മലപ്പുറം: ഭര്‍ത്താവില്‍ നിന്നും ക്രൂരമായ മര്‍ദനമേറ്റെന്നും പുറത്തു പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മലപ്പുറം വേങ്ങരയിലെ നവവധു. വിവാഹം കഴിഞ്ഞ അതേ ആഴ്ചയില്‍ തന്നെ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ക്രൂരമായി മര്‍ദിച്ചെന്ന് വധു പറയുന്നു. തലയിണ മുഖത്തമര്‍ത്തി കൊല്ലപ്പെടുത്താന്‍ നോക്കി. പുറത്തു പറഞ്ഞാല്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഫായിസ് തന്നെ മര്‍ദിക്കുമ്പോള്‍ ഭര്‍തൃവീട്ടുകാര്‍ നോക്കി നിന്നെന്നും ഇരുപതുകാരിയായ നവവധു പറയുന്നു.

പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടും ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് ശക്തമായ നടപടി എടുത്തിട്ടില്ല. പ്രതിയായ മുഹമ്മദ് ഫായിസ് വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസില്‍ നിന്നും നീതി കിട്ടാത്തതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.

കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടും സംശയത്തിന്റെ പേരിലുമാണ് വേങ്ങര സ്വദേശിയായ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചത്. കൂടാതെ സൗന്ദര്യം കുറവാണെന്ന് പറഞ്ഞും ഭര്‍ത്താവ് മുഹമ്മദ് ഫായിസ് നിരന്തരം മര്‍ദിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

മേയ് രണ്ടിനായിരുന്നു പരാതിക്കാരിയായ പെണ്‍കുട്ടിയും ഫായിസും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആറാം നാള്‍ മുതല്‍ പീഡനം തുടങ്ങി. നവവധുവിന്റെ വീട്ടില്‍ വിരുന്നിന് പോയി മടങ്ങിയെത്തിയശേഷമാണ് ഉപദ്രവം തുടങ്ങിയത്. എല്ലാകാര്യങ്ങളിലും പ്രതിക്ക് സംശയമായിരുന്നു. നവവധുവിനൊപ്പം പഠിക്കുന്നവരെയും സുഹൃത്തുക്കളായ പെണ്‍കുട്ടികളെ പോലും സംശയത്തോടെ കണ്ടു. ആണ്‍സുഹൃത്തുണ്ടെന്ന് പറഞ്ഞും മര്‍ദിച്ചു.

വിവാഹത്തിന് നല്‍കിയ സ്വര്‍ണം 25 പവന്‍ പോലും ഇല്ലെന്ന് പറഞ്ഞായിരുന്നു ഉപദ്രവം. മൊബൈല്‍ഫോണ്‍ ചാര്‍ജറിന്റെ കേബിള്‍ അടക്കം ഉപയോഗിച്ച് ആക്രമിച്ചു. കൈകാലുകളിലും അടിയേറ്റു. ഒരിക്കല്‍ ചെവിക്ക് അടിയേറ്റതിന് പിന്നാലെ കേള്‍വിശക്തി തകരാറിലായെന്നും പരാതിയിലുണ്ട്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെ മെയ് 22ാം തീയതി പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി.

എന്നാല്‍ പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ മുഹമ്മദ് ഫായിസിനെ ഒന്നാം പ്രതിയാക്കി മലപ്പുറം വനിതാ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫായിസിന്റെ മാതാവിനെയും പിതാവിനെയും പ്രതിചേര്‍ത്തിരുന്നു.

പരാതിനല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റുചെയ്യാതെ വന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസിനെതിരേയാണ് യുവതി പരാതി നല്‍കിയത്. ഫായിസിന്റെ മാതാപിതാക്കളായ സീനത്ത്, സെയ്തലവി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി കേസെടുത്തു. കേസ് വേങ്ങര പോലീസിന് കൈമാറിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.

വിവാഹസമ്മാനമായി നല്‍കിയ 50 പവന്‍ സ്വര്‍ണം കുറഞ്ഞുപോയെന്നും ഇനിയും സ്വര്‍ണം വേണമെന്നും പറഞ്ഞായിരുന്നു മര്‍ദനം. വിവാഹം കഴിഞ്ഞ അന്നുതന്നെ സ്വര്‍ണമെല്ലാം ഭര്‍ത്തൃമാതാവ് ഊരിവാങ്ങി. 25 പവന്‍കൂടി വേണമെന്നുംം അവര്‍ ആവശ്യപ്പെട്ടു. മര്‍ദ്ദനവിവരം പുറത്തുപറഞ്ഞാല്‍ സ്വകാര്യ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മകളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

കേസ് എത്തുമ്പോളേക്കും, പ്രതി കോയമ്പത്തൂര്‍ വഴി ഗള്‍ഫിലേക്ക് കടന്നതായാണ് മനസ്സിലാക്കിയതെന്ന് വേങ്ങര പോലീസ് അറിയിച്ചു. പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രതി ഹാക്ക്‌ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പിന്നീടും എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു. പ്രതിയുടെ മാതാവ് സീനത്ത് മാത്രമാണ് ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയത്. പ്രതിയുടെ പിതാവും ഗള്‍ഫിലേക്ക് കടന്നിട്ടുണ്ടെന്ന് പോലീസ് പറയുന്നു. മാതാവിന്റെ ജാമ്യകാലാവധി ഈ മാസം 19-ന് അവസാനിക്കും.