കൊച്ചി: ഒന്നരക്കോടിയോളം രൂപ ഖജനാവില്‍നിന്ന് സര്‍ക്കാര്‍ ചെലവിട്ടിട്ട് ഉണ്ടാക്കിയ ഒരു റിപ്പോര്‍ട്ട്, നാലരവര്‍ഷമായി പൊതുജനം അറിയാതെ പുഴ്ത്തിവെക്കണമെങ്കില്‍ അതില്‍ എന്ത് ബോംബായിരിക്കും ഉണ്ടായിരിക്കുക? ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചതോടെ വലിയ പൊട്ടിത്തെറി ഭയന്ന് കഴിയുകയാണ് മലയാള സിനിമാലോകം. സിനിമാമേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുള്‍ ഹക്കീം കഴിഞ്ഞ ദിവസം ഉത്തരവിട്ടിരിക്കയാണ്. എന്നാല്‍ വിന്‍സന്‍ എം പോള്‍ വിവരാവകാശം കമ്മീഷണര്‍ ആയിരിക്കേ, ഇത് പുറത്തവിടാന്‍ ആവില്ല എന്ന നിലപാടാണ് എടുത്തത്. സ്വകാര്യവിവരങ്ങള്‍ ഒഴിവാക്കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാണ് കമ്മിഷന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. 25നകം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാണ് നിര്‍ദേശം. 26-ന് സാംസ്‌കാരിക വകുപ്പിന്റെ നടപടി കമ്മിഷന് റിപ്പോര്‍ട്ട് ചെയ്യണം. ഉത്തരവ് നടപ്പാക്കിയെന്ന് വകുപ്പ് സെക്രട്ടറി ഉറപ്പാക്കണം. റിപ്പോര്‍ട്ട് കൈമാറിയില്ലെങ്കില്‍ 27-ന് സാംസ്‌കാരികവിഭാഗം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നേരിട്ട് കമ്മിഷനു മുന്നില്‍ ഹാജരാകണം. സര്‍ക്കാരിനു വേണമെങ്കില്‍ വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാകും.

റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിച്ച സര്‍ക്കാരിനേറ്റ കനത്തപ്രഹരമാണ് വിധി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുപിന്നാലെ സിനിമാമേഖലയിലെ സ്ത്രീസംഘടനകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ രൂപവത്കരിച്ചത്. 2019 ഡിസംബര്‍ 31 ഹേമകമീഷന്‍ 295 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അത് ഇതുവരെയും പുറത്തുവിട്ടിരുന്നില്ല.

ജസ്റ്റിസ് ഹേമ, നടി ശാരദ, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍. കമ്മീഷനുവേണ്ടി വേണ്ടി മൊത്തം ഒരു കോടി 60ലക്ഷത്തോളം രൂപയും ചെലവായി വ്യക്തിഗത വിവരങ്ങളുള്ളതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന നിലപാടാണ് തുടക്കംമുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ നിലപാട് തള്ളുന്നതാണ് കമ്മിഷന്റെ വിധി.

ലൈംഗിക ചൂഷണം ഞെട്ടിപ്പിക്കുന്നത്

എന്നാല്‍ പ്രമുഖരുടെ നേതൃത്വത്തിലുള്ള ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്ന് ആരോപണമുണ്ട്. ഹേമാ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ കമ്മീഷന്റെ കണ്ടെത്തലുകളില്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്റ്റിങ്് വിത്ത് ബെഡ്, കാസ്റ്റിങ്് കൗച്ച് എന്നിവ മലയാള സിനിമയിലും വ്യാപകമാണെന്ന് റിപ്പോര്‍ട്ടിലുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

സിനിമ മേഖലയിലെ സ്ത്രീകള്‍ കടുത്ത ചൂഷണത്തിന് ഇരകളാവുന്നുവെന്ന മൊഴി റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നു. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റി കൊടുക്കണമെന്ന സാഹചര്യം ഉണ്ട്. ലൈംഗികാതിക്രമത്തിനെതിരെ പൊലീസില്‍ പരാതിപ്പെടാന്‍ പോലും സ്ത്രീകള്‍ തയ്യാറാവുന്നില്ല. ചിത്രീകരണ സ്ഥലത്ത് ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാവാറില്ല. അതിക്രമങ്ങള്‍ക്കൊപ്പം അശ്ലീല പദപ്രയോഗങ്ങളും സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്നു. അപ്രഖ്യാപിത വിലക്കുകളുണ്ട്. സിനിമയില്‍ പ്രത്യേക ലോബി പ്രവര്‍ത്തിക്കുന്നു. അവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. സിനിമയില്‍ അവസരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ലോബിയാണ് തീരുമാനിക്കുന്നത്. പ്രമുഖ നടീനടന്‍മാരും വിലക്ക് നേരിടുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നതും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. രണ്ടു പ്രമുഖ നടിമാര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പച്ചയായി കമ്മീഷനോട് പറഞ്ഞിരുന്നു. അത്് അതേപടി പുറത്തുവന്നാല്‍ വലിയ ഭൂകമ്പമാണ് ഉണ്ടാവുകയെന്നാണ് സിനിമ വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന.

റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ശക്തമായി ആവശ്യപ്പെട്ടത് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി.) ആയിരുന്നു. ആരെയും സമൂഹമധ്യത്തില്‍ അപമാനിക്കാനോ റിപ്പോര്‍ട്ടില്‍ പറഞ്ഞ പേരുകളെച്ചൊല്ലി വിവാദമുണ്ടാക്കാനോ വേണ്ടിയല്ല ഈ ആവശ്യം ഉയര്‍ത്തിയതെന്നാണ് കമ്മിഷന്റെ ഉത്തരവ് വന്നതോടെ ഡബ്ല്യു.സി.സി.യുടെ നിലപാട്.

റിപ്പോര്‍ട്ടില്‍ പറഞ്ഞ പേരുകള്‍ പുറത്തുവരുന്നതിനോട് യോജിപ്പില്ലെന്നും അതല്ല ലക്ഷ്യമെന്നും ഡബ്ല്യു.സി.സി.യുടെ പ്രധാനപ്പെട്ട പ്രവര്‍ത്തകരിലൊരാളായ നടി രേവതി പറഞ്ഞു."മൊഴികളുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നത് അതിന്റെ സത്യസന്ധതയെക്കുറിച്ചുള്ള സംശയങ്ങളുയര്‍ത്താനേ സഹായിക്കൂ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുള്‍പ്പെടെ നല്‍കിയ പരാതികള്‍ പരിശോധിച്ച് സിനിമാമേഖലയിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണുവേണ്ടത്. ലൈംഗിക പീഡനത്തെക്കുറിച്ചു മാത്രമല്ല, സെറ്റുകളില്‍ പേടി കൂടാതെ ശൗചാലയം ഉപയോഗിക്കാനും രാത്രിയാത്ര സുരക്ഷിതമാക്കാനുമുള്ള ആവശ്യങ്ങളും ഉന്നയിച്ചിരുന്നു." -രേവതി പറയുന്നു. എന്തായാലും പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ ഏറെ ആശങ്കയോടെയാണ് കാര്യങ്ങള്‍ നോക്കിക്കാണുന്നത്.