തിരുവനന്തപുരം: പുതിയ ധനകാര്യ സെക്രട്ടറിയായി കെ ആര്‍ ജ്യോതിലാല്‍ എത്തിയേക്കും. ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ കേന്ദ്ര ഡെപ്യൂട്ടേഷന്‍ വാങ്ങി പോകുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പുതിയ ധനസെക്രട്ടറിയ്ക്ക് വമ്പന്‍ വെല്ലുവിളികളെ നേരിടേണ്ടി വരും. ഇതിനൊപ്പം അഗര്‍വാളിന്റെ ഡല്‍ഹിയിലേക്കുള്ള മാറ്റവും അതിനിര്‍ണ്ണായകമാണ് കേരളത്തിന്.

കേന്ദ്ര സഹകരണ മന്ത്രാലയത്തിലേക്കാണ് രബീന്ദ്ര കുമാര്‍ അഗര്‍വാള്‍ പോകുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രത്യേക താല്‍പ്പര്യമാണ് ഇതിന് കാരണം. കേരളത്തിലെ സഹകരണ മേഖലയിലേക്ക് ആഴ്ന്നിറങ്ങാന്‍ അമിത് ഷാ പദ്ധതിയിടുന്നുണ്ട്. കരുവന്നൂരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തൃശൂരിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂല തരംഗമായി. ഇത് സുരേഷ് ഗോപിയുടെ വിജയത്തിനും കാരണമായി. ഈ സഹാചര്യത്തില്‍ കേരളത്തിലെ ധനസെക്രട്ടറിയെ തന്നെ അമിത് ഷാ ഡല്‍ഹിയിലേക്ക് കൊണ്ടു പോവുകായണ്. സാമ്പത്തിക പ്രതിസന്ധിയിലായ കേരളത്തിനെ കൂടുതല്‍ ആഴങ്ങളിലേക്ക് ഇതു കൊണ്ടു ചെന്നെത്തിക്കും.

കേരളത്തിലെ സഹകരണ മേഖലയില്‍ വലിയ ക്രമക്കേടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. ഇതിലേക്ക് അന്വേഷണം കൊണ്ടു പോകാനും ആലോചനയുണ്ട്. ഇതിനിടെയാണ് കേരളാ കേഡറിലെ പ്രമുഖന് തന്നെ കേന്ദ്ര സഹകരണ വകുപ്പില്‍ താക്കോല്‍ സ്ഥാനം നല്‍കുന്നത്. സഹകരണത്തില്‍ പിടിമുറുക്കി കേരളത്തില്‍ വോട്ടുയര്‍ത്തുകയാണ് ബിജെപി ലക്ഷ്യം. അതുകൊണ്ട് അഗര്‍വാളിന്റെ ഡല്‍ഹിയാത്ര രാഷ്ട്രീയ പ്രാധാന്യമുള്ളതാകുന്നത്.

ഇതിനിടെ പുതിയ ധന സെക്രട്ടറി ആര് എന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ധനക്കമ്മി, കേന്ദ്രവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, പുത്തന്‍ ധനാഗമ മാര്‍ഗങ്ങള്‍, വരാന്‍ പോകുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും തദ്ദേശ ഭരണ തെരഞ്ഞെടുപ്പും പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള സഹായം തുടങ്ങി നിരവധി വെല്ലുവിളികളാണു പുതിയ ധനകാര്യ സെക്രട്ടറിക്കു മുന്നിലുള്ളത്. പിണറായി സര്‍ക്കാരിന് ഏറ്റവും താല്‍പ്പര്യമുള്ള വ്യക്തിയാകും ഈ പദവിയില്‍ എത്തുക.

കേന്ദ്ര സര്‍ക്കാരുമായി നേരിട്ടു ബന്ധമുള്ള നിരവധി വിഷയങ്ങളില്‍തീരുമാനമെടുക്കാനും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരിഹാരം കാണാനും ശേഷിയുള്ള ഉദ്യോഗസ്ഥനായിരിക്കും നിയമനത്തില്‍ മുന്‍ഗണന ലഭിക്കുക. പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ചുമതല നല്‍കാനാണ് സാധ്യത. ധനവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മില്‍ ചില 'ഈഗോ പ്രശ്‌നവും' ഉണ്ട്. ഇത് കൈകാര്യം ചെയ്യാനും ജ്യോതിലാലിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

ഡോ. രാജന്‍ ഖൊബ്രഗഡെ, ടിങ്കു ബിസ്വാള്‍, ശര്‍മ്മിള മേരി ജോസഫ് എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാറിനും സാധ്യത ഏറെയാണ്. കേന്ദ്രത്തിലും കേരളത്തിലും പല ചുമതലകളും വഹിച്ച് പ്രാപ്തി തെളിയിച്ചിട്ടുള്ള പുനീത് കുമാര്‍ ഇപ്പോള്‍ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. ഈ തീരുമാനത്തിലും നിര്‍ണ്ണായകമാകുക മുഖ്യമന്ത്രിയുടെ മനസ്സാകും.

നിരവധി നിര്‍ണ്ണായക പദവികള്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍വ്വഹിച്ച വ്യക്തിയാണ് ജ്യോതിലാല്‍. മുഖ്യമന്ത്രിയുമായുള്ള അടുപ്പം ധനസെക്രട്ടറിയായുള്ള ജ്യോതിലാലിന്റെ നിയമനമാകുമെന്നും വിലയിരുത്തലുണ്ട്.