- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദം നിലച്ചതില്‍ മാനസിക സമ്മര്‍ദം; ഷിനിയെ വെടിവെച്ചത് സുജിത്തിനുള്ള ഷോക്ക് ട്രീറ്റ്മെന്റ്: ദീപ്തി എത്തിയത് ഒരുവര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍
തിരുവനന്തപുരം: ഡോ. ദീപ്തി നാഷനല്‍ ഹെല്‍ത്ത് മിഷന് ഉദ്യോഗസ്ഥ ഷിനിയെ എയര്‍ഗണ്‍ കൊണ്ടു വെടിവെച്ചു കൊല്ലാനെത്തിയത് ഒരു വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍. മാസങ്ങളോളം ഇവരുടെ വീടും പരിസരവും എല്ലാം ഡോ. ദീപ്തി നിരീക്ഷിച്ചു പോന്നു. ഇതിനു ശേഷമാണ് എങ്ങനെ ഇവരുടെ വീട്ടിലെത്താമെന്നതിന് പദ്ധതി തയ്യാറാക്കിയത്. പതിവായി ഷിനിയുടെ വീട്ടില്‍ കുറിയര്‍ സര്‍വീസുകാര്‍ എത്തുമെന്ന് മനസ്സിലാക്കിയതോടെയാണ് കുറിയര്‍ ജീവനക്കാരിയുടെ വേഷം തിരഞ്ഞെടുത്തത്.
ഷിനിയുടെ ഭര്‍ത്താവുമായുണ്ടായിരുന്ന സൗഹൃദം മുറിഞ്ഞതാണ് കോട്ടയം നട്ടാശ്ശേരി വെട്ടിക്കാട്ടില്‍ ഡോ. ദീപ്തിമോള്‍ ജോസി(37)നെ പ്രകോപിതയാക്കിയത്. അതിനാല്‍ സുജിത്തിനുള്ള ഷോക്ക് ട്രീറ്റ്മെന്റായാണ് ഷിനിയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സുജീത്തും ദീപ്തിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പി.ആര്.ഒ. ആയിരുന്ന സുജീത്ത് ഇവിടെവെച്ചാണ് ദീപ്തിയുമായി സൗഹൃദത്തിലാകുന്നത്. എന്നാല്‍ സുജീത്ത് ഇവരുമായി അകന്ന്, വിദേശത്ത് ജോലി നേടി പോവുകയായിരുന്നു. പിന്നീട് സൗഹൃദം നിലനിര്‍ത്താന്‍ ദീപ്തി ശ്രമിച്ചെങ്കിലും സുജീത്ത് വഴങ്ങിയില്ല. ഇതിലുള്ള മാനസികവിഷമമാണ് ആക്രമണത്തിലേക്കു നയിച്ചതെന്ന് പോലിസ് പറയുന്നു.
അടുത്ത സൗഹൃദം നഷ്ടപ്പെട്ടത് ദീപ്തിയെ മാനസികസമ്മര്‍ദത്തിലാക്കിയതായാണ് പോലീസ് കണ്ടെത്തല്‍. ഷിനിയെ ആക്രമിച്ച കേസില്‍ ചൊവ്വാഴ്ച വൈകീട്ടാണ് വഞ്ചിയൂര്‍ പോലീസ് ഡോ. ദീപ്തിയെ ജോലി ചെയ്തിരുന്ന ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ദീപ്തി മുഖംമറച്ച് പെരുന്താന്നി ചെമ്പകശ്ശേരിയിലെ വീട്ടിലെത്തി ഗൃഹനാഥ ഷിനിയെ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് വെടിവെച്ചത്. ആക്രമണത്തില്‍ ഷിനിയുടെ കൈപ്പത്തിക്കു പരിക്കേറ്റു. ആക്രമണം ചെറുക്കുന്നതിനിടെ മൂന്നാമത്തെ പെല്ലറ്റ് വലതു കൈവെള്ളയില്‍ തുളഞ്ഞു കയറിയാണ് ഷിനിക്കു പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഷിനി ആശുപത്രിവിട്ടു.
കൊല്ലത്ത് ഡോക്ടറായ ഭര്‍ത്താവിനൊപ്പം ക്വര്‍ട്ടേഴ്സില്‍ താമസിക്കുന്ന ദീപ്തി ആയൂരിലെ വീട്ടില്‍നിന്ന് ഭര്‍തൃപിതാവിന്റെ കാര്‍ എടുത്താണ് ഷിനിയുടെ വീട്ടില്‍ എത്തിയത്. കൃത്യം നടത്തിയ ശേഷം കാര്‍ തിരികെ എത്തിച്ച ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് എത്തുകയായിരുന്നു. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസമായിരുന്നു തുടക്കം മുതല്‍ ദീപ്തിയില്‍ ഉണ്ടായിരുന്നത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ കാറിന്റെ ദൃശ്യങ്ങളും സൈബര്‍ സെല്‍ വഴി ലഭിച്ച വിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ദീപ്തി കുടുങ്ങിയത്.
ഷിനിയെ വേദനിപ്പിച്ചാല്‍ സുജീത്തിനു കടുത്ത മാനസികാഘാതമാകുമെന്ന് വിലയിരുത്തിയാണ് ദീപ്തി ആക്രമണത്തിന് പദ്ധതിയിട്ടത്. ഒരുവര്‍ഷം മുന്‍പുതന്നെ ആക്രമണത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല. അന്ന് പെരുന്താന്നി ചെമ്പകശ്ശേരിയിലെത്തിയെങ്കിലും മടങ്ങിപ്പോയി. പിന്നീട് പലതവണ ആലോചിച്ചശേഷമാണ് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിനു പദ്ധതിയിട്ടത്. ഷിനിയുടെ വീട്ടില്‍ എത്താന്‍ ദീപ്തി ഉപയോഗിച്ച കാര്‍ ഭര്‍ത്താവിന്റെ ആയൂരിലെ വീട്ടില്‍നിന്നു പൊലീസ് കണ്ടെത്തി.
ഷിനിയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഓണ്‍ലൈന്‍ വഴിയാണ് ദീപ്തി വാങ്ങിയതെന്നും കണ്ടെത്തി. കൊല്ലത്തുനിന്നു മാറി എറണാകുളത്തെ ആശുപത്രിയില്‍ ജോലിനോക്കുന്ന സമയത്താണ് വ്യാജ നമ്പര്‍പ്ലേറ്റ് തയ്യാറാക്കിയത്. യുട്യൂബില്‍ വീഡിയോകളും സിനിമകളും കണ്ടാണ് എയര്‍പിസ്റ്റള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് തയ്യാറെടുത്തത്. നേരത്തേതന്നെ സുജീത്തിന്റെ വീടും പരിസരവും കൃത്യമായി അറിയാമായിരുന്നതിനാല്‍ എളുപ്പത്തിലെത്തി ആക്രമണം നടത്തി രക്ഷപ്പെടാനുമായി.
പള്‍മനോളജിയില്‍ എം.ഡി. നേടിയശേഷം പലയിടത്തും ജോലിചെയ്ത ദീപ്തി ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ക്രിട്ടിക്കല്‍കെയര്‍ സ്പെഷ്യലിസ്റ്റായി ജോലിനോക്കുകയാണ്. ദീപ്തിയുടെ ഭര്‍ത്താവും ഡോക്ടറാണ്. ഇരുന്നൂറോളം ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ദീപ്തി സഞ്ചരിച്ച കാര്‍ കൊല്ലത്ത് എത്തിയതായി കണ്ടെത്തിയത്. ആക്രമണത്തിനിരയായ ഷിനിയുടെ കുടുംബാംഗങ്ങളെയും ഭര്‍ത്താവ് സുജീത്തിനെയും പോലീസ് ചോദ്യംചെയ്തിരുന്നു. സുജീത്തില്‍ നിന്നാണ് ഡോ. ദീപ്തിയുടെ പങ്കിനെക്കുറിച്ചുള്ള സംശയങ്ങള്‍ ലഭിച്ചത്. ഇവരുടെ ഫോണ്‍ രേഖകളും വഞ്ചിയൂര്‍ സി.ഐ. ഷാനിസ് എച്ച്.എസിന്റെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു. കൊലപാതകശ്രമത്തിനും അനുവാദമില്ലാതെ ആയുധം കൈവശംവെച്ചതിനുമാണ് കേസ്. ഡോക്ടറെ കോടതി റിമാന്‍ഡ് ചെയ്തു.
ദീപ്തിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തി സൈബര്‍ സെല്‍ പരിശോധിച്ചിരുന്നു. ഷിനി, ഭര്‍ത്താവ് സുജീത് എന്നിവരുടെ ഫോണ്‍ കോളുകളും പരിശോധിച്ചതില്‍നിന്ന് വനിതാ ഡോക്ടറുമായി ഇവര്‍ക്കു മുന്‍പരിചയമുണ്ടെന്നു മനസ്സിലാക്കി. എന്‍എച്ച്എം ഉദ്യോഗസ്ഥയായ ഷിനി വീട്ടിലുള്ള ദിവസമായതിനാലാണ് ഞായറാഴ്ച ആക്രമണത്തിനു തിരഞ്ഞെടുത്തത്.