ന്യൂഡല്‍ഹി: റെഡ് അലര്‍ട്ടിനായി ഇനി കാത്തിരിക്കരുത്. ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണം. കേന്ദ്രം ഒന്നും അറിയിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തോട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മേധാവി മൃത്യുഞ്ജയ് മോഹപത്രയ്ക്ക് പറയാനുള്ളത് ഇതാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുന്നറിയിപ്പ് സംബന്ധിച്ച വിവാദത്തിലാണ് പ്രതികരണം. ആറും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും ഓറഞ്ച് അലര്‍ട്ടില്‍ തന്നെ നടപടി എടുക്കണമെന്നുമാണ് കേന്ദ്ര ഏജന്‍സിയുടെ നിര്‍ദ്ദേശം.

ജൂലായ് 25 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രവചിച്ചിരുന്നു. ജൂലായ് 25-ന് നല്‍കിയ യെല്ലോ അലര്‍ട്ട് ജൂലായ് 29 വരെ തുടര്‍ന്നു. 29-ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലായ് 30-ന് അതിരാവിലെ 20 സെ.മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന റെഡ് അലര്‍ട്ട് നല്‍കി. ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയ്യാറാകുക എന്നതാണ് അര്‍ത്ഥമാക്കുന്നതെന്നും വിശദീകരിച്ചു.

റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നാണ് തത്വത്തില്‍ പറയുന്നത്. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നല്‍കിയിരുന്നതെന്നും മൃത്യുഞ്ജയ് മോഹപത്ര പറഞ്ഞു. കനത്തമഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാവാമെന്ന് കേരളത്തിന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും അത് മുഖവിലയ്ക്കെടുത്ത് ദുര്‍ബലമേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെങ്കില്‍ നാശനഷ്ടം കുറയ്ക്കാമായിരുന്നെന്നും പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഇതോടെ വിവാദമായി. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷവകുപ്പ് മേധാവി മൃത്യുഞ്ജയ് മോഹപത്ര പ്രതികരണം നടത്തിയത്.

പ്രശ്നമുണ്ടാകുമ്പോള്‍ ആരുടെയെങ്കിലും പെടലിക്കിട്ട് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറിയാല്‍ രക്ഷപ്പെടാനാവുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചിരുന്നു. അമിത്ഷാ പറയുന്നത് കാലാവസ്ഥാമുന്നറിയിപ്പാണ്. അതെല്ലാകാലത്തും ഗൗരവമായെടുക്കാറുണ്ട്. ദുരന്തത്തിനുമുന്‍പ് ഒരുതവണപോലും പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. ഓറഞ്ച് അലര്‍ട്ടേ ഉണ്ടായിരുന്നുള്ളൂ. അപകടദിവസം രാവിലെ ആറുമണിക്കാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത പറഞ്ഞതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. ഈ സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ടില്‍ എന്താണ് ചെയ്യേണ്ടെതെന്ന് കേന്ദ്ര ഏജന്‍സി വിശദീകരിക്കുന്നത്.

അതിനിടെ കേരളം ഇതിന് അനുസരിച്ച് നടപടികളും തുടങ്ങി. ഇപ്പോള്‍ വളയം മലയോര മേഖലയില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു. മഴ ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. കുറ്റ്യാടിക്ക് സമീപ പ്രദേശമായ വളയം, ചെക്യാട് ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന അഭയഗിരി ,കണ്ടി വാതുക്കല്‍, ആയോട് മേഖലയിലെ ആളുകളെയാണ് മാറ്റുന്നത്. മുഴുവന്‍ കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് എത്തിക്കുന്നത്. പ്രദേശത്ത് ഇതിനായി രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചു. പൂവ്വം വയല്‍ എല്‍പി സ്‌കൂള്‍, കുറുവന്തേരി യുപി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് സജീകരിച്ചിട്ടുളളത്.

അതിനിടെ മുണ്ടക്കൈയെ ചൂരല്‍മലയുമായി ബന്ധിപ്പിക്കാനായി സൈന്യം ഒരുക്കിയ ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. 24 ടണ്‍ ശേഷിയും190 അടി നീളവുമുള്ള പാലം നിര്‍മിച്ചിരിക്കുന്നത് മദ്രാസ് റെജിമെന്റിന്റെ എന്‍ജിനിയറിംഗ് വിഭാഗമാണ്. പുഴയില്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ്‍ സ്ഥാപിച്ചിരിക്കുന്നത്. പാലത്തിന്റെ നിര്‍മാണത്തിന് ശേഷം സൈനിക വാഹനം കയറ്റി പാലത്തിന്റെ ബലം പരിശോധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ കൂടുതല്‍ യന്ത്രങ്ങള്‍ മുണ്ടക്കൈയില്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്താനാകും.