മുംബൈ: വിവാദ ട്രെയിനി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തോക്ക് ചൂണ്ടുന്ന വീഡിയോ വൈറലായതോടെ പൂജയുടെ അമ്മയ്ക്കും പണി കിട്ടി. തോക്ക് വീഡിയോ വൈറലായതിനെ തുടര്‍ന്ന് വിവാദ ട്രെയിനി ഐഎഎസ് ഓഫീസര്‍ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറിനെ കസ്റ്റഡിയിലെടുത്തു. വീഡിയോയില്‍ മനോരമ തോക്ക് ചൂണ്ടുന്നത് വ്യക്തമായതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു.

തോക്ക് കാട്ടി കര്‍ഷകരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മനോരമയ്ക്കും മറ്റ് ആറുപേര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മഹാരാഷ്ട്ര റായ്ഗഡ് ജില്ലയിലെ മഹാദില്‍ നിന്നാണ് മനോരമയെ അറസ്റ്റ് ചെയ്തതെന്ന് പൂനെ റൂറല്‍ പോലീസ് എസ്പി പങ്കജ് ദേശ്മുഖ് സ്ഥിരീകരിച്ചു.

കേസിനാസ്പദമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മനോരമ ഖേദ്കര്‍ അയല്‍ക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്നതിനിടയില്‍ ഒരാളുടെ മുഖത്ത് പിസ്റ്റള്‍ വീശി ആക്രോശിക്കുന്നത് വീഡിയോയില്‍ കാണാം. വിരമിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പൂജയുടെ പിതാവ് ദിലീപ് ഖേദ്കര്‍ വാങ്ങിയ ഭൂമിയെച്ചൊല്ലിയാണ് തര്‍ക്കം. ഖേദ്കര്‍ അയല്‍ കര്‍ഷകരുടെ ഭൂമി കൈയേറിയതായി പ്രദേശവാസികള്‍ അവകാശപ്പെട്ടിരുന്നു.

മനോരമ ഖേദ്കറിന്റെ കൈയ്യിലുണ്ടായ തോക്കിന് സാധുവായ ലൈസന്‍സ് ഉണ്ടോ എന്നതുള്‍പ്പെടെ, സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിക്കാന്‍ പൂനെ റൂറല്‍ പോലീസ് കഴിഞ്ഞ ആഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

2023 ബാച്ച് ഐഎഎസ് ഓഫീസറായ പൂജ ഖേദ്കര്‍, പൂനെയില്‍ പോസ്റ്റ് ചെയ്യുന്നതിനിടെ പ്രത്യേക ഓഫീസും ഔദ്യോഗിക കാറും വേണമെന്നാവശ്യപ്പെട്ടിരുന്നു. കൂടാതെ ട്രെയിനി ഓഫീസര്‍മാര്‍ക്ക് അര്‍ഹതയില്ലാത്ത സൗകര്യങ്ങളും പ്രയോജനപ്പെടുത്തി. പൂജ ഓടിച്ച, സ്വകാര്യ കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഓഡി കാറില്‍ 'മഹാരാഷ്ട്ര സര്‍ക്കാര്‍' എന്ന ബോര്‍ഡും ചുവപ്പ്-നീല നിറത്തിലുള്ള ബീക്കണും ഉപയോഗിച്ചിരുന്നു. വാഹനത്തിന്റെ ഫോട്ടോകള്‍ വൈറലായതോടെയാണ് പൂജയ്ക്ക് നേരെ മാധ്യമനിരീക്ഷണം ആരംഭിച്ചത്.

പിന്നീടങ്ങോട്ട് വിവാദങ്ങളുടെ പരമ്പരയായിരുന്നു. പരീക്ഷയെഴുതാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ശാരീരിക വൈകല്യങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ആനുകുല്യം ഉപയോഗപ്പെടുത്തിയെന്നാണ് പൂജയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍.

അതിനിടെ അന്വേഷണം നേരിടുന്ന പ്രബേഷനിലുള്ള ഓഫിസര്‍ പൂജ ഖേദ്കറോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പുണെ പൊലീസും നിര്‍ദേശിച്ചിട്ടുണ്ട്. പുണെ ജില്ലാ കലക്ടര്‍ക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നല്‍കിയിരുന്നു. മൊഴിയെടുക്കാനാണ് പൂജയോട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. പരിശീലനം മതിയാക്കി മസൂറിയിലെ ഐഎഎസ് അക്കാദമിയില്‍ തിരികെയെത്താന്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുണെ ജില്ലാ കലക്ടര്‍ക്കെതിരെ മാനസിക പീഡനത്തിന് പൂജ പരാതി നല്‍കിയത്.

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂജയെ പുണെയില്‍നിന്നു വിദര്‍ഭയിലേക്കു സ്ഥലംമാറ്റിയത്. പ്രത്യേക ക്യാബിനും ജീവനക്കാരും വേണമെന്ന് ആവശ്യപ്പെടുകയും സ്വകാര്യ ആഡംബരക്കാറില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിക്കുകയും ചെയ്‌തെന്ന് കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

കോടികളുടെ സ്വത്ത് ഉണ്ടായിട്ടും ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ പൂജ, കാഴ്ചവൈകല്യത്തിന് കൃത്രിമ രേഖയുണ്ടാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എല്ലിനു ബലക്ഷയം ചൂണ്ടിക്കാട്ടി ശാരീരിക വൈകല്യമുണ്ടെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. പൂജയ്‌ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം പുരോഗമിക്കുകയാണ്.