കൊച്ചി: എറണാകുളം മഴുവന്നൂരില്‍ അദ്ധ്യാപകന്‍ മുറുവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസ്. മഴുവന്നൂര്‍ കവിതപടിയില്‍ വെണ്ണിയേത്ത് വി എസ്. ചന്ദ്രലാലിന്റെ മരണത്തിലാണ് പൊലീസ് ആത്മഹത്യയെന്ന നിഗമനത്തില്‍ എത്തിയത്. കൊലപാതകമെന്ന് കരുതിയ കേസാണ് ആത്മഹത്യയെന്ന് തെളിഞ്ഞത്. ഇദ്ദേഹത്തിന്റെ മൃതശരീരം മാരകമായി ആക്രമിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകമെന്ന സംശയത്തില്‍ പോലിസ് എത്തിയത്. എന്നാല്‍ ഇദ്ദേഹത്തിന്റെത് 'സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന മനോനില'യെന്ന് തെളിഞ്ഞു.

41 വയസുകാരനായ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വീടിനടുത്തുള്ള പറമ്പിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്ന് ഒറ്റ നോട്ടത്തില്‍ കരുതി എങ്കിലും സംഭവം ആത്മഹത്യയാണെന്ന് പൊലീസിന് സംശയം തോന്നി. സ്വന്തം ശരീരം മുറിവേല്‍പ്പിക്കുന്ന രീതിയില്‍ മാനസിക വെല്ലുവിളി നേരിട്ട ആളായിരുന്നു മരിച്ച ചന്ദ്രലാലെന്ന് പൊലീസ് പറഞ്ഞു. മാനസിക വെല്ലുവിളി മറികടക്കുന്നതിന് ഇദ്ദേഹം ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസറായിരുന്നു ചന്ദ്രലാല്‍. മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹത്തിന്റെ അച്ഛന്‍ മരിച്ചത്. ഇതിന് ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു. അയല്‍വാസിയായ സ്ത്രീയാണ് മാരകമായി മുറിവേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ചന്ദ്രലാലിനെ കണ്ടെത്തിയത്. രണ്ടാഴ്ചയോളമായി ചന്ദ്രലാല്‍ കോളേജില്‍ എത്തിയിരുന്നില്ല. അദ്ദേഹം അവധിയിലെന്നാണ് കോളേജ് അധികൃതര്‍ അറിയിച്ചത്. വിവരം അറിഞ്ഞ് റൂറല്‍ എഎസ് പി മോഹിത് റാവത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഫോറന്‍സിക് സംഘമടക്കം പരിശോധന നടത്തിയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.