെന്നും, ഉടൻ പ്രസ്താവന പുറത്തിറക്കുമെന്നും സേനാവൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ-ചൈന അതിർത്തിയിൽ നാല് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വെടിവെപ്പുണ്ടായതായി ആരോപണം ഉയരുന്നത്. നേരത്തെ ഗാൽവൻ സംഘർഷ വേളയിലും ഇരുവിഭാഗവും തോക്കുകളുപയോഗിച്ചിരുന്നില്ല. പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നിൽ നിന്നും മറ്റൊരു തന്ത്രപ്രധാന കുന്നായ ഹെൽമെറ്റ് ടോപ്പിൽ നിന്നും ഇന്ത്യ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. ബ്ലാക്ക് ടോപ്പിലെ ഇന്ത്യയുടെ സാന്നിധ്യം ചൈനയുടെ ഫിംഗർ നാല്, സ്പങ്കൂർ, മോൾഡോ പോസ്റ്റുകൾക്ക് ഭീഷണിയാണ്.
സാധാരണയായി ചൈനീസ് സൈന്യം കടന്നുകയറുമ്പോൾ ഇന്ത്യ പ്രതികരിക്കുകമാത്രമാണ് പതിവ്. ഓഗസ്റ്റ് 29, 30 തീയതികളിൽ ചൈനയുടെ നീക്കം മുൻകൂട്ടി മനസ്സിലാക്കി ഇന്ത്യ അവരെ തുരത്തുകയായിരുന്നു. ഇത് ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി തലവനുമായ ഷി ജിൻപിങ്ങിനെതന്നെ അസ്വസ്ഥതപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. അതിർത്തിസംഘർഷം പരിഹരിക്കാൻ സംയുക്ത നീക്കം വേണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ വെയ് ഫെങ്കെയും തമ്മിലുള്ള ചർച്ചയിൽ ധാരണയായ ശേഷവും ചൈന പ്രകോപനം തുടരുകയാണ്.
അരുണാചൽപ്രദേശിൽ നിന്നുള്ള 5 പേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന വിവരംകൂടി പുറത്തുവന്നതോടെ സംഘർഷം വീണ്ടും കനത്തു. ചൈന ഇപ്പോഴും പ്രകോപനപരമായി പെരുമാറുകയാണെന്നും വൻതോതിൽ സൈനിക സന്നാഹവും നടത്തുകയാണെന്നും ഇന്ത്യൻ സൈന്യം ചൂണ്ടിക്കാട്ടി. പാംഗോങ്ങിൽ നിന്നടക്കം ചൈന പിന്മാറണമെന്നും നയതന്ത്രസൈനിക ചർച്ചകൾ തുടരണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യയുടേയും ചൈനയുടേയും നിയന്ത്രണ രേഖയിൽ സ്ഥിതി അതീവ ഗൗരവമുള്ളതാണെും ഇരു രാജ്യങ്ങളുടേയും രാഷട്രീയ നേതൃത്വങ്ങൾ വിഷയത്തിൽ വളരെ ആഴത്തിലുള്ള ചർച്ച നടത്തണമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അഭിപ്രായപ്പെട്ടു.
അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ആയിട്ടില്ലെങ്കിൽ നിലവിലുള്ള ബന്ധങ്ങൾ അതേപോലെ തുടരുന്നതിൽ അർത്ഥമില്ല. കാരണം സമാധാനവും ശാന്തിയുമാണ് ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സെപ്റ്റംബർ 10ന് ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശകാര്യമന്ത്രിമാരുടെ ചർച്ചയുടെ ഭാഗമായി എസ്.ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അന്നേ ദിവസം പറയേണ്ട കാര്യങ്ങളെല്ലാം കൃത്യമായി അവരോട് പറയുമെന്നും, അത് മാധ്യമങ്ങളുമായി പങ്കു വയ്ക്കാനാകില്ലെന്നും ജയശങ്കർ വ്യക്തമാക്കി.
1993ൽ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച വിവിധ കരാറുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 'മെയ് മാസം മുതൽ അതിർത്തിയിലെ സാഹചര്യം അതിസങ്കീർണ്ണമാണ്. ഗുരുതരമായ സാഹചര്യമാണ് തുടരുന്നത്. ഇത് ഒഴിവാക്കാൻ രാഷ്ട്രീയ തലത്തിൽ ഇരു കൂട്ടരും തമ്മിൽ ആഴത്തിലുള്ള ചർച്ച ആവശ്യമാണെന്നും' അദ്ദേഹം പറഞ്ഞു. ജൂൺ 15നാണ് ഗൽവാൻ താഴ്‌വരയിൽ ഇരു കൂട്ടരും തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് മാറിയത്.
മറുനാടന് ഡെസ്ക്