ആലപ്പുഴ: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയില്ലാത്തത്് ആലപ്പുഴ ജില്ലയില്‍ മാത്രം. മറ്റു ജില്ലകളെല്ലാം ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലകള്‍ ഉള്‍ക്കൊള്ളുന്നു. രാജ്യത്തെ 4,20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായി ഐ.എസ്.ആര്‍.ഒ. പുറത്തിറക്കിയ ലാന്‍ഡ് സ്ലൈഡ് അറ്റ്ലസില്‍ പറയുന്നു. ഇതില്‍ 90,000 കിലോമീറ്റര്‍ കേരളം, തമിഴ്നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട-കൊങ്കണ്‍ പ്രദേശങ്ങളിലാണ്.

രാജ്യത്ത് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടാകുന്ന 19 സംസ്ഥാനങ്ങളില്‍ കേരളം ആറാം സ്ഥാനത്തുണ്ട്. ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, അരുണാചല്‍പ്രദേശ്, മിസോറം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നില്‍.

ഉയര്‍ന്ന ജനസാന്ദ്രതയുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍ കാരണമുണ്ടാകുന്ന മരണനിരക്ക് കേരളത്തില്‍ കൂടുതലാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉരുള്‍പൊട്ടല്‍ കൂടുതലാണെങ്കിലും ജനസാന്ദ്രത കുറവായതിനാല്‍ മരണനിരക്കു കുറവാണ്.