കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെതിരെ പോലീസ് അതിവേഗ കുറ്റപത്രം നല്‍കും. പ്രിന്‍സിപ്പല്‍ കുറ്റം ചെയ്തതായി പോലീസ് നിലപാട് എടുത്തു കഴിഞ്ഞു. അതിനിടെ ഈ തീരുമാനത്തില്‍ സിപിഎം നേതാക്കളില്‍ ചിലര്‍ക്ക് അടക്കം അമര്‍ഷമുണ്ട്. സര്‍ക്കാരിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവാദമായി ഇതുമാറുമെന്നാണ് അവരുടെ വിലയിരുത്തല്‍.

മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തുവെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന് വെള്ളിയാഴ്ച പോലീസ് നോട്ടീസ് നല്‍കി. അതേസമയം പ്രിന്‍സിപ്പലിനെ മര്‍ദിച്ചെന്ന കേസില്‍ പ്രതികളായ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയില്ല. ഇത് വിവാദമായിട്ടുണ്ട്. സിസിടിവി ദൃശ്യത്തില്‍ പ്രിന്‍സിപ്പളിനെ മര്‍ദ്ദിക്കുന്നതാണ് ഉള്ളത്. എന്നാല്‍ പോലീസ് മറിച്ചാണ് തീരുമാനം എടുക്കുന്നത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ടുകേസുകളാണ് സ്റ്റേഷനിലുള്ളത്. ഒന്ന് പ്രിന്‍സിപ്പലിനും രണ്ടാമത്തേത് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് എതിരേയുള്ളതും. ഇതില്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പോലീസ് നടപടികളെടുക്കുന്നില്ല. പ്രിന്‍സിപ്പല്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമുണ്ടാകുമോ എന്ന ചിന്ത സിപിഎമ്മിലെ ചില നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. പോലീസ് നടപടി അനാവശ്യമാണെന്നും പറയുന്നു.

എസ്.എഫ്.ഐയുടെ ഏരിയ പ്രസിഡന്റ് അഭിനവിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് പ്രിന്‍സിപ്പലിനെതിരെ പോലീസ് നടപടിയിലേക്ക് കടന്നിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന് പിന്നാലെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടന്നു. ഇതിനെതിരേ പ്രിന്‍സിപ്പല്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ഇത്തരത്തില്‍ നോട്ടീസ് നല്‍കി വിട്ടയക്കാറുണ്ട്.

കണ്ടാലറിയാവുന്ന നാലുപേര്‍ അടക്കം പതിനഞ്ചുപേര്‍ക്കെതിരേ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. ഇവരുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസെടുക്കല്‍ എളുപ്പമാണ്. പക്ഷേ പോലീസ് ചെയ്യുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം ഗുരുദേവ കോളേജില്‍ നടക്കുന്നത്. ഇതില്‍ പോലീസിന് പലവിധ സമ്മര്‍ദ്ദം ഉണ്ടായി എന്നാണ് ആരോപണം.

സെക്രട്ടറിയേറ്റിലെ ഉന്നതന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രിന്‍സിപ്പലിനെതിരെ മാത്രം കേസെടുക്കാന്‍ കാരണമായതെന്ന വിലയിരുത്തലുമുണ്ട്. എസ് എന്‍ ഡി പിയെ പ്രകോപിപ്പിക്കാന്‍ കൂടിയാണ് ഈ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈഴവ വോട്ടുകള്‍ സിപിഎമ്മില്‍ നിന്നും വിട്ടുപോയിരുന്നു. സിപിഎം അവലോകനത്തില്‍ അടക്കം ഇത് ചര്‍ച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എസ് എന്‍ ഡി പി കോളേജിലെ പ്രിന്‍സിപ്പളിനെതിരായ കേസും ചര്‍ച്ചയാക്കുന്നത്.

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന വിലയിരുത്തലും സജീവമാണ്. വെള്ളാപ്പള്ളിയാണ് കോളേജിന്റെ ചെയര്‍മാന്‍.