എം റിജു

'ബ്രഹ്മജ്ഞാനികള്‍ക്ക് ബലാല്‍സംഗമാകാം'! പതിനാറുകാരിയെ റേപ്പ് ചെയ്ത കുറ്റത്തിന് തടവറയിലേക്ക് പോകുമ്പോള്‍, ആസാറാം ബാപ്പുവെന്ന എഴുപത്തിയേഴുകാരനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം, അനുയായികളോട് പറഞ്ഞവാക്കുകളാണിവ. ഇന്ത്യയില്‍ ഏത് ക്രിമിനല്‍ പ്രവര്‍ത്തനവും നിങ്ങള്‍ക്ക് ദൈവത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മറച്ചുപിടിക്കാം. 'സന്യാസിക്ക് തെമ്മാടിയാവാം, പക്ഷേ തെമ്മാടിക്ക് ഒരിക്കലും സന്യാസിയാവാന്‍ ആവില്ല' എന്ന പഴമൊഴി കേട്ടിട്ടില്ലെ. സത്യത്തില്‍ ഇന്ത്യയില്‍ അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒന്നും രണ്ടുമല്ല, ചെറുതും വലുതുമായ നാലായിരത്തിലേറെ ആള്‍ദൈവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ്, ഗോവിന്ദ് പന്‍സാരെയുടെ നേതൃത്വത്തില്‍ തുടങ്ങിയ 'ഡീ കോഡിങ്ങ് ഗോഡ് മെന്‍' എന്ന സംഘടന പറയുന്നത്.

ഉത്തരേന്ത്യയിലൊലൊക്കെ ഏറ്റവും നല്ല ബിസിനസായി ഇത് മാറിയിരിക്കയാണ്. ഒരു ആള്‍ദൈവത്തിന്റെ പേരിലായാല്‍ പിന്നെ നിങ്ങള്‍ക്ക് നികുതി വെട്ടിക്കാം, ഭൂമി കൈയേറാം, അനധികൃത സ്വത്ത് സമ്പാദനം നടത്താം. ആരും ചോദിക്കില്ല. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ നിങ്ങളുടെ കാല്‍ക്കല്‍ വീഴും. എന്തെങ്കിലും ഒരു വലിയ ദുരന്തം ഉണ്ടാവുമ്പോള്‍ മാത്രമാണ് നമ്മള്‍ ആള്‍ദൈവ വിപത്തിനെക്കുറിച്ച് സംസാരിക്കുക തന്നെ. അതുപോലെ ഒരു സാഹചര്യത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോവുന്നത്.

ഇക്കഴിഞ്ഞ ജൂലായ് രണ്ടിന് ഉത്തര്‍പ്രദേശിലെ ഹത്രാസിന് അടുത്തെ ഫുലരി ഗ്രാമത്തിലെ സികന്ദര്‍ റാവു മേഖലയില്‍ 'ഭോലെ ബാബ' എന്ന ആള്‍ദൈവത്തെ കാണാനും കേള്‍ക്കാനുമായി തടിച്ചുകൂടിയവരില്‍ തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ നഷ്ടപ്പെട്ടത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 121 പേര്‍ക്കാണ്. ഇപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ 'കുറ്റവാളികളെ' കണ്ടുപിടിക്കാന്‍ ബഹളം കൂട്ടുകയാണ്. പക്ഷേ ഇവരുടെയൊക്കെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയോടെയാണ്, ഈ ആള്‍ദൈവ സംസ്‌ക്കാരം വളര്‍ന്നയെന്ന് 'ഡീ കോഡിങ്ങ് ഗോഡ് മെന്‍' സംഘടന ചൂണ്ടിക്കാട്ടുന്നു.

കോട്ടു സ്യൂട്ടുമിട്ട ഭോലെ ബാബ

ഹത്രാസില്‍ ഇത്രയും പേരുടെ മരണത്തിന് കാരണക്കാരനായി വിവാദ ആള്‍ദൈവം ഭോലെ ബാബ, യുപിയിലെ കാസഗഞ്ച് ജില്ലയിലെ പട്യാലിയില്‍ ബഹാദൂര്‍ നഗരി ഗ്രാമത്തിലാണ് ജനിച്ചത്. സൂരജ് പാല്‍ എന്നായിരുന്നു യഥാര്‍ഥ പേര്. സാമാന്യം ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കര്‍ഷക കുടുംബത്തിലെ മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു. ഗ്രാമത്തില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് സേനയുടെ ഭാഗമായി. 18 വര്‍ഷക്കാലം ഉത്തര്‍പ്രദേശ് പോലീസില്‍ ജോലി ചെയ്തു. മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ജീവനക്കാരന്‍ ആയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. 1990-ല്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന സമയത്താണ് സര്‍വീസില്‍നിന്ന് സ്വയംവിരമിക്കുന്നത്.

ജാലി ഉപേക്ഷിച്ച ശേഷം കാസഗഞ്ച് ജില്ലയിലെ തന്റെ ഗ്രാമത്തില്‍ ഒരു കുടിലില്‍ താമസം തുടങ്ങി. പിന്നാലെ തനിക്ക് ദൈവികദര്‍ശനം ലഭിച്ചതായി സൂരജ് പാല്‍ അവകാശപ്പെട്ടു. ആധ്യാത്മികജീവിതം തിരഞ്ഞെടുത്ത സൂരജ് പാല്‍ സത്സംഗങ്ങള്‍ സംഘടിപ്പിച്ചാണ് പ്രബോധനങ്ങള്‍ ആരംഭിച്ചത്. ഇത് വലിയ തോതിലാണ് അനുയായികളെ ആകര്‍ഷിച്ചത്. ഇതിനിടെ, ഇയാള്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായി. 1997-ലാണ് ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേസുണ്ടാകുന്നത്. പിന്നാലെ ജയില്‍വാസവും അനുഭവിച്ചു.

ജയില്‍മോചിതനായശേഷം സൂരജ് പാല്‍ സ്വയം 'സാഗര്‍ വിശ്വ ഹരി ബാബ' എന്ന പേര് സ്വീകരിച്ചു. ജന്മഗ്രാമത്തിലെ ആശ്രമത്തിലേക്ക് ഭക്തരെ ആകര്‍ഷിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും യു.പി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലുമാണ് കൂടുതല്‍ അനുയായികളുള്ളത്. ദരിദ്ര-മധ്യവര്‍ഗ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു ഇയാളുടെ അനുയായികളില്‍ ഭൂരിഭാഗവും. ഉത്തര്‍പ്രദേശില്‍ തന്നെ ജാതവ്, വാല്‍മീകി ദളിതര്‍ക്കിടയിലാണ് ഇയാള്‍ക്ക് സ്വാധീനം കൂടുതലുള്ളത്.

കാവി വസ്ത്രധാരികളായ ആത്മീയനേതാക്കളില്‍നിന്ന് വ്യത്യസ്തനായിരുന്നു ഭോലെ ബാബ. സാധാരണയായി കോട്ടും പാന്റും ഷൂസുമാണ് ഇയാള്‍ ധരിച്ചിരുന്നത്. വെളുത്ത സ്യൂട്ടും ടൈയും അല്ലെങ്കില്‍ പ്ലെയിന്‍ കുര്‍ത്ത പൈജാമയും ധരിച്ചാണ് അനുയായികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഒപ്പം വ്യത്യസ്ത നിറങ്ങളിലുള്ള സണ്‍ഗ്ലാസുകളും ധരിച്ചിരുന്നു. അത്മീയയോഗങ്ങളില്‍ ഭാര്യയും സ്ഥിരമായി ഒപ്പമുണ്ടാകാറുണ്ട്. അനുയായികള്‍ അവരെ 'മാതാശ്രീ' എന്നാണ് വിളിച്ചിരുന്നത്. യു.പിയിലെ മെയിന്‍പുരിയിലെ ബിച്ചുവയിലാണ് ഇയാളുടെ നാരായണ്‍ സാകര്‍ ഹരി ആശ്രമം. 30 ഏക്കറില്‍ പരന്നുകിടക്കുന്ന കൊട്ടാരസമാനമായ ഈ ആശ്രമത്തിലായിരുന്നു ബാബയുടെ ജീവിതം. ഇതില്‍ ആറ് മുറികള്‍ ബാബയ്ക്കും ഭാര്യക്കും വേണ്ടി മാറ്റിവെച്ചിരുന്നൂ.

ഓരോ വട്ടവും 15 മുതല്‍ 30 വരെ വാഹനങ്ങളുടെ അകമ്പടിയിലാണ് ബാബ ആധ്യാത്മിക സമ്മേളനങ്ങള്‍ക്ക് എത്തിയിരുന്നത്. കൂടാതെ അദ്ദേഹത്തിന് സ്വന്തമായി ഒരു സുരക്ഷാ സേനയുമുണ്ടായിരുന്നു. 'നാരായണി സേന' എന്നാണ് അദ്ദേഹത്തിന്റെ ആശ്രമത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ പരക്കെ അറിയപ്പെട്ടത്. ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും വെള്ള തൊപ്പികളുമാണ് അവര്‍ ധരിച്ചിരുന്നത്. ബാറ്റണ്‍ വഹിച്ചുകൊണ്ട് ബാബയുടെ പരിപാടികളില്‍ ഗതാഗതം . ഇയാള്‍ക്ക് നൂറ് കോടിയിലധികം സ്വത്തുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാബക്കെതിരെ വേറെയും ആരോപണങ്ങളുണ്ടായിരുന്നു. മൃതദേഹം തട്ടിയെടുത്തതിന് 2000-ല്‍ ആഗ്ര പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ദിവ്യശക്തിയുണ്ടെന്നും മരിച്ചയാളെ ജീവിപ്പിക്കാമെന്നും പറഞ്ഞ് 16-കാരിയുടെ മൃതദേഹം കൈക്കലാക്കിയെന്നുമാണ് കേസ്. എന്നാല്‍ ഈ പെണ്‍കുട്ടിയെ ബാബ ദത്ത് എടുത്തിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഈ പെണ്‍കുട്ടിയെ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശപ്പെട്ടതായാണ് വാര്‍ത്തകര്‍. എന്നാല്‍, പിന്നീട് കേസന്വേഷണം മുന്നോട്ടു പോയില്ല.
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മുതല്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ വരെയുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇന്ന് അതേ അഖിലേഷ് ദരുന്തത്തിന്റെ പശ്ചാത്തലത്തില്‍ യോഗി ആദിത്യനാഥിനെ പഴിക്കയാണ്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 30 ജില്ലകളിലും 25 ലോക്സഭാ മണ്ഡലങ്ങളിലും 130-ലധികം നിയമസഭാ സീറ്റുകളിലും ആധിപത്യം പുലര്‍ത്തുന്ന ദളിത് വിഭാഗത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനമാണ് രാഷ്ട്രീയക്കാരെ ബാബയോട് അടുപ്പിക്കുന്നത്. അതുതന്നെയാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്. ഇത്രയും പേര്‍ കൊല്ലപ്പെട്ടിട്ടും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്.

ഇന്ദിരയുടെ ബ്രഹ്മചാരി

ആള്‍ദൈവങ്ങള്‍ പ്രധാനമന്ത്രിമാരുടെ അടുക്കളയില്‍വരെ എത്തിയ ചരിത്രം ഈ രാജ്യത്തിനുണ്ട്. അതില്‍ ഏറ്റവും പ്രധാനി ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെട്ടിരുന്ന ധീരേന്ദ്ര ബ്രഹ്മചാരിയുടെതാണ്. ഇന്ത്യന്‍ റാസ്പുട്ടിന്‍, പറക്കും യോഗി തുടങ്ങി വിശേഷണങ്ങള്‍ നിരവധിയുണ്ടായിരുന്നു ധീരേന്ദ്ര ബ്രഹ്മചാരിക്ക്. ആറടി ഒരിഞ്ച് ഉയരം, വെളുത്ത് നീണ്ടുമെലിഞ്ഞ സുമുഖനായ, ക്രിസ്തുവിനോട് രൂപസാദൃശ്യമുള്ള അരോഗദൃഢഗാത്രന്‍. വെളുത്ത നിറത്തിലുളള മസ്ലിന്‍ വസ്ത്രത്താല്‍ മേലാവരണം ചെയ്ത് സ്ത്രീകളുടെ ഹാന്‍ഡ് ബാഗ് പോലുള്ള വെളുത്ത തുണിയിലുളള ബാഗുമായിട്ടായിരിക്കും പലപ്പോഴും യോഗി പ്രത്യക്ഷപ്പെടുന്നത്. കശ്മീരില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ നെഹ്‌റുവിനെ പരിചയപെട്ട് യോഗപഠിപ്പിക്കാനായി ഡല്‍ഹിയില്‍ വന്നയാളാണ് ധീരേന്ദ്ര. വൈകാതെ അയാള്‍ ഇന്ദിരയുടെ പേഴ്സണല്‍ യോഗ ട്രയിനറായി.

ധീരേന്ദ്രയെയും ഇന്ദിരയെയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളാണ് അറുപതുകളുടെ തുടക്കം പുറത്തുവന്നത്. 'എല്ലാ ദിവസവും രാവിലെ അടഞ്ഞ വാതിലുകള്‍ക്കകത്ത് ഒരു മണിക്കൂര്‍ അയാള്‍ ഇന്ദിരയ്‌ക്കൊപ്പമായിരുന്നു. യോഗാപാഠങ്ങള്‍ ചിലപ്പോള്‍ കാമസൂത്ര പാഠങ്ങളില്‍ അവസാനിച്ചിരിക്കാം.' എന്നാണ് നെഹ്‌റു കുടുംബവുമായി വളരെ അടുത്ത ബന്ധമുളള പത്രപ്രവര്‍ത്തകന്‍ ഖുശ്വന്ത് സിങ് ഒരിക്കല്‍ പറഞ്ഞത്. നെഹുറുവിന്റെ പേഴ്സല്‍ സെക്രട്ടിയായിരുന്നു, മലയാളിയായ എ ഒ മത്തായിയുടെ 'നെഹ്റു യുഗ സ്മരണകള്‍' എന്ന പുസ്തകത്തിലെ ഒരു അധ്യായം ഇതേക്കുറിച്ചായിരുന്നു. വിവാദത്തെ തുടര്‍ന്ന് മത്തായി പുസ്തകത്തില്‍നിന്ന് ഒഴിവാക്കിയ, 'അവള്‍' എന്ന അധ്യായം, മനേകാഗാന്ധി മുന്‍കൈയെടുത്ത് അച്ചടിച്ച് വിതരണം ചെയ്തതും ചരിത്രം.

സഞ്ജയ്ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു ധീരേന്ദ്ര. സഞ്ജയിന്റെ അടിയന്തരാവസ്ഥക്കാലത്തെ പല ക്രൂരമായ തീരുമാനങ്ങള്‍ക്ക് പിന്നിലും ധീരേന്ദ്രയുടെ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു. ഇവര്‍ക്കൊപ്പം യോഗിയും വളര്‍ന്നു. ഔദ്യോഗിക പദവികള്‍ ഒന്നുമില്ലാത്ത യോഗി അധികാരം മതിവരുവോളം നുണഞ്ഞു. അറുപതുകളുടെ തുടക്കത്തില്‍ വാടകക്കെട്ടിടത്തില്‍ യോഗ പരിശീലനം നല്‍കിയിരുന്ന യോഗിക്ക് അതേ റോഡില്‍ ദേശീയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുന്നതിനായി 3.3 ഏക്കര്‍ ഭൂമിയാണ് അനുവദിക്കപ്പെട്ടത്.

നെഹ്‌റു കുടുംബത്തില്‍നിന്ന് ധീരേന്ദ്ര നിഷ്‌കാസിതനാകുന്നത് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെയാണ് വീട്ടില്‍നിന്നും അദ്ദേഹം പുറത്താക്കപ്പെട്ടു. രാജീവിന്റെ സത്യപ്രതിജ്ഞാചടങ്ങിന് പോലും ധീരേന്ദ്ര ക്ഷണിക്കപ്പെട്ടില്ല. സഞ്ജയിനെ പോലെ വിമാനം തകര്‍ന്നുവീണാണ് ധീരേന്ദ്ര ബ്രഹ്മചാരി മരണപ്പെടുന്നത്. 1994-ല്‍ മാന്തലായിയിലെ അപര്‍ണ ആശ്രമത്തിലേക്ക് യാത്ര തിരിച്ചതായിരുന്നു യോഗി, വിമാനമിറക്കുന്നതിനിടയില്‍ പൈന്‍ മരത്തിലിടിച്ച് മരിക്കയായിരുന്നു.

റാവുവിന്റെ സ്വന്തം ചന്ദ്രസ്വാമി

അതുപോലെ നരസിംഹ റാവു മന്ത്രിസഭകളുടെ കാലത്ത് അധികാരത്തിന്റെ ഇടനാഴികളിലെ നിത്യസാന്നിധ്യമായിരുന്നു ചന്ദ്രസ്വാമി. രാജസ്ഥാനിലെ ഇടത്തരം കുടുംബത്തില്‍ 1948 സെപ്റ്റംബര്‍ 29നു ജനിച്ച നെമിചന്ദ് പിന്നീടു ലോകം കണ്ട വലിയ ഉപജാപകരിലൊരാളായ ചന്ദ്രസ്വാമിയായി വളര്‍ന്നത് അവിശ്വസനീയമായ കഥയാണ്.ആന്ധ്രപ്രദേശിലായിരുന്നു കുട്ടിക്കാലം. ചെറുപ്പംമുതലേ ഹസ്തരേഖാ പ്രവചനം നടത്തുന്നതു ശീലമാക്കിയ ഇദ്ദേഹത്തെ മൂന്നു പ്രവചനങ്ങളാണു പ്രശസ്തനാക്കിയത്. ജിമ്മി കാര്‍ട്ടര്‍ യുഎസ് പ്രസിഡന്റാകുമെന്ന് അമ്മ ലിലിയന്‍ കാര്‍ട്ടറുടെ കൈ നോക്കി പറഞ്ഞതാണ് അതിലൊന്ന്. പിന്നീടു കാര്‍ട്ടറുടെ സ്ഥാനാരോഹണച്ചടങ്ങില്‍ മുഖ്യാതിഥികളിലൊരാളായിരുന്നു ചന്ദ്രസ്വാമി.

ചരണ്‍ സിങ് പ്രധാനമന്ത്രിയാകുമെന്നു പ്രവചിച്ചതും ബ്രൂണയ് സുല്‍ത്താന്റെ കൈ നോക്കി ഭാര്യയുടെ രോഗം എന്നു ഭേദപ്പെടുമെന്നു കൃത്യമായി പ്രവചിച്ചതും സ്വാമിക്കു പ്രസിദ്ധി നേടിക്കൊടുത്തു. ബ്രൂണയ് സുല്‍ത്താന്‍, നടി എലിസബത്ത് ടെയ്‌ലര്‍, ബഹ്റൈനിലെ ഷെയ്ഖ് ഇസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, ബ്രിട്ടിഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍, ആയുധവ്യാപാരി അഡ്നന്‍ ഖഷ്തോഗി, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കെല്ലാം ആത്മീയ ഉപദേശങ്ങള്‍ നല്‍കിയിരുന്നതായി ഇദ്ദേഹം അവകാശപ്പെട്ടിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷം നരസിംഹറാവു അധികാരത്തില്‍ എത്തിയതോടെ ഡല്‍ഹിയില്‍ നാലു നിലകളിലുള്ള വിശ്വധര്‍മയാതന്‍ സനാതന്‍ എന്ന ആശ്രമം സ്ഥാപിച്ചു. 1996-ല്‍ ലണ്ടന്‍ കേന്ദ്രമാക്കിയ വ്യവസായിയെ കബളിപ്പിച്ച കേസില്‍ ഇദ്ദേഹം അറസ്റ്റിലായി. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ തുടര്‍ച്ചയായി പ്രതിപ്പട്ടികയിലുമായി. രാജീവ് ഗാന്ധിയുടെ മരണത്തില്‍ പങ്കാളിയായിരുന്നെന്ന് ഇദ്ദേഹത്തിനുമേല്‍ ആരോപണമുയര്‍ന്നിരുന്നു. എംസി ജെയിന്‍ കമ്മീഷന്‍ ഈ ഒരു സംശയം ഉന്നയിച്ചു. ഇതേതുടര്‍ന്ന് ചന്ദ്രസ്വാമിക്ക് ഏര്‍പ്പെടുത്തിയ വിദേശയാത്രാവിലക്ക് സുപ്രീം കോടതി നീക്കിയതു 2009-ല്‍ ആയിരുന്നു. വിദേശനാണ്യ വിനിമയച്ചട്ട ലംഘനത്തിന്റെ പേരില്‍ 2011-ല്‍ സുപ്രീം കോടതി ഒന്‍പതു കോടി രൂപ പിഴശിക്ഷയും വിധിച്ചിരുന്നു. 2017-ല്‍ 69ാം വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്.

വിവാദമൊഴിയാതെ സായിബാബയും

ഇന്ത്യയിലും വിദേശത്തുമായി കോടിക്കണക്കിന് ഭക്തന്‍മ്മാരുണ്ടായിരുന്ന, സത്യസായിബാബക്കെതിരെയും വന്‍ വിവാദങ്ങളാണ് ഉണ്ടായിരുന്നു. 2002 ജനുവരിയില്‍ ഡെന്മാര്‍ക്ക് ടി.വി 'സെഡ്യൂസ്ഡ് ബൈ സായിബാബ' എന്ന പേരില്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ ബാബ നടത്തിയ 'അത്ഭുത'പ്രവര്‍ത്തികള്‍ വ്യാജമാണെന്ന് തെളിവുസഹിതം വിശദീകരിയ്ക്കുകയുണ്ടായി. ഇതേ ഡോക്യുമെന്ററിയിലാണ് ബാബയുടെ മുന്‍ ഭക്തനായ ആലയ റാം, പുട്ടപര്‍ത്തിയിലെ ആശ്രമം സന്ദര്‍ശിച്ച തന്നെ ബാബ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് വെളിപ്പെടുത്തി. ഈ വിവാദത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍വരെ പ്രമേയം വന്നു. 2004ല്‍ ബി.ബി.സി. 'ദി സീക്രട്ട് സ്വാമി' എന്ന പേരില്‍ ഒരു ഡോക്യുമെന്ററി നിര്‍മ്മിയ്ക്കുകയുണ്ടായി. ആലയ റാമിന്റെ വെളിപ്പെടുത്തലുകളായിരുന്നു ഈ ഡോക്യുമെന്ററിയുടെ പ്രധാന വിഷയം. ബാബയുടെ മറ്റൊരു മുന്‍ ഭക്തനായ മാര്‍ക്ക് റോച്ചേയ്ക്കൊപ്പമാണ് ആലയ റാം ഈ ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെട്ടത്. ആലയ റാമിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് റോച്ചേയും അഭിപ്രായപ്പെട്ടു. പക്ഷേ ഇതിലൊന്നും കാര്യമായ അന്വേഷം പോലും നടന്നില്ല.

1993 ജൂണ്‍ ആറിന് പുട്ടപര്‍ത്തിയിലെ ആശ്രമത്തിലുണ്ടായ വെടിവെപ്പ് ലോകത്തെ നടുക്കിയിരുന്നു. ആയുധധാരികളായ നാലുപേര്‍ ബാബയുടെ പ്രധാന ആശ്രമമായ പ്രശാന്തി നിലയത്തിലെ അദ്ദേഹത്തിന്റെ കിടപ്പുമുറിയിലേയ്ക്ക് അതിക്രമിച്ചുകയറുകയും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെടുകയും ചെയ്തു. വധശ്രമത്തില്‍ നിന്ന് ബാബ രക്ഷപ്പെട്ടു. അംഗങ്ങള്‍ക്കിടയില്‍ തന്നെയുണ്ടായ അധികാരത്തര്‍ക്കമോ വധശ്രമമോ ആയിരുന്നു അതിക്രമിച്ചുകയറിയവരുടെ ലക്ഷ്യം എന്ന് പറയപ്പെടുന്നു. ബാബയുടെ രണ്ട് സഹായികളും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ അന്വേഷണത്തോട് സഹകരിയ്ക്കാന്‍ ബാബയോ മറ്റ് സഹപ്രവര്‍ത്തകരോ തയ്യാറായില്ല. അതിനാല്‍, ഇപ്പോഴും ഈ സംഭവത്തില്‍ വ്യക്തത വന്നിട്ടില്ല എന്നാണ് ബിബിസിയെപ്പോലെ ആധികാരികമായ ഒരു മാധ്യമം എഴുതുന്നത്.

ബാപ്പുവും ഗുര്‍മീതും

ഇന്ത്യയിലെ ആള്‍ദൈവങ്ങള്‍ നടത്തിയ ക്രിമിനില്‍ പ്രവര്‍ത്തനങ്ങളുടെ പട്ടിക നീണ്ടതാണ്. അതില്‍ ഏറ്റവും പ്രധാനിയാണ് ബലാത്സഗക്കേസില്‍ അറസ്റ്റിലായ സന്ത് ആശാറാം ബാപ്പു. യഥാര്‍ത്ഥനാമം അസുമല്‍ സിരുമലാനി ഹര്‍പലാനി. ഇന്ത്യയിലും വിദേശത്തുമായി 425 ആശ്രമങ്ങള്‍. 50 -ലേറെ ഗുരുകുലങ്ങള്‍. ഇപ്പോള്‍ സുഖവിശ്രമം ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍. പതിനാറുവയസ്സുള്ള ഒരു ഭക്തയെ, ആ കുട്ടിയുടെ അമ്മയെ പുറത്ത് കാത്തുനിര്‍ത്തിച്ചുകൊണ്ട് ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഒരു കാലത്ത് രണ്ടു കോടിയില്‍പ്പരം അനുയായികളുണ്ടായിരുന്ന ഈ ആള്‍ദൈവം. ബലാത്സംഗക്കുറ്റത്തിന് പുറമെ നിരവധി കൊലപാതകക്കേസുകളും ആസാറാമിന് മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്.

ഭക്തി വ്യവസായംകൊണ്ട് കോടികളുടെ ആസ്തി സ്വന്തമാക്കുകയും ഭരണാധിപന്മാരെ കൈപ്പിടിയില്‍ ഒതുക്കിനിര്‍ത്തുകയും ചെയ്ത ഒരു പക്ക ക്രിമിനലാലാണ് ആസാറാം ബാപ്പു. പീഡനക്കേസിലെ സാക്ഷികള്‍ പലപ്പോഴായി ആക്രമിക്കപ്പെട്ടു. മൂന്നുപേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന് നേരിടേണ്ടിവന്നത് നിരന്തര ഭീഷണികള്‍. അസാറാമിന് ജാമ്യം നല്‍കാതിരുന്ന ജഡ്ജിക്ക് വധഭീഷണി നേരിടേണ്ടിവന്നു. 2013 മുതല്‍ ജയിലിലായിരുന്നെങ്കിലും 10,000 കോടിയിലധികം രൂപയുടെ സ്വത്തുക്കളും ലക്ഷക്കണക്കിന് അനുയായികളുമുള്ള ആത്മീയസാമ്രാജ്യം അതിശക്തമായി നിലനിന്നു.

അതുപോലെയാണ് ഗുര്‍മീത് റാം റഹീം സിങ്ങിന്റെയും അവസ്ഥ. 'ദേരാ സച്ചാ സൗദാ' എന്ന ഒരു കള്‍ട്ടിന്റെ ആരാധ്യപുരുഷനായിരുന്നു ഏറെക്കാലം ഗുര്‍മീത്. നിരവധി ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള ഒരു സന്നദ്ധ സംഘടനയായിരുന്നു ദേരാ സച്ചാ സൗദയുടെ മാനവിക മുഖം. മുംബൈയിലെ നിര്‍മല്‍ ലൈഫ് സ്റ്റൈല്‍ മാളില്‍ വെച്ച് ഗുര്‍മീത്തിന്റെ അംഗരക്ഷകരില്‍ ഒരാള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ട കേസാണ് ആദ്യമുണ്ടാകുന്ന വിവാദം. എന്നാല്‍, ഈ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ ആരും ശിക്ഷിക്കപ്പെടാതെ പോയി. ദേരാ ആശ്രമത്തില്‍ നിരവധി അനുയായികള്‍ക്കുമേല്‍ നടത്തിയ ഷണ്ഡീകരണവും വിവാദമായിരുന്നു. സിബിഐ അന്വേഷണത്തില്‍ ഗുര്‍മീത്തിനുമേല്‍ ചുമത്തപ്പെട്ട ബലാത്സംഗ ആരോപണവും തെളിഞ്ഞിരുന്നു. ഈ കേസിലും, രാമചന്ദ്ര ഛത്രപതി എന്ന പത്രാധിപരെ വെടിവെച്ചുകൊന്ന കേസിലുമായി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ട് റോത്തക്കിലെ സുനരിയാ ജയിലില്‍ കഴിയുകയാണ് ഗുര്‍മീത് ഇപ്പോള്‍.

വേശ്യാലയം നടത്തിപ്പിന് ജയിലില്‍

ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ നടത്തിയ അതിക്രമങ്ങളുടെ ലിസ്റ്റ് എടുത്താല്‍ നടുങ്ങിപ്പോവും. സ്വാമി സദാചാരിയെന്ന ആള്‍ദൈവം, ഒരു പ്രധാനമന്ത്രിയുടെ വസതിയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയെന്നുപോലും അവകാശപ്പെട്ടിരുന്നു. അവസാനം വേശ്യാലയം നടത്തിയതിന്റെ പേരിലാണ് ഇയാള്‍ ജയിലിലാവുന്നത്. മൂന്ന് കൊലപാതകങ്ങള്‍ നടത്തിയതിന് 14 വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട് ജ്ഞാന ചൈതന്യ എന്ന മറ്റൊരു ആള്‍ദൈവം. ഇദ്ദേഹത്തിന് വിദേശത്തും ഏറെ ആരാധകര്‍ ഉണ്ടായിരുന്നു. അമാന്‍ഡ വില്യംസ് എന്ന വിദേശ വനിത പറയുന്നത് മുന്‍ ജന്മത്തില്‍ തന്റെ 'ഭര്‍ത്താവ്' ആയിരുന്നുവെന്നാണ്. അതില്‍ മൂന്നുകുട്ടികളും ്ഉണ്ടെന്ന് പറഞ്ഞ് അമാന്‍ഡ പ്രശ്നമുണ്ടാക്കിയിരുന്നു.

ഹിസാറിലെ തന്റെ ആശ്രമത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 12 ഓളം അനുയായികള്‍ സ്വയം തീകൊളുത്താന്‍ ശ്രമിച്ചതോടെയാണ് സന്ത് രാംപാല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 63 കാരനായ ഗുരു 2006-ല്‍ റോഹ്തക്കില്‍ ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ജാമ്യത്തിലാണ്. ലൈംഗിക പീഡനമടക്കമുള്ള ആരോപണങ്ങളും ഇയാള്‍ നേരിടുന്നുണ്ട്. കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത് ശങ്കരാചാര്യനായ ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികളെ 2004 നവംബറില്‍ അറസ്റ്റ് ചെയ്തപ്പോഴം ഇന്ത്യ ഞെട്ടി. ക്ഷേത്ര മാനേജരായ ശങ്കരരാമനെ കൊലപ്പെടുത്തിയ കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് അദ്ദേഹം പിടിയിലായത്.

അതുപോലെ വിവാദ കഥാപാത്രമായിരുന്നു സ്വമി പ്രേമാനന്ദയും.സ്വാമി പ്രേമാനന്ദ എന്ന പ്രേം കുമാറിന്റെ വംശീയ വേരുകള്‍ ശ്രീലങ്കയിലാണ്. അവിടെ നടന്ന ആഭ്യന്തരകലാപത്തില്‍ തമിഴ് വംശജര്‍ ആക്രമിക്കപ്പെട്ടപ്പോള്‍, നാടുവിട്ടോടി ഇന്ത്യയിലേക്ക് ചേക്കേറിയതാണ് പ്രേമാനന്ദ സ്വാമികളും, ഒപ്പം കുറെ അനുയായികളും. തിരുച്ചിറപ്പള്ളിയിലെ വാടകക്കെട്ടിടത്തിലായിരുന്നു ആദ്യത്തെ ആശ്രമം. പിന്നെ അവര്‍ വളര്‍ന്നു.

1994 -ല്‍ പ്രേമാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന ഒരു യുവതി അവിടെ നിന്ന് രക്ഷപ്പെട്ടോടി, പുറത്തുവന്ന് സ്വാമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ആശ്രമത്തിലെ പ്രശ്നങ്ങള്‍ പുറംലോകമറിയുന്നത്. തന്നെ സ്വാമി നിരന്തരം ബലാത്സംഗം ചെയ്യുമായിരുന്നു എന്നും, താന്‍ ഗര്‍ഭിണിയാണ് എന്നും അവര്‍ വെളിപ്പെടുത്തി. പുതുക്കോട്ട കോടതിയില്‍ വെച്ച് നടന്ന വിചാരണയില്‍ സ്വാമിക്കുവേണ്ടി ഹാജരായത് റാം ജേഠ്മലാനി അടക്കമുള്ള സുപ്രീം കോടതിയിലെ അതിപ്രഗത്ഭരായ അഭിഭാഷകരായിരുന്നു. ബലാത്സംഗമല്ല, നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം മാത്രമായിരുന്നു എന്ന് റാം ജേഠ്മലാനി കോടതിയില്‍ വാദിച്ചു. 1997 -ല്‍ 13 ബലാത്സംഗങ്ങള്‍, രണ്ടു പെണ്‍കുട്ടികള്‍ക്കെതിരെ നടന്ന പീഡനശ്രമം, ഒരു കൊലപാതകം എന്നീ ആരോപണങ്ങളില്‍ കുറ്റക്കാരനെന്നു കണ്ടെത്തി കോടതി പ്രേമാനന്ദയെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. 2011 ഫെബ്രുവരിയില്‍ കരള്‍ രോഗം ബാധിച്ച് സ്വാമി പ്രേമാനന്ദ മരണപ്പെടുകയും ചെയ്തു.

സ്വന്തമായി ഒരു രാജ്യമുണ്ടാക്കിയ നിത്യാനന്ദ

എ രാജശേഖരന്‍ എന്ന സ്വാമി നിത്യാനന്ദയുടെ പേര് ആദ്യമായി വിവാദങ്ങളുടെ നിഴലില്‍ പെടുന്നത് സ്വാമിയുടെ ധ്യാനപീഠം ആശ്രമത്തില്‍ നിന്ന് പുറത്തുവന്ന ചില അശ്ലീല വീഡിയോകളുടെ പേരിലാണ്. സിനിമാ നടി രഞ്ജിതയായിരുന്നു സ്വാമിയോടൊപ്പം വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇരുവരും വീഡിയോ വ്യാജമാണ് എന്ന നിലപാട് സ്വീകരിച്ചെങ്കിലും, സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ മറിച്ചായിരുന്നു. നിത്യാനന്ദസ്വാമിയുടെ ഏറ്റവും അടുത്ത ശിഷ്യയായിരുന്നു ആരതി റാവു. അഞ്ചുവര്‍ഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താന്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവര്‍ തുറന്നുപറഞ്ഞു. ഈ കാലയളവില്‍ സ്വാമി നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി പറഞ്ഞു. ഇതേതുടര്‍ന്ന് പൊലീസ് തേടിക്കൊണ്ടിരിക്കേ നിത്യാനന്ദ വിദേശത്തേക്ക് കടന്നു. പിന്നെ സ്വന്തമായി ഒരു രാജ്യം ഉണ്ടാക്കിയ നിത്യാന്ദയെയാണ്, ലോകം കാണുന്നത്.

നിത്യാനന്ദയുടെ ഹിന്ദു രാഷ്ട്രം, റിപ്പബ്ലിക് ഓഫ് കൈലാസ എന്നാണ് അറിയപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ വേദിയില്‍ കൈലാസത്തിന്റെ പ്രതിനിധി പ്രത്യക്ഷപ്പെട്ടതും ഞെട്ടിച്ചിരുന്നു. നിത്യാനന്ദയുടെ കൈലാസം എവിടെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല. രാജ്യത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടില്ല. എന്നാല്‍ കൈലാസത്തിന് വെര്‍ച്വല്‍ സാന്നിധ്യമുണ്ട്. നിത്യാനന്ദ ഇക്വഡോറില്‍ നിന്ന് ഒരു ദ്വീപ് വാങ്ങിയതായി പറയപ്പെടുന്നു. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയിലെ ഒരു ദ്വീപാണ് ഇതെന്നാണ് കരുതുന്നത്. തന്റെ രാജ്യം സ്ഥാപിക്കാന്‍ ഇയാള്‍ ഉപയോഗിച്ച വഴി ഇതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഈ ദ്വീപ് ഒരു ഹിന്ദു രാഷ്ട്രമായും ഇയാള്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്വന്തം രാജ്യത്ത് ഹിന്ദു മതം ആചരിക്കുവാനുള്ള അവകാശം നഷ്ടപ്പെട്ടവരാണ് ഇത് സ്ഥാപിച്ചതെന്നാണ് രാജ്യത്തിന്റെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. കൈലാസ രാഷ്ട്രത്തിലെ രണ്ട് ബില്യണ്‍ ഹിന്ദുക്കളെ താന്‍ പ്രതിനിധീകരിക്കുന്നതായി ആള്‍ദൈവം അവകാശപ്പെടുന്നു.

കൈലാസത്തില്‍ ഋഷഭധ്വജം എന്നൊരു പതാകയുണ്ട്. പതാകയില്‍ ശിവന്റെ വാഹനമായ കാളയും നിത്യാനന്ദയും ഉണ്ട്. ആരാധനാലയങ്ങളിലും ഓഫീസുകളിലും കാറുകളിലും അവരുടെ വസതികളിലും നിത്യാനന്ദയുടെ അനുയായികള്‍ക്ക് പതാക ഉപയോഗിക്കാം. അതുമാത്രമല്ല കൈലാസയ്ക്ക് ഒരു ദേശീയ ഗാനവും സ്വന്തം കറന്‍സിയും റിസര്‍വ് ബാങ്കും ഉണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വാണിജ്യം, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് തുടങ്ങിയ ഭരണ വകുപ്പുകളെല്ലാം ഉള്ള ഒരു സമ്പൂര്‍ണ്ണ രാജ്യമാണത്രെ ഇത്!

കേരളത്തെ നടുക്കിയ സന്തോഷ് മാധവന്‍

പ്രബുദ്ധമെന്ന് പറയപ്പെട്ടിരുന്ന കേരളത്തിലും, ചെറുതും വലതുമായി ആള്‍ദൈവങ്ങള്‍ക്കും, മന്ത്രിച്ചൂതിയ വെള്ളം വില്‍ക്കുന്ന തങ്ങള്‍മാര്‍ക്കും, തുപ്പന്‍ ബാബമാര്‍ക്കും, ജിന്നുമ്മമാര്‍ക്കും യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ല. അത്ഭുത ശാന്തി ശുശ്രൂഷകളുമായി ക്രിസ്റ്റ്യന്‍ പാസ്റ്റമാരും ഇവിടെ സുലഭമാണ്.

ഇന്ന് ഒരുപാട് സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശ്രദ്ധേയയായ മാതാ അമൃതാന്ദമയിപോലും, ഒരുകാലത്ത് വിവാദ നായികയായിരുന്നു. കൊല്ലത്തെ, തുള്ളല്‍ക്കാരി സുധാമണിയില്‍നിന്ന് അമൃതാനന്ദമയിയിലേക്കുള്ള അവരുടെ യാത്രയില്‍ ലൈംഗിക ആരോപണങ്ങളും, ദരൂഹമരണ വിവാദങ്ങളുമൊക്കെ ഉണ്ടായിട്ടുണ്ട്. അമൃതാനന്ദമയീ മഠത്തില്‍, ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നുവെന്ന് മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ് വെല്‍ തന്റെ 'പുണ്യ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്' എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ പുസ്തകവും, ലോകവ്യാപകമായി വിവാദകൊടുങ്കാറ്റ് ഉയര്‍ത്തി.

പക്ഷേ കേരളത്തിലെ ഏറ്റവും വിവാദ ഗോഡ് മാന്‍ സന്തോഷ് മാധവനാണ്. 2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങള്‍ തട്ടിയെന്ന് ആരോപിച്ച് വിദേശ മലയാളി ആദ്യം പരാതി നല്‍കി. നഗ്നപൂജയെന്ന പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അടക്കം സന്തോഷ് മാധവന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും പരാതി ഉയര്‍ന്നു. ഇയാളുടെ ഫ്ലാറ്റില്‍നിന്നു ലഹരിവസ്തുക്കളും കടുവാത്തോലും പിടിച്ചെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സിഡികള്‍ ഉള്‍പ്പെടെ കണ്ടെടുത്തതു കേസില്‍ നിര്‍ണായക തെളിവായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്തോഷ് മാധവന് വിഐപി പരിഗണന ലഭിച്ചതും വിവാദമായി. ജയിലിലും 'പൂജാരി'യാകാന്‍ ഇയാള്‍ ശ്രമിച്ചു. ആയുധ കള്ളക്കടത്ത് കേസില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്ന രാജ്യാന്തര കുറ്റവാളി പട്ടികയിലും സന്തോഷ് മാധവന്റെ പേരുണ്ടായിരുന്നു. ഈയിടെയാണ് ഹൃദ്രോഗത്തെ തുടര്‍ന്ന് സന്തോഷ് മരിച്ചത്.

വാല്‍ക്കഷ്ണം: അതായത് സന്തോഷ് മാധാവന്‍ തൊട്ട് ഭോലെ ബാബവരെയുള്ളവരുടെ മോഡസ് ഓപ്പറന്‍ഡി പരിശോധിച്ചാല്‍ അത് ഒരേ രീതിയിലാണ്. വിശ്വാസ ചൂഷണത്തില്‍നിന്ന് കുതറിച്ചാടാനുള്ള അവബോധം ജനങ്ങളിലേക്ക് ആരും എത്തിക്കുന്നില്ല.