കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജി വച്ചു. സിദ്ദിഖിനെതിരെ ഒരു നടി ലൈംഗീകാരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് രാജി. രണ്ടു മാസം മുമ്പാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തിയത്. ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നീക്കം. സിദ്ദിഖിനെതിരെ പോലീസ് കേസെടുക്കാനുള്ള സാധ്യത ഏറെയാണ്. ഇതോടെ അമ്മയുടെ താക്കോല്‍ സ്ഥാനത്ത് ആളില്ലാ അവസ്ഥയുമായി. സിദ്ദിഖിന്റെ രാജി അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അംഗീകരിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിയെന്ന് സിദ്ദിഖും പ്രതികരിച്ചു. ആരോപണത്തെ കുറിച്ച് തല്‍കാലം പ്രതികരിക്കുന്നില്ലെന്ന് സിദ്ദിഖും പറഞ്ഞു.

അമ്മയുടെ പ്രസിഡന്റിനെ ഇമെയിലിലാണ് സിദ്ദിഖ് അറിയിച്ചത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തുടരുന്നത് സംഘടനയെ പ്രതിസന്ധിയിലാക്കുമെന്ന് സംഘടന വിലയിരുത്തി. ഇതിന് ശേഷമാണ് സിദ്ദിഖ് രാജിവച്ചത്. ഈ കേസ് സിദ്ദിഖ് വ്യക്തിപരമായി നേരിടേണ്ടി വരും. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ സിദ്ദിഖ് രാജിവച്ചുവെന്ന ചര്‍ച്ച അമ്മയും ചര്‍ച്ചയാക്കും. ചലിച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരേയും ആരോപണമുണ്ട്. എന്നാല്‍ രഞ്ജിത് ഇനിയും രാജിവച്ചിട്ടില്ല. അതിനിടെയാണ് അമ്മയില്‍ നിന്നും ജനറല്‍ സെക്രട്ടറി രാജിവയ്ക്കുന്നത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹന്‍ലാലിന് അയച്ച കത്തിലുള്ളത്. നടന്‍ സിദ്ദിഖ് ഉപദ്രവിച്ചെന്നു യുവനടി ഇന്നലെ ആരോപിച്ചിരുന്നു. പല സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ദിഖ് രാജിവയ്ക്കുന്നത്. മോഹന്‍ലാലും രാജിയെ അനുകൂലിച്ചു. ഇതിന് ശേഷമാണ് സിദ്ദിഖ് കത്തയച്ചതെന്നാണ് സൂചന. ഇതോടെ ആര്‍ക്കെതിരെ ആരോപണം ഉയര്‍ന്നാലും ഇനി അവര്‍ക്കെല്ലാം സ്ഥാനമാനങ്ങളുണ്ടെങ്കില്‍ രാജിവയ്‌ക്കേണ്ടി വരും.

'പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി സിദ്ദിഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു' നടി പറഞ്ഞു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ടാണു സധൈര്യം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചിരുന്നു.

പ്ലസ്ടു വിദ്യാര്‍ഥിയായിരിക്കെ സിനിമയില്‍ അവസരം നല്‍കാമെന്നുപറഞ്ഞ് തന്നെ ലൈംഗികമായി ചൂഷണംചെയ്തുവെന്നും ഇത് തുറന്നുപറഞ്ഞതിന്റെ പേരില്‍ ഒറ്റപ്പെടേണ്ടിവന്നുവെന്നും നടി പ്രതികരിച്ചിരുന്നു. ഒരുചെറിയ കുട്ടിയോടാണ് സിദ്ദിഖ് അതിക്രമം കാണിച്ചത്. മോളെ എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ക്രിമിനല്‍ കുറ്റമാണെന്ന് പറഞ്ഞ സിദ്ദിഖും ക്രിമിനല്‍ തന്നെയാണ്. ഇത്തരം ചൂഷണങ്ങള്‍ പല അനുഭവസ്ഥരും തുറന്നുപറഞ്ഞതാണ്. ഈ വെളിപ്പെടുത്തല്‍ അത്ര എളുപ്പമല്ല-ഇതായിരുന്നു നടി പറഞ്ഞു വച്ചത്.

സിദ്ദിഖ് ഫെയ്സ്ബുക്ക് സന്ദേശങ്ങളിലൂടെ നിരവധിപേരോട് മോശമായി പെരുമാറിയിട്ടുണ്ട്. അതില്‍ തന്റെ സുഹൃത്തുക്കളും ഉള്‍പ്പെടും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ- അവര്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്.