കൊച്ചി: ചൊവ്വാഴ്ച നടത്താനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റുമ്പോള്‍ സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെ അടുപ്പിക്കാന്‍ ശ്രമം. വൈസ് പ്രസിഡന്റ് ജഗദീഷ് ഇതിന് മുന്‍കൈ എടുക്കും. ഡബ്ല്യൂസിസിയുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിനും പ്രശ്‌നമില്ല. കൂടാതെ ജനറല്‍ ബോഡി യോഗം ഉടന്‍ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ ആയതിനാല്‍ എക്‌സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറല്‍ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്ന നിലപാടിലാണ് മോഹന്‍ലാലും. ഇതിനിടെയാണ് ഡബ്ല്യൂസിസിയെ കൂടി ചേര്‍ത്ത് നിര്‍ത്തി മുമ്പോട്ട് പോകാന്‍ അമ്മയുടെ നീക്കം സജീവമാകുന്നത്. ജഗദീഷിനെ വനിതാ കൂട്ടായ്മയും അംഗീകരിക്കുന്നുണ്ട്. ജഗദീഷിന്റെ നിലപാടാണ് മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന് ഡബ്ല്യൂസിസിയിലെ മുതിര്‍ന്ന അംഗം മറുനാടനോട് പറഞ്ഞു.

അമ്മ സംഘടനയില്‍ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവര്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണം. വേട്ടക്കാരുടെ പേരുകള്‍ പുറത്തുവരികയും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. മലയാള ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് അമ്മ കരുതലോടെ തീരുമാനം എടുക്കുന്നത്.

ാന്‍ സാധ്യത. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്. മുകേഷ് എം എല്‍ എ അടക്കമുള്ള പ്രമുഖ നടന്മാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയസൂര്യ, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ഇടവേള ബാബു എന്നിവരെല്ലാം ആരോപണ നിഴലിലാണ്. പോലീസ് അന്വേഷണം വന്നാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും വന്നേക്കാം. ഒരു സൂപ്പര്‍ താരത്തിനെതിരേയും മൊഴി വരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം അമ്മ ഗൗരവത്തോടെയാണ് കാണുന്നത്.

അമ്മ യോഗം മാറ്റിയതും വലിയ ചര്‍ച്ചയാണ്. അതിനിടെ യോഗത്തില്‍ നേരിട്ടു പങ്കെടുക്കണമെന്ന് മോഹന്‍ലാല്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കൂടി സൗകര്യാര്‍ഥം യോഗം മാറ്റിയിരിക്കുന്നത് എന്നു സംഘടനയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. അടുത്ത എക്‌സിക്യൂട്ടീവില്‍ മോഹന്‍ലാല്‍ രാജിവയ്ക്കുമെന്നാണ് സൂചന.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനുശേഷം, ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തുകയും അമ്മയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രതിസ്ഥാനത്തുള്ളവരെ അമ്മ സംരക്ഷിക്കില്ലെന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. ഇതു കഴിഞ്ഞ് രണ്ടാം ദിവസം സിദ്ദിഖിന് ജനറല്‍ സെക്രട്ടറി പദവി രാജി വയ്‌ക്കേണ്ടി വന്നു. ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല. സിദ്ദിഖിന് പകരക്കാരനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സംഘടനയ്ക്ക് മുന്‍പാകെയുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കിടയിലും അമ്മയിലെ അംഗങ്ങള്‍ക്കിടയിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള വൈസ് പ്രസിഡന്റ് ജഗദീഷും സിപിഐ ആഭിമുഖ്യമുള്ള മറ്റൊരു വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചവരാണ്.