അടൂര്‍: വനിതാ എസ്.ഐ.ഉള്‍പ്പെടെയുള്ള പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അടൂര്‍ വനിതാ എസ്.ഐ.കെ.എസ്.ധന്യ, സി.പി.ഒമാരായ വിജയ് ജി.കൃഷ്ണ, ആനന്ദ് ജയന്‍, റാഷിക് എം.മുഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മര്‍ദ്ദിച്ച സംഭവത്തില്‍ അടൂര്‍ സ്വദേശികളായ ഉണ്ണി, പ്രേംജിത്ത്, അനൂപ് എന്നിവരെ അടൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

വെള്ളിയാഴ്ച രാത്രി 7.30-ന് അടൂര്‍ വട്ടത്തറപ്പടി ജങ്ഷനു സമീപം വച്ചായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന പോലീസ് ജീപ്പിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്നു വനിതാ എസ്.ഐ. ഇതിനിടെ പോലീസ് ജീപ്പിനു പിറകില്‍ കസ്റ്റഡിയിലായവര്‍ സഞ്ചരിച്ച കാര്‍ കൊണ്ട് വന്ന് നിര്‍ത്തി കാറിനുള്ളില്‍ ഇരുന്ന് മദ്യപിച്ചു. ഇത് കണ്ട വനിതാ എസ്.ഐ.കാറില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞതോടെ കാറില്‍ ഇരുന്നവര്‍ പുറത്തിറങ്ങി വനിതാ എസ്.ഐയെ മര്‍ദ്ദിക്കുകയായിരുന്നു. എസ്.ഐ.യെ മര്‍ദ്ദിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ എത്തിയ പോലീസുകാരേയും കസ്റ്റഡിയിലായവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്