കൊച്ചി: സൈബര്‍ തട്ടിപ്പിന് ഇരായായ കഥ വിശദീകരിച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. രണ്ട് ദിവസം വെര്‍ച്വല്‍ കസ്റ്റഡിയില്‍ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാന്‍ പണം നല്‍കി എന്ന പ്രചാരണം തെറ്റാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. കോടതി മുറിയും സുപ്രീംകോടതി ഉത്തരവുമെല്ലാം വ്യാജമായുണ്ടാക്കിയായിരുന്നു തട്ടിപ്പ്. അതുകൊണ്ട് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരമിക്കല്‍ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് മറച്ചു വയ്ക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടും തട്ടിപ്പിനെ കുറിച്ച് സാധാരണക്കാര്‍ പോലും ബോധവാന്മാരാകണമെന്നും ഉള്ളത് കൊണ്ടാണ് പരാതി നല്‍കിയതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസവും ലോക പരിചയവുമുള്ള താന്‍ പോലും വഞ്ചിക്കപ്പെട്ടു. സുപ്രിംകോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന നിര്‍ദ്ദേശമാണ് പാലിച്ചത്. ഇതൊന്നും വ്യാജമാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

നരേഷ് ഗോയല്‍ കള്ളപ്പണ ഇടപാടില്‍ തനിക്ക് ബന്ധമുണ്ട് എന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. സിബിഐ, സുപ്രിംകോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകള്‍ തട്ടിപ്പുകാര്‍ വാട്‌സാപ്പിലൂടെ കൈമാറിയെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.ഗീവര്‍ഗീസ് മാര്‍കൂറിലോസിന്റെ അക്കൗണ്ടില്‍ നിന്ന് 15,01,186/ രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ അടിച്ചുമാറ്റിയത്. ഔദ്യോഗിക സ്ഥാനമൊഴിഞ്ഞ ശേഷം ആനിക്കാട് സെയ്ന്റ് ഗ്രിഗോറിയോസ് ദയറയില്‍ താമസിക്കുന്ന ഇദ്ദേഹത്തെ സി.ബി.ഐയില്‍ നിന്നെന്ന വ്യാജേന ചിലര്‍ ഫോണില്‍ ബന്ധപ്പെട്ടു.

മുംബെയിലെ നരേഷ് ഗോയല്‍ എന്ന ആള്‍ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ കൂറിലോസിന്റെ പേരും ഉണ്ടെന്ന് അറിയിച്ചു. ഇത് വ്യക്തമാക്കുന്ന ചില വ്യാജ രേഖകള്‍ കാട്ടുകയും ഓണ്‍ലൈന്‍ മാര്‍ഗം ആഗസ്ത് രണ്ടിന് ജുഡീഷ്യല്‍ വിചാരണ നടത്തുകയും ചെയ്തു. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ പിഴ അടക്കാന്‍ ആവശ്യപ്പെട്ടു. ഇതിനായി തട്ടിപ്പുസംഘം അവരുടെ സ്വകാര്യ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി. തുടര്‍ന്ന് മുന്‍ മെത്രാപ്പോലീത്തയുടെ അക്കൗണ്ടില്‍ നിന്ന് രണ്ട് ദിവസങ്ങളിലായി 15,01,186 രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് കീഴ് വായ്പൂര് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാന്‍ പണം നല്‍കി എന്ന പ്രചാരണം തെറ്റാണെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. സിബിഐ, സുപ്രീംകോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകള്‍ തട്ടിപ്പുകാര്‍ വാട്‌സാപ്പിലൂടെ കൈമാറിയെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറയുന്നു. താന്‍ ഡിജിറ്റല്‍ കസ്റ്റഡിയിലെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. തന്റെ അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യും എന്നും അറിയിച്ചു. തന്റെ അക്കൗണ്ടിലെ മുഴുവന്‍ തുകയും തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തു. കൂടാതെ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മറ്റൊരു വൈദികന്റെ അക്കൗണ്ടില്‍ നിന്നും കൈമാറ്റം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ ആയിരുന്നു തട്ടിപ്പ് നടത്തിയത്. തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടപ്പോഴാണ് തനിക്ക് സംശയം തോന്നിയതെന്നും സിബിഐയുടെയും സുപ്രീംകോടതിയുടെയും വ്യാജ ചിഹ്നങ്ങള്‍ തട്ടിപ്പുകാര്‍ അയച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കഴിഞ്ഞ ശേഷം സിബിഐ ഉദ്യോഗസ്ഥനായ ഒരാള്‍ രണ്ടു ലക്ഷം കൈക്കൂലി പോലെ ചോദിച്ചു. ഇതില്‍ നിന്നാണ് സംശയം തോന്നിയത്. ഇതോടെ പരിചയമുള്ള അഭിഭാഷകനോട് കാര്യങ്ങള്‍ പങ്കുവച്ചു. അപ്പോഴാണ് സമാന തട്ടിപ്പ് മുമ്പും നടന്നുവെന്ന് മനസ്സിലായതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ്' പറഞ്ഞു.

തട്ടിപ്പിനിരയായ പലരും ജാള്യത കൊണ്ട് പൊലീസിനെ അറിയിക്കാറില്ല. താന്‍ വിരമിച്ചപ്പോള്‍ കിട്ടിയ പണവും സമ്മാനങ്ങളുമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. സുപ്രീം കോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണം എന്നാണ് തട്ടിപ്പുകാര്‍ അറിയിച്ചത്. ഇക്കാരണത്തിലാണ് പണം തട്ടിപ്പുകാര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്' എന്നും ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.